ആരാധകരുടെ 47 മില്യൻ പൗണ്ട് തട്ടിയെടുത്ത യുട്യൂബിലെ ‘മോഹസുന്ദരി’; ദേശീയഗാനം അറിയാത്തത് വിനയായി
Mail This Article
സമൂഹ മാധ്യമത്തിലെ താരപ്രഭയിൽ മറഞ്ഞിരുന്ന ഒരു വലിയ തട്ടിപ്പിന്‍റെ കഥയാണ് ഇപ്പോൾ ലോക ശ്രദ്ധ നേടുന്നത്. ആരാധകരെ വലയിൽ വീഴ്ത്തി 47 മില്യൻ പൗണ്ട് തട്ടിയെടുത്ത് രണ്ട് വർഷം ഒളിവിൽ കഴിഞ്ഞ യുട്യൂബ് താരമായിരുന്ന നഥമോണ്‍ കോംഗ്ചാക്ക് (32) പൊലീസ് പിടിയിലായി. ഇന്തൊനീഷ്യയിലെ ദ്വീപിലായിരുന്നു ഇവർ ഒളിവിൽ കഴിഞ്ഞിരുന്നത്.
∙ ആഡംബര ജീവിതത്തിന്‍റെ പിന്നിലെ രഹസ്യം
ഡിസൈനർ ബാഗുകളും, വിദേശ യാത്രകളും, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വാസവുമൊക്കെയായി ആഡംബര ജീവിതം നയിച്ചിരുന്ന നഥമോണ്‍, 'നോട്ടി നട്ടി' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഫോറിൻ എക്സ്ചേഞ്ച് ട്രേഡർ ആയിട്ടാണ് സ്വയം അവതരിപ്പിച്ചിരുന്നതെങ്കിലും ഇത് തട്ടിപ്പിനുള്ള മറ മാത്രമായിരുന്നു എന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
∙ തകരുന്ന നിക്ഷേപ പദ്ധതി
സമൂഹ മാധ്യമത്തിലെ സ്വാധീനം ഉപയോഗിച്ച് വൻ ലാഭം നൽകാമെന്ന് പ്രലോഭിപ്പിച്ച് നഥമോണ്‍ ആരംഭിച്ച നിക്ഷേപ പദ്ധതി അനേകരാണ് ചേർന്നത്. വാഗ്ദാനം പാലിക്കാൻ സാധിക്കാതെ ഈ നിക്ഷേപ പദ്ധതി തകർന്നു.
6000-ലധികം പേർ ബാങ്കോക്കിൽ പണം നഷ്ടമായിയെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകി. ഇതോടെ നഥമോണ്‍ ഒളിവിൽ പോയി.
∙ ദേശീയ ഗാനം പാടാൻ അറിയില്ല
കഴിഞ്ഞ രണ്ട് വർഷമായി ഇന്തൊനീഷ്യൻ പാസ്‌പോർട്ടിനായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്ന നഥമോണ്‍. ഇവർക്ക് ഇന്തൊനീഷ്യയുടെ ദേശീയ ഗാനം പാടാൻ അറിയില്ലെന്നത് പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടതാണ് നഥമോണിന് കുരുക്കായത്. തുടർന്ന് ഇവരുടെ പൂർവകാലം അന്വേഷിച്ച് പൊലീസ് ഇവർക്ക് ഇന്തൊനീഷ്യൻ പൗരത്വമില്ലെന്ന് കണ്ടെത്തി.
പിന്നീട് തായ്ലൻഡ് പൊലീസുമായി സഹകരിച്ച് ഇന്തൊനീഷ്യൻ പൊലീസ് സംഭവം അന്വേഷിച്ചു. തായ്ലൻഡിൽ തട്ടിപ്പ് നടത്തി മുങ്ങിയ ശേഷമാണ് ഇവർ പൗരത്വത്തിന് ശ്രമിച്ചതെന്ന് കണ്ടെത്തിയതോടെ നഥമോണിനെ ഇന്തൊനീഷ്യയിലെ സുമാത്ര ദ്വീപുസമൂഹത്തിലെ ഒരു നഗരത്തിൽ നിന്നും പൊലീസ് പിടികൂടി.
സെക്രട്ടറിയായ നിഷാപത് രത്‌നൗക്രമിനൊപ്പമാണ് ഇന്തൊനീഷ്യയിലെ ദ്വീപിലേക്ക് നഥമോണ്‍ ഒളിച്ചോടിയത്. പിന്നീട് അമ്മയും ഇവർക്കൊപ്പം ചേർന്നിരുന്നു. ഇന്തൊനീഷ്യയിൽ പിടിയിലായ നഥമോണിനെയും അമ്മയെയും തായ്ലൻഡിലെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പിലെ ഉദ്യോഗസ്ഥർ രാജ്യത്ത് തിരികെ എത്തിച്ചു. നിലവിൽ ഇരുവരെയും കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. അതേസമയം, താൻ സ്വമേധയാ തിരിച്ചു വന്നതാണെന്നാണ് നഥമോണ്‍ അവകാശപ്പെടുന്നത്.