ന്യൂസീലൻഡ് രാജ്യാന്തര വടം വലി മത്സരത്തിൽ ക്നാനായ തെക്കൻസ് ജേതാക്കൾ
Mail This Article
ഓക്‌ലൻഡ് ∙ ഓക്‌ലൻഡ് മലയാളി സമാജം മാമാങ്കം എന്ന പേരിൽ സംഘടിപ്പിച്ച രാജ്യാന്തര വടം വലി മത്സരത്തിൽ ന്യൂസീലൻഡ് ക്നാനായ കത്തോലിക്ക അസോസിയേഷന്‍റെ തെക്കൻസ് യെലോ ടീം ജേതാക്കൾ. തുടർച്ചയായ 15-ാം കിരീടം ലക്ഷ്യമിട്ട് ന്യൂസീലൻഡിന്‍റെ മണ്ണിൽ പറന്നിറങ്ങിയ കരുത്തരായ ബ്രിസ്‌ബേൺ 7 നെ അത്യുജ്ജലമായ പോരാട്ടത്തിലൂടെ പരാജയപ്പെടുത്തിയാണ് തെക്കൻസിന്‍റെ മഞ്ഞപ്പട കിരീടം നേടിയത്.
ന്യൂസീലൻഡ് പൊലീസ് ഉൾപ്പടെ 15 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഓക്‌ലാൻഡ് റൈഡേഴ്‌സ്, മിന്നൽപ്പട നെൽസൺ എന്ന ടീമുകൾ മൂന്നൂം നാലും സ്ഥാനങ്ങൾ കരസ്ഥമാക്കി. ക്രൈസ്റ്റ്ചർച്ച്, ഹോക്സ് ബേ, റ്റരനാക്കി, ഹാമിൽട്ടൺ, വാൻഗെരെ, വെസ്റ്റ് ഓക്‌ലാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.
ഒന്നാം സമ്മാനമായ മാമാങ്കം 2024 ട്രോഫിയും 5000 ഡോളറും കരസ്ഥമാക്കിയ തെക്കൻസ് യെലോയോടൊപ്പം ക്നാനായ അസോസിയേഷന്റെ തെക്കൻസ് ബ്ലുവും തെക്കൻസ് റെഡും ടൂർണമെന്റിൽ ഉജ്വല പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി.
ടൂർണമെന്റിലെ എല്ലാ മത്സരത്തിലും വിജയിച്ചു മുന്നേറിയ തെക്കൻസ് യെലോ ന്യൂസീലൻഡ് വടംവലിയുടെ ചരിത്രത്തിൽ ഒരു പുതു ചരിതമാണ് രചിച്ചത്. മാത്യൂസ് കരിങ്കുന്നം ക്യാപ്റ്റനും ജോബി വെളിയന്നൂർ കോച്ചുമായ ടീമിൽ മാത്യൂസ് ചേർപ്പുങ്കൽ, ജോയൽ മാറിക, ബിനു കൂടല്ലൂർ, ടിൽസ് മാനന്തവാടി, സിബി ഞീഴുർ,ഡോൺ ചേർപ്പുങ്കൽ, എബി അറുനൂറ്റിമംഗലം,ജിക്കു ചേർപ്പുങ്കൽ എന്നിവരാണ് മറ്റ് ടീമംഗങ്ങൾ.
വിവിധ തരം കേരളീയ ഫുഡ് സ്റ്റാളുകളാലും കുട്ടികൾക്കായുള്ള വിനോദ പരിപാടികളാലും ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയ പരിപാടിയായിരുന്നു മാമാങ്കം.