എയർ ഏഷ്യയുടെ ക്വാലലംപുർ സർവീസ് സൂപ്പർഹിറ്റ്; ഒരുമാസത്തിനുള്ളിൽ സർവീസ് പ്രയോജനപ്പെടുത്തിയത് 5000 പേർ
Mail This Article
കൊണ്ടോട്ടി ∙ വ്യാപാരികളും വിദ്യാർഥികളും വിനോദ സഞ്ചാരികളും ഏറ്റെടുത്തതോടെ എയർ ഏഷ്യയുടെ കോഴിക്കോട് –ക്വാലലംപുർ സർവീസ് വമ്പൻ ഹിറ്റ്. ഒരു മാസമാകുമ്പോൾ, സർവീസ് പ്രയോജനപ്പെടുത്തിയത് അയ്യായിരത്തോളം പേർ. 180 പേർക്ക് സഞ്ചരിക്കാവുന്ന എയർ ബസ് 320 വിമാനം മിക്ക ദിവസവും ഹൗസ് ഫുൾ.
കോഴിക്കോട് വിമാനത്താവളത്തിൽനിന്നു മലേഷ്യയിലെ ക്വാലലംപുരിലേക്കു നേരിട്ടുപറക്കാം എന്നു മാത്രമല്ല കണക്‌ഷൻ വിമാനങ്ങൾ വഴി ക്വാലലംപുരിൽനിന്നു ഹോങ്കോങ്, ഓസ്ട്രേലിയ, ചൈന, തായ്‌ലൻഡ്, സിംഗപ്പൂർ, ബാങ്കോക്ക്, ബ്രൂണയ് സിഡ്നി, മനില, ഇന്തൊനീഷ്യ തയ്‌വാൻ, വിയറ്റ്നാം, ജപ്പാൻ, കൊറിയ തുടങ്ങി ലോകത്തെ വിവിധ നാടുകളിലേക്കും യാത്ര ചെയ്യാം.
ക്വാലലംപുർ കേന്ദ്രീകരിച്ച് എയർ ഏഷ്യയ്ക്കു മാത്രം ഇരുപതിലേറെ രാജ്യങ്ങളിലായി എഴുപതിലേറെ വിമാനത്താവളങ്ങളിലേക്ക് സർവീസ് ഉണ്ട്. ഇതിനു പുറമേ, മറ്റു വിമാനക്കമ്പനികളുടെ സേവനംകൂടി പ്രയോജനപ്പെടുത്തിയാൽ 150 ലേറെ വിമാനത്താവളങ്ങളിലേക്ക് കണക്ടിവിറ്റി സാധ്യമാകും.
കരിപ്പൂരിൽനിന്നു ലക്ഷദ്വീപിലെ അഗത്തിയിലേക്കു സർവീസ് ആരംഭിച്ചതിനു പിന്നാലെയാണ് മലേഷ്യയിലെ ക്വാലലംപുരിലേക്കുള്ള സർവീസും തുടങ്ങിയത്. രണ്ടും കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് ആദ്യമാണ്. വിനോദ സഞ്ചാര മേഖലകളിലേക്കുള്ള ഈ സർവീസുകൾ കോഴിക്കോട് വിമാനത്താവളത്തിനു പുതിയ സാധ്യതകളാണ് തുറക്കുന്നത്. ഗൾഫ് നാടുകളിലേക്കുള്ള പ്രവാസി യാത്രക്കാർ, ഫാമിലി വീസയിലുള്ള യാത്രക്കാർ, ഹജ്, ഉംറ ഉൾപ്പെടെയുള്ള തീർഥാടകർ തുടങ്ങിയവരുടെ എണ്ണത്തിൽ മുൻനിരയിലാണ് കോഴിക്കോട് വിമാനത്താവളം. ഇനി വിനോദ സഞ്ചാരികൾക്കുകൂടി പ്രയോജനപ്പെടുത്താവുന്ന വിമാനത്താവളമായി കോഴിക്കോട് മാറുന്നതിന്റെ സൂചനകളാണ് ക്വാലലംപുർ സർവീസിനു ലഭിച്ച ജനകീയത.
∙ ടൂറിസ്റ്റ് പാക്കേജുമായി ഏജൻസികൾ
കരിപ്പൂർ വഴി മലേഷ്യ, സിംഗപ്പുർ, തായ്‌ലൻഡ് തുടങ്ങിയ ടൂറിസ്റ്റ് പാക്കേജുകളുമായി ട്രാവൽ ഏജൻസികൾ സജീവമായിക്കഴിഞ്ഞു. നിലവിൽ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ടൂറിസം, ബിസിനസ്, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി കിഴക്കനേഷ്യൻ രാജ്യങ്ങളിലേക്ക് യാത്രക്കാർ ഏറെയുണ്ട്. കേരളത്തിൽനിന്നു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലുള്ള പ്രവാസികളിൽ ഏറെയും മലബാറിൽനിന്നുള്ളവരാണ്. സർവീസ് തുടങ്ങിയപ്പോൾ ക്വാലലംപുരിലേക്കും തിരിച്ചും 8,000 രൂപ മുതൽ ടിക്കറ്റ് ലഭിച്ചിരുന്നു. പിന്നീടത് 13,000 രൂപയായി. രണ്ടാഴ്ചയായി 18,000 രൂപയാണ്. (ചില ദിവസങ്ങളിൽ നിരക്കിൽ മാറ്റമുണ്ട്). 32,000 രൂപ നിരക്കിൽ 4 പകലും 3 രാത്രിയും ഉൾപ്പെടുന്ന കോഴിക്കോട് –മലേഷ്യ പാക്കേജും ഉണ്ട്.
∙ സർവീസുകളുടെ എണ്ണം കൂട്ടിയേക്കും
ഓഗസ്റ്റ് ഒന്നിനാണ് കോഴിക്കോട് –ക്വാലലംപുർ സർവീസ് ആരംഭിച്ചത്. ആഴ്ചയിൽ 3 സർവീസുകളാണുള്ളത്. അർധരാത്രി കരിപ്പൂരിലെത്തി പുലർച്ചെ മടങ്ങുന്ന രീതിയിലാണു സമയക്രമം. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ക്വാലലംപുരിൽനിന്നു കോഴിക്കോട്ടെത്തും. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ കോഴിക്കോട്ടുനിന്നു പുറപ്പെടും.
ക്വാലലംപുരിൽനിന്നു പ്രാദേശിക സമയം രാത്രി 9.55നു പുറപ്പെടുന്ന വിമാനം രാത്രി 11.25നു കോഴിക്കോട്ടെത്തും. പുലർച്ചെ 12.10നു കോഴിക്കോട് വിമാനത്താവളത്തിൽനിന്നു പുറപ്പെട്ട് മലേഷ്യൻ സമയം രാവിലെ 7നു ക്വാലലംപുരിൽ എത്തും. സമ്മർ ഷെഡ്യൂൾ തീരുന്ന ഒക്ടോബർ 26 വരെയാണ് നിലവിൽ സർവീസ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. ശേഷം സർവീസുകളുടെ എണ്ണം കൂട്ടുമെന്നാണു പ്രതീക്ഷിക്കുന്നത്.