ഓസീസ് കായിക താരത്തിനെതിരെ രാജ്യാന്തര അറസ്റ്റ് വാറണ്ടുമായി ഫ്രാൻസ്
Mail This Article
പാരിസ്∙ ഫ്രാൻസിൽ തട്ടിപ്പ് നടത്തിയതിന് ഓസ്‌ട്രേലിയൻ മുൻ റഗ്ബി താരം റോക്കി എൽസോമിനെതിരെ രാജ്യാന്തര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഓസ്‌ട്രേലിയയുടെ ദേശീയ ടീമിന്‍റെ മുൻ ക്യാപ്റ്റനായ റോക്കി 2015-16 ൽ രാജ്യത്തെ ഏറ്റവും പ്രശസ്തമായ ക്ലബുകളിലൊന്നായ ആർസി നർബോണിന്‍റെ പ്രസിഡന്‍റായിരുന്നു. മൊത്തം 700,000 യൂറോ (£586,000) തട്ടിപ്പ് നടത്തിയ സംഭവത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. കോടതിയിൽ ഹാജരാകാതിരിക്കുന്നതിനാൽ റോക്കിയുടെ അസാന്നിധ്യത്തിൽ അഞ്ച് വർഷത്തെ തടവ് ശിക്ഷ വിധിച്ചതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലാണ് താൻ താമസിക്കുന്നതെന്ന് റോക്കി അടുത്തിടെ സൺഡേ ടൈംസ് പത്രത്തോട് പറഞ്ഞിരുന്നു. ഒക്ടോബർ 6-ന് പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ, ഡബ്ലിനിലെ ആൺകുട്ടികൾക്കായുള്ള സ്വകാര്യ സ്‌കൂളായ കാത്തലിക് യൂണിവേഴ്‌സിറ്റി സ്‌കൂളിലാണ് താൻ കോച്ചിങ് നടത്തുന്നത്. ഡിസംബർ വരെ നഗരത്തിൽ താമസിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാലാബീസ് എന്ന് വിളിപ്പേരുള്ള താരം 2005 നും 2011 നും ഇടയിലാണ് ഓസ്‌ട്രേലിയയുടെ ദേശീയ ടീമിനായി കളിച്ചത്. വിരമിച്ചതിന് ശേഷം അദ്ദേഹം ആർസി നർബോണിനെ വാങ്ങിയ കൺസോർഷ്യത്തിന്‍റെ ഭാഗമായി. ക്ലബിന്‍റെ പ്രസിഡന്‍റായിരുന്ന കാലത്ത് കോർപ്പറേറ്റ് സ്വത്തുക്കൾ ദുരുപയോഗം ചെയ്തതിനും വ്യാജരേഖ ചമച്ചതിനുമാണ് റോക്കി എൽസോമിനെ ഫ്രഞ്ച് കോടതി ശിക്ഷിച്ചത്