വീസ ഇളവുകളുമായി വിയറ്റ്നാം; വിനോദസഞ്ചാര മേഖലയ്ക്ക് പ്രോത്സാഹനം
Mail This Article
ഹനോയ് ∙ വിവിധ രാജ്യങ്ങളിലെ പൗരന്മാർക്ക് വീസ രഹിത പ്രവേശനം വാഗ്ദാനം ചെയ്യാനൊരുങ്ങി വിയറ്റ്‌നാം. രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയെ ശക്തമാക്കാനായാണ് ഈ നീക്കം. ഇതിനായ് വിയറ്റ്‌നാം പ്രധാനമന്ത്രി ഫാം മിൻ ചിൻ പൊതു സുരക്ഷ, വിദേശകാര്യ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകിട്ടുണ്ട്.
2024 അവസാനത്തോടെ 18 ദശലക്ഷം രാജ്യാന്തര വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് വിയറ്റ്നാം ലക്ഷ്യമിടുന്നത്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ 8.8 ദശലക്ഷം സഞ്ചാരികൾ എത്തിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. നിലവിൽ എല്ലാ രാജ്യങ്ങളിലെയും പൗരന്മാർക്ക് മൂന്ന് മാസത്തെ ടൂറിസ്റ്റ് വീസയാണ് വിയറ്റ്നാം നൽകുന്നത്. 2023 ഓഗസ്റ്റ് മുതൽ, ജർമനി, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ, യുകെ, റഷ്യ, ജപ്പാൻ, ദക്ഷിണ കൊറിയ, തുടങ്ങിയ 13 രാജ്യങ്ങളിലെ പൗരന്മാർക്ക് വീസ രഹിത താമസം 45 ദിവസത്തേക്ക് നീട്ടിയിരുന്നു.
നിലവിൽ, വിയറ്റ്നാം 25 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കാണ് വീസ ഇളവുകൾ വാഗ്ദാനം ചെയ്യുന്നത്. അയൽരാജ്യങ്ങളായ മലേഷ്യയും സിംഗപ്പൂരും 162 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, ഫിലിപ്പൈൻസ് 157 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും, തായ്‌ലൻഡ് 93 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്കും വീസ രഹിത പ്രവേശനം അനുവദിക്കുന്നുണ്ട്. മറ്റ് തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ അവരുടെ വീസ രഹിത നയങ്ങൾ വിപുലീകരിക്കുന്ന സാഹചര്യത്തിലാണ് വിയറ്റ്നാമിന്റെ പുതിയ നീക്കം. ഏതൊക്കെ രാജ്യങ്ങൾക്കാണ് വീസ ഇളവുകൾ നൽകുന്നതെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
നിലവിൽ ഇന്ത്യൻ പൗരന്മാർക്ക് വിയറ്റ്നാം സന്ദർശിക്കുന്നതിനായി വീസ നിർബന്ധമാണ്. ഓൺലൈനായി അപേക്ഷിക്കാനും വീസ ഓൺ അറൈവൽ ഓപ്ഷനുമുണ്ട്. 90 ദിവസത്തേക്കായിരിക്കും വീസ ലഭിക്കുക. സാധാരണ ടൂറിസ്റ്റ് വീസയ്ക്ക്, കുറഞ്ഞത് 15 ദിവസം മുൻപായ് അപേക്ഷിക്കണം.
ഇന്ത്യൻ ടൂറിസ്റ്റുകൾക്കുള്ള വിയറ്റ്നാം വീസയുടെ ചെലവ്
∙ സാധാരണ ഇ-വീസ
1 മാസം : 55 ഡോളർ (ഏകദേശം 4,600 രൂപ)
3 മാസം : 70 ഡോളർ (ഏകദേശം 5,800 രൂപ)
1 മാസം (മൾട്ടിപ്പിൾ എൻട്രി വീസ): 90 ഡോളർ (ഏകദേശം 7,500 രൂപ)
3 മാസം (മൾട്ടിപ്പിൾ എൻട്രി വീസ): 115 ഡോളർ (ഏകദേശം 9,600 രൂപ)
∙ 2 ദിവസത്തിനുള്ളിൽ ലഭിക്കുന്ന അടിയന്തര ഇ-വീസ
1 മാസം : 85 ഡോളർ (ഏകദേശം 7,100 രൂപ)
3 മാസം : 95 ഡോളർ (ഏകദേശം 7,900 രൂപ)
1 മാസം (മൾട്ടിപ്പിൾ എൻട്രി വീസ): 100 ഡോളർ (ഏകദേശം 8,300 രൂപ)
3 മാസം (മൾട്ടിപ്പിൾ എൻട്രി വീസ): 125 ഡോളർ (ഏകദേശം 10,500 രൂപ)
∙ 8 മണിക്കൂറിനുള്ളിൽ ലഭിക്കുന്ന അടിയന്തര ഇ-വീസ
1 മാസം : 120 ഡോളർ (ഏകദേശം 10,000 രൂപ)
3 മാസം : 175 ഡോളർ (ഏകദേശം 14,600 രൂപ)
1 മാസം (മൾട്ടിപ്പിൾ എൻട്രി വീസ): 140 ഡോളർ (ഏകദേശം 11,700 രൂപ)
3 മാസം (മൾട്ടിപ്പിൾ എൻട്രി വീസ): 185 ഡോളർ (ഏകദേശം 15,500 രൂപ)