ജിമ്മിലെ ഷവറിനടിയിൽ അബോധാവസ്ഥയിൽ 15 മണിക്കൂർ; യുവ ബോഡിബിൽഡറുടെ മരണത്തിൽ അന്വേഷണം
Mail This Article
പെർത്ത് ∙ ജിമ്മിലെ ഷവറിനടിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ബോഡിബിൽഡർ ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങിയ സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. 15 മണിക്കൂറാണ് ഷവറിനുള്ളിൽ ഗ്യുലിയാനോ പിറോൺ (33) അബോധവസ്ഥയിൽ കഴിഞ്ഞത്. പെർത്തിലെ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിനിടെ സുഖമില്ലായ്മ അനുഭവപ്പെട്ട് ഷവർ ക്യുബിക്കിളിലേക്ക് ഗ്യുലിയാനോ പിറോൺ അവിടെ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു.
ഓഗസ്റ്റ് 20 നാണ് ഗ്യുലിയാനോ ഷവറിനുള്ളിൽ കുഴഞ്ഞുവീണത് . ഗ്യുലിയാനോ പിറോണിനെ കാണാതായതിനെ തുടർന്ന് കുടുംബം പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് മൊബൈൽ ഫോണിൽ നിന്നുള്ള സിഗ്നൽ ഉപയോഗിച്ചാണ് ഇയാളെ കണ്ടെത്തിയത്. കുളിമുറിയുടെ വാതിൽ തകർത്ത് അകത്ത് കടന്ന ഉദ്യോഗസ്ഥർ, രാത്രി 10.30 ഓടെ തണുത്ത വെള്ളത്തിനടിയിൽ അബോധവസ്ഥയിൽ കഴിയുന്ന ഗ്യുലിയാനോയെ കണ്ടെത്തി.
പിന്നീട് രണ്ടാഴ്ച്ചയ്ക്ക് ശേഷം ആശുപത്രിയിൽ വച്ച് ഗ്യുലിയാനോ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഗ്യുലിയാനോയെ കാണാതായി ദീർഘനേരം കഴിഞ്ഞിട്ടും ജിം അധികൃതർ അന്വേഷിക്കാത്തത് സുരക്ഷാ വീഴ്ച്ചയാണോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.
പഞ്ചസാരയുടെ അളവ് വളരെ കുറയുകയും രക്തസമ്മർദ്ദം കുറയുകയും ചെയ്തതാണ് ഇയാൾ ബോധരഹിതാകുന്നതിനുള്ള കാരണം. ഫിറ്റ്നസ് വ്യവസായത്തിന് കർശനമായ നിയന്ത്രണങ്ങൾ ആവശ്യമാണോ എന്ന് അന്വേഷിക്കാൻ ഗ്യുലിയാനോയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.