കെസിസിഒ കൺവൻഷൻ 'പൈതൃകം' ഒക്ടോബർ 4 മുതൽ
Mail This Article
മെൽബൺ ∙ ക്നാനായ കാത്തലിക്ക് കോൺഗ്രസ് ഓഫ് ഓഷ്യാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിക്ടോറിയ ക്നാനായ കാത്തലിക്ക് കോൺഗ്രസ് ആതിഥേയത്വം വഹിക്കുന്ന അഞ്ചാമത് കൺവൻഷൻ പൈതൃകം 2024 ന്റെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. ഒക്ടോബർ 4, 5, 6 (വെള്ളി, ശനി, ഞായർ) തീയതികളിൽ മെൽബണിലെ ഗ്രേറ്റ് ഓഷ്യൻ ഡ്രൈവിലുള്ള മന്ത്രാലോൺ സ്റ്റാർ റിസോർട്ടിലാണ് കൺവൻഷന് തിരശ്ശീല ഉയരുന്നത്.
കൺവൻഷന്റെ വിജയത്തിനുവേണ്ടി സജി കുന്നുംപുറം (കെസിസിഒ പ്രസിഡന്റ്), തോമസ് സജീവ് (കൺവൻഷൻ ചെയർമാൻ), ഷോജോ തെക്കേവാലിയിൽ (കെസിസിഒ സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റി കൺവീനർമാരും അംഗങ്ങളും അടങ്ങുന്ന കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ഒക്ടോബർ 4–ാം തീയതി വെള്ളിയാഴ്ച മെൽബൺ ക്നാനായ കാത്തലിക്ക് മിഷന്റെ ഇടവക വികാരി ഫാദർ അഭിലാഷ് കണ്ണാമ്പടത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയോട് കൂടി കൺവൻഷന് തുടക്കം കുറിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കല കായിക സാംസ്കാരിക റാലി ഉൾപ്പെടെ വിവിധ പരിപാടികൾ കൺവൻഷനിൽ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ അരങ്ങേറും.
ഓഷ്യാന കമ്മറ്റിയുടെ അഞ്ചാമത് കൺവൻഷനിൽ മുഖ്യാതിഥികളായി എത്തുന്നത് ബിജു കെ.സ്റ്റീഫൻ (എസ്പി ക്രൈംബ്രാഞ്ച്, ഇടുക്കി) ഫാ. ജോബി പാറയ്ക്കചെരുവിൽ (യുഎസ്എ) എന്നിവരാണ്. ഓസ്ട്രേലിയ, ന്യൂസീലൻഡ്, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ആയിരത്തിൽപരം ക്നാനായ പ്രതിനിധികൾ പൈതൃകം 2024 കൺവൻഷനിൽ പങ്കെടുക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു.