കോടാലി മുതൽ തലയണ വരെ: യുവാവിനെ കൊലപ്പെടുത്താൻ യുവതിയും സുഹൃത്തുക്കളും ശ്രമിച്ചത് 5 വർഷം; വെളിപ്പെടുത്തൽ
Mail This Article
സിഡ്നി ∙ ഓസ്‌ട്രേലിയയിൽ യുവാവിനെ മുൻ പങ്കാളിയും സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. 2017-നും 2022-നും ഇടയിലുള്ള 5 വർഷം ജോനാഥൻ ഹാറ്റിനെതിരെ മുൻ പങ്കാളിയായ ലിസ ലൈൻസും സുഹൃത്തുക്കളും ചേർന്ന് പല തവണ കൊലപാതക ശ്രമം നടത്തിയെന്നാണ് റിപ്പോർട്ടുകൾ.
2017 ൽ അഡ്‌ലെയ്ഡ് ഹിൽസിലെ വീട്ടിലാണ് ജോനാഥൻ ഹാറ്റിനെതിരെയായ ആദ്യ കൊലപാതക ശ്രമം നടക്കുന്നത്. ലിസ ലൈൻസിന്‍റെ സുഹൃത്തായ സക്കറിയ ബ്രൂക്‌നറാണ് കോടാലി ഉപയോഗിച്ച് ജോനാഥനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചത്. സ്വയരക്ഷയ്ക്കാണ് താൻ ജോനാഥനെ കോടാലി ഉപയോഗിച്ച് ആക്രമിച്ചതെന്ന് വരുത്തി തീർക്കാനായി സക്കറിയ സ്വയം വെടിവച്ചു. സംഭവത്തെ തുടർന്ന് പൊലീസ് ആദ്യം ജോനാഥനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. പിന്നീട് നടന്ന അന്വേഷണത്തിൽ ജോനാഥൻ നിരപരാധിയാണെന്ന് പൊലീസ് കണ്ടെത്തിയതാണ് കേസിൽ നിർണായകമായത്.
വെട്ടേറ്റ ശരീരം തളർന്ന ജോനാഥൻ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വേളയിൽ ലിസ ലൈൻസും സുഹൃത്ത് ലെറ്റിഷ്യ ഫോർച്യൂണും ചേർന്ന് തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ പിടികൂടിയെങ്കിലും ഇരുവരും രക്ഷപ്പെട്ടു.
2021 ഡിസംബർ മുതൽ 2022 വരെ, ജോനാഥനെയും അമ്മ റോണ്ടയെയും കൊലപ്പെടുത്തുന്നതിനായി ഇവർ മൂന്ന് പേരും ചേർന്ന് ഗൂഢാലോചന നടത്തിയതായും പൊലീസ് കണ്ടെത്തി. 2023 നവംബറിൽ ലിസയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ മൂന്നു പേരും കുറ്റം സമ്മതിച്ചിട്ടില്ല. കേസിൽ ഫോർച്യൂണിന് ജാമ്യം ലഭിച്ചിരുന്നു. അതേസമയം ലിസയും സക്കറിയയും കസ്റ്റഡിയിൽ തുടരുകയാണ്. കേസിന്‍റെ അടുത്ത വിചാരണ ഒക്ടോബർ മൂന്നിനാണ് കോടതി നിശ്ചയിച്ചിരിക്കുന്നത്.