കാണാമറയത്ത് 18 ദിനങ്ങൾ; സങ്കടത്തിരയ്ക്കപ്പുറം വിഷ്ണുവിന് ഇന്ന് 25–ാം പിറന്നാൾ
Mail This Article
അമ്പലപ്പുഴ ∙ പുന്നപ്ര പറവൂരിലെ അഭയകേന്ദ്രമായ മരിയധാമിൽ ഇന്നു വിഷ്ണു ബാബുവിന്റെ പിറന്നാൾ സദ്യ വിളമ്പുമ്പോൾ മാതാപിതാക്കളായ പറവൂർ വൃന്ദാവനത്തിൽ ബാബു കരുണാകരന്റെയും സിന്ധുവിന്റെയും മനസ്സ് സങ്കടക്കടലോരത്ത് മകനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്. ഒപ്പമുണ്ടായിരുന്നെങ്കിൽ ഇളയ മകൻ വിഷ്ണു ബാബുവിന് ഇന്ന് 25 തികയുമായിരുന്നു.
കപ്പൽ ജോലിക്കിടെ ദുരൂഹ സാഹചര്യത്തിൽ കാണാതായ വിഷ്ണു എവിടെയെന്നു പോലും അറിയാതെ 18 ദിവസമായി കുടുംബം തീരാനൊമ്പരവുമായി കഴിയുന്നു. വിഷ്ണുവിനെ കഴിഞ്ഞ 17ന് രാത്രിയാണു കാണാതാകുന്നത്. ജുലൈയിൽ വിഷ്ണു ജോലി ചെയ്ത 17 ദിവസത്തെ വേതനം കഴിഞ്ഞ ദിവസം ബാബു കരുണാകരന്റെ ബാങ്ക് അക്കൗണ്ടിൽ എത്തി. ഈ തുകകൊണ്ടാണ് ഇന്നു അന്തേവാസികൾക്ക് ഉച്ചഭക്ഷണം ഒരുക്കുന്നത്.
ഒഡീഷയിൽ നിന്നു ചൈനയിലേക്കു പോയ ഐഎസ്ഐ റസല്യൂട്ട് ചരക്കു കപ്പലിലെ ട്രയ്നി വൈപ്പറായിരുന്നു വിഷ്ണു. കപ്പൽ മലേഷ്യയ്ക്കും സിംഗപ്പൂരിനും ഇടയിലുള്ള മലാക്ക കടലിലൂടെ പോകുമ്പോഴാണു കാണാനില്ലെന്ന വിവരം അറിയുന്നത്. കാണാതായ ദിവസം വിഷ്ണു മാതാപിതാക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. മകന് എന്തു സംഭവിച്ചു എന്നറിയാൻ കഴിയാതെ ബാബുവും സിന്ധുവും തോരാത്ത കണ്ണുനീരോടെ കഴിയുന്നു. മാതാവിനെ ഡോക്ടറെ കാണിച്ചു മരുന്നു വാങ്ങണം, വീടു കുറച്ചു കൂടി വലുതാക്കണം, കാർ വാങ്ങണം തുടങ്ങി മകൻ പങ്കുവച്ച ആഗ്രഹങ്ങൾ ബാബുവിന്റെ മനസ്സിൽ തേങ്ങലായി അവശേഷിക്കുന്നു. മകനെ കണ്ടെത്തുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കാര്യമായ ഇടപെടൽ ഉണ്ടായില്ല എന്ന വിഷമവും കുടുംബത്തിനുണ്ട്.
കെ.സി.വേണുഗോപാൽ എംപി വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷം കേന്ദ്ര ഷിപ്പിങ്, വിദേശകാര്യം എന്നീ മന്ത്രിമാരുമായി ബന്ധപ്പെട്ടു. തുടർന്ന് സിംഗപ്പൂർ, മലേഷ്യ അംബാസഡർമാരുമായും കപ്പൽ കമ്പനി അധികാരികളുമായും ചർച്ച നടത്തി. മലേഷ്യൻ തീരസേന 96 മണിക്കൂർ വിഷ്ണുവിനെ കാണാതായ കടലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സിംഗപ്പൂർ പൊലീസ് കേസെടുത്തു. ഒപ്പമുണ്ടായിരുന്ന ജീവനക്കാരെ ചോദ്യം ചെയ്തു. 21ന് കപ്പൽ സിംഗപ്പൂരിൽ നിന്നു ചൈനയിലേക്ക് തിരിച്ചു. സിംഗപ്പൂരിൽ സൂക്ഷിച്ചിരിക്കുന്ന വിഷ്ണുവിന്റെ ബാഗും രേഖകളും അടുത്ത ദിവസം കപ്പൽ കമ്പനിയുടെ ചെന്നൈ ഓഫിസിൽ എത്തിക്കും.