ഗോൾഡൻ വീസ അവതരിപ്പിച്ച് ഇന്തൊനീഷ്യ; പ്രത്യേക നിബന്ധന
Mail This Article
ജക്കാർത്ത ∙ ഗോൾഡൻ വീസ അവതരിപ്പിച്ച് ഇന്തൊനീഷ്യ. വിദേശ നിക്ഷേപകരെയും സംരംഭകരെയും ലക്ഷ്യം വച്ചാണ് രാജ്യം പുതിയ ഗോൾഡൻ വീസ പദ്ധതിയുമായ് എത്തിയിരിക്കുന്നത്. ഇതുവഴി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കൂടുതൽ ശക്തമാക്കും. അഞ്ച് വർഷത്തെ വീസ, പത്ത് വർഷത്തെ വീസ എന്നിങ്ങനെ രണ്ട് പ്രധാന ഓപ്ഷനുകളാണ് ഗോൾഡൻ വീസയ്ക്ക് കീഴിലുള്ളത്. ഓരോ വീസയ്ക്കും പ്രത്യേക നിബന്ധനകളുണ്ട്.
പദ്ധതിയുടെ പരീക്ഷണ ഘട്ടം കഴിഞ്ഞ വർഷം ആരംഭിച്ചിരുന്നു. പരീക്ഷണഘട്ടത്തിൽ ഏകദേശം 300 അപേക്ഷകർക്കാണ് രാജ്യം ഗോൾഡൻ വീസ അനുവദിച്ചത്. ഇതുവഴി 123 ദശലക്ഷം ഡോളർ നിക്ഷേപം നേടിയതായ് ഇന്തൊനീഷ്യയുടെ ഇമിഗ്രേഷൻ ഏജൻസി മേധാവി സിൽമി കരീം പറഞ്ഞു.
അഞ്ച് വർഷത്തെ വീസ ലഭിക്കുന്നതിന് വ്യക്തിഗത നിക്ഷേപകർ കുറഞ്ഞത് 2.5 മില്യൻ ഡോളർ മൂല്യമുള്ള ഒരു കമ്പനി സ്ഥാപിക്കണം. പത്തുവർഷത്തെ വീസയ്ക്ക് 5 മില്യൻ ഡോളർ മൂല്യമുള്ള കമ്പനിയാണ് ആവശ്യം. രാജ്യത്ത് കമ്പനി സ്ഥാപിക്കാൻ താൽപ്പര്യമില്ലാത്തവർക്ക്, ഇന്തൊനീഷ്യൻ സർക്കാരിന്റെ ബോണ്ടുകൾ, പൊതുമേഖല സ്ഥാപനങ്ങളുടെ സ്റ്റോക്കുകൾ തുടങ്ങിയവയിൽ നിക്ഷേപം നടത്താം. 350,000 ഡോളർ നിക്ഷേപിച്ചുകൊണ്ട് അഞ്ച് വർഷത്തെ പെർമിറ്റും 700,000 ഡോളർ നിക്ഷേപിച്ചുകൊണ്ട് പത്ത് വർഷത്തെ പെർമിറ്റും നേടാം.
വ്യക്തിഗത നിക്ഷേപകരിൽ നിന്ന് വ്യത്യസ്തമായ് കോർപ്പറേറ്റ് നിക്ഷേപകർക്ക് പ്രത്യേക മാനദണ്ഡങ്ങളുണ്ട്. ഡയറക്ടർമാർക്കും കമ്മിഷണർമാർക്കും അഞ്ച് വർഷത്തെ വീസ ഉറപ്പാക്കാൻ കമ്പനികൾ 25 മില്യൻ ഡോളർ നിക്ഷേപിക്കണം. പത്ത് വർഷത്തെ വീസ ലഭിക്കുന്നതിനായ് 50 മില്യൻ ഡോളർ നിക്ഷേപം ആവശ്യമാണ്.
സമാനമായ നിക്ഷേപ വീസ സ്കീമുകൾ പല രാജ്യങ്ങളിലും ലഭ്യമാണ്. അതേസമയം ഇത്തരം വീസകൾ മെച്ചപ്പെട്ട തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ലെന്നും കൂടാതെ ഊഹക്കച്ചവടങ്ങളിലേക്ക് നയിക്കുന്നു എന്നും ചൂണ്ടിക്കാട്ടി കാനഡ, ബ്രിട്ടൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങൾ ഈ പ്രോഗ്രാമുകൾ അടുത്തിടെ നിർത്തലാക്കി.