ഇന്ത്യക്കാർക്ക് തിരിച്ചടി: ന്യൂസീലൻഡ് സന്ദർശനത്തിന് ചെലവ് കൂടും; വീസ നിരക്കിൽ വർധന
Mail This Article
വെല്ലിങ്ടൻ ∙ വീസ നിരക്കിൽ വർധനവുമായ് ന്യൂസീലൻഡ്. ഒക്ടോബർ ഒന്നു മുതലാണ് നിരക്കിൽ വർധനയുണ്ടാവുക. സന്ദർശക വീസ, സ്റ്റുഡന്റ് വീസ, വർക്കിങ് ഹോളിഡേ, വർക്ക് എക്സ്ചേഞ്ച് സ്കീമുകൾ, സ്റ്റുഡന്റ്, ട്രെയിനി വർക്ക് വീസ എന്നിവയുടെയെല്ലാം നിരക്ക് കൂടും. വീസ ഫീസ് കൂടാതെ ഇന്റർനാഷനൽ വിസിറ്റർ കൺസർവേഷൻ ആൻഡ് ടൂറിസം ലെവിയും (ഐവിഎൽ) വർധിപ്പിക്കുമെന്ന് ന്യൂസീലൻഡ് സർക്കാർ അറിയിച്ചു.
ന്യൂസീലൻഡിൽ വീസയ്‌ക്കോ ന്യൂസിലാൻഡ് ഇലക്‌ട്രോണിക് ട്രാവൽ അതോറിറ്റിയിൽ അപേക്ഷിക്കുന്ന രാജ്യാന്തര സന്ദർശകർ ഐവിഎൽ നൽകേണ്ടതുണ്ട്. ഈ നിരക്ക് റീഫണ്ട് ചെയ്യപ്പെടില്ല. യോഗ്യരായ ഒരാൾക്ക് 35 ന്യൂസീലൻഡ് ഡോളറാണ് നിലവിലെ നിരക്ക്. അതേസമയം ഒക്ടോബർ ഒന്ന് മുതൽ ഇത് 100 ന്യൂസീലൻഡ് ഡോളറായാണ് സർക്കാർ വർധിപ്പിക്കുന്നത്.
സന്ദർശക വീസ, സ്റ്റുഡന്റ് വീസ, വർക്കിങ് ഹോളിഡേ, വർക്ക് എക്സ്ചേഞ്ച് സ്കീമുകൾ, സ്റ്റുഡന്റ്, ട്രെയിനി വർക്ക് വീസ തുടങ്ങിയവയെല്ലാം വീസ ഫീസിനൊപ്പം ഐവിഎൽ ഈടാക്കുന്നുണ്ട്. വീസ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവ് വീണ്ടെടുക്കുന്നതിനാണ് വീസ നിരക്ക് സർക്കാർ വർധിപ്പിച്ചത്.