മലേഷ്യയിലെ മലയാളി കുടുംബം ഭക്ഷ്യമേള സംഘടിപ്പിച്ചു
Mail This Article
ക്വാലലംപുർ ∙ മലേഷ്യയിലെ പ്രവാസി മലയാളി സംഘടനയായ "മലയാളി കുടുംബം" ബ്രിക്ക്ഫീൽഡ് വൈഎംസിഎ ഹാളിൽ ഊർജസ്വലവും അർഥപൂർണവുമായ കേരള ഭക്ഷ്യമേള സംഘടിപ്പിച്ചു. വയനാടിനെ നടുക്കിയ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരോടുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഫണ്ട് സമാഹരിക്കുകയുമായിരുന്നു "കനിയാം വയനാടിനായ്" എന്ന പേരിൽ സംഘടിപ്പിച്ച മേളയുടെ പ്രധാന ലക്ഷ്യം.
നിരവധി മലയാളി കുടുംബാംഗങ്ങൾ പങ്കെടുത്ത ഭക്ഷ്യമേളയിൽ കേരളത്തിന്റെ സമ്പന്നമായ പാചകപാരമ്പര്യത്തിന്റെ മികച്ചൊരു പ്രദർശനം നടന്നു. പരമ്പരാഗത കേരള വിഭവങ്ങളും ചാറ്റ് സ്റ്റാളുകളും മേളയിലുണ്ടായിരുന്നു. പാചക വിദഗ്ധരുടെ വൈദഗ്ധ്യവും ഭാവനയും നിറഞ്ഞ ഈ പരിപാടി അന്നേദിവസം പങ്കെടുത്തവർക്ക് അത്യന്തം രുചികരമായ അനുഭവം പകർന്നു.
കൊച്ചു കുട്ടികളുടെ വർണാഭമായ നൃത്തപരിപാടികളും ഗാനാലാപനവുമായിരുന്നു മേളയെ കൂടുതൽ ആകർഷകമാക്കിയത്. തങ്ങളുടെ ആവേശകരമായ പ്രകടനങ്ങളിലൂടെ കുട്ടികൾ ആഘോഷത്തിന് മാറ്റു കൂട്ടി. ഭക്ഷ്യമേളയോടനുബന്ധിച്ച് സാംസ്കാരിക പരിപാടികൾക്ക് പുറമേ മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'എയർ ഏഷ്യ' സമ്മാനിച്ച ലക്കി ഡ്രോയും സംഘടിപ്പിച്ചിരുന്നു. തങ്ങളുടെ പൈതൃകം ആഘോഷിക്കുകയും, സമൂഹത്തെ ഒത്തുചേരുവാൻ പ്രേരിപ്പിക്കുകയും ചെയ്ത മലയാളി കുടുംബത്തിന്റെ ഈ ശ്രമത്തെ നിരവധി അതിഥികൾ അഭിനന്ദിച്ചു.
വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള ധനസമാഹരണം തന്നെയായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. ഭക്ഷ്യമേളയിൽ നിന്നും ലഭിച്ച മുഴുവൻ തുക (Rs4,25,000.00)യും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) സംഭാവന ചെയ്തു. ജനങ്ങളിൽ നിന്നും സ്പോൺസർമാരിൽ നിന്നും ലഭിച്ച ഉദാരമായ സംഭാവനകൾ ദുരന്തബാധിതരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐക്യദാർഢ്യത്തിന്റെയും, കേരള സംസ്‌കാരത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും പ്രതീകമായി മലയാളി കുടുംബം സംഘടിപ്പിച്ച കേരള ഭക്ഷ്യമേള ഗംഭീര വിജയമായി.