ADVERTISEMENT

ക്വലാലംപൂർ ∙ ഇന്ത്യൻ പൗരന്മാർക്കുള്ള വീസ ഇളവ് രണ്ടു വർഷത്തേക്ക് കൂടി നീട്ടി മലേഷ്യൻ സർക്കാർ അറിയിച്ചു. വിനോദ സഞ്ചാരികൾ സന്ദർശിക്കാൻ കൂടുതലിഷ്ടപ്പെടുന്ന മുൻനിര ഏഷ്യൻ രാജ്യങ്ങളിൽപ്പെടുന്ന മലേഷ്യയിൽ കഴിഞ്ഞ വർഷമാണ് ആദ്യമായി ഇന്ത്യ, ചൈന എന്നീ രാജ്യക്കാർക്ക് വേണ്ടി ഒരു വർഷത്തേക്കുള്ള സൗജന്യ സന്ദർശക വീസസൗകര്യം ഏർപ്പെടുത്തിയത്.

2024 ഡിസംബർ 31 ന് നിലവിലെ വീസ ഇളവ് അവസാനിക്കാനിരിക്കെയാണ് 2026 ഡിസംബർ 31 വരെ പ്രസ്തുത സൗകര്യം ദീർഘിപ്പിച്ചുകൊണ്ട് പുതിയ ഉത്തരവായത്. ഇതോടെ വീണ്ടും രണ്ട് വർഷത്തേക്ക് കൂടി ഇന്ത്യക്കാർക്ക് സൗജന്യമായി മലേഷ്യ സന്ദർശിക്കാനാകും. ഡിസംബർ 20 വെള്ളിയാഴ്ച ചേർന്ന പത്രസമ്മേളനത്തിൽ മലേഷ്യയുടെ ആഭ്യന്തര സെക്രട്ടറി ജനറൽ ദത്തൂക്ക് അവാങ് അലിക് ജെമാൻ ആണ് ഇത് സംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്തിയത്.

ചിത്രം: മലേഷ്യൻ ടൂറിസം പ്രൊമോഷൻ ബോർഡ്‌
ചിത്രം: മലേഷ്യൻ ടൂറിസം പ്രൊമോഷൻ ബോർഡ്‌

നിലവിൽ നിരവധി ഇന്ത്യക്കാരാണ് മലേഷ്യൻ ടൂറിസം ആസ്വദിക്കാനായി സന്ദർശക വീസ ഇളവ് പ്രയോജനപ്പെടുത്തുന്നത്. 2023 ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ ഗവൺമെന്റിന്റെ വീസ ഉദാരവൽക്കരണ പദ്ധതിയിലൂടെ ദേശീയ സുരക്ഷ നിലനിർത്തിക്കൊണ്ട് മലേഷ്യയിലെ വിനോദസഞ്ചാരം കൂടുതൽ സൗഹൃദപരമാക്കുന്നതോടൊപ്പം രാജ്യത്തേക്ക് കൂടുതൽ നിക്ഷേപം കൊണ്ടുവരികയും, രാജ്യത്തിന്റെ സാമ്പത്തിക, ടൂറിസം മേഖലകളെ ഉത്തേജിപ്പിക്കുകയുമാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയോടൊപ്പം ചൈനയിൽ നിന്നുമുള്ള ടൂറിസ്റ്റുകൾക്കും രണ്ട് വർഷത്തേക്ക് കൂടി സൗജന്യ വീസ കാലാവധി കൂട്ടി നൽകിയിട്ടുണ്ട്.

ചിത്രം: മലേഷ്യൻ ടൂറിസം പ്രൊമോഷൻ ബോർഡ്‌
ചിത്രം: മലേഷ്യൻ ടൂറിസം പ്രൊമോഷൻ ബോർഡ്‌

വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി ദ്വീപുകളും, ചരിത്രപ്രസിദ്ധമായ സ്ഥലങ്ങളുമടക്കം മലേഷ്യയിൽ സഞ്ചാരികൾക്ക് ആസ്വദിക്കാൻ ഒട്ടനവധി ഡെസ്റ്റിനേഷനുകളുണ്ട്. തലസ്ഥാന നഗരിയായ ക്വലാലംപൂരിലെ പ്രസിദ്ധമായ 88 നിലകളുള്ള പെട്രോനാസ് ഇരട്ട ഗോപുരങ്ങളും, ലോകത്തിലെ തന്നെ ഏഴാമത്തെ ഏറ്റവും ഉയരമുള്ള ടെലികമ്മ്യൂണിക്കേഷൻ ടവറായ കെ.എൽ ടവറും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ്. ഇതിന് പുറമെ, ഏറ്റവും പ്രശസ്തമായ ഹിന്ദു ആരാധനാലയവും ഗുഹാക്ഷേത്രവുമായ 'ബത്തു കേവ് മുരുകൻ ക്ഷേത്രവും, 1800 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധ ഹിൽ സ്റ്റേഷനായ ഗെണ്ടിങ് ഹൈലാൻഡും, കേബിൾ കാർ സവാരിയുമൊക്കെ ആസ്വദിക്കാനായി ദൈനം ദിനം ആയിരക്കണക്കിന് സഞ്ചാരികളാണ് മലേഷ്യയിലെത്തുന്നത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച, രാജ്യാാന്തര തലത്തിൽ അറിയപ്പെടുന്ന മലേഷ്യയിലെ ടൂറിസ്റ്റു കേന്ദ്രമാണ് വടക്കേ സംസ്ഥാനമായ പെനാങ്. സമുദ്രനിരപ്പിൽ നിന്ന് 660 മീറ്റർ ഉയരത്തിലുള്ള ലങ്കാവിയിലെ സ്‌കൈ ബ്രിഡ്ജ് മറ്റൊരു മുഖ്യ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. നിരവധി ചരിത്ര പ്രാധാന്യമുള്ള കെട്ടിട സമുച്ഛയങ്ങൾ നിറഞ്ഞ മലാക്ക സിറ്റിയും തീർച്ചയായും സന്ദർശിക്കേണ്ട മലേഷ്യയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ്. ഇവ കൂടാതെ നൂറുകണക്കിന് കൊച്ചു ദ്വീപുകളും മലേഷ്യയിലേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു. പൊതുവെ ഭക്ഷണപ്രിയരുടെ രാജ്യമായ മലേഷ്യയിൽ ചൈനീസ്, ഇന്ത്യൻ, തായ്, മലായ്, അറബ്  തുടങ്ങി തനത് രുചിയോടെ സ്വാദിഷ്ടമായ ഭക്ഷണങ്ങളും സുലഭമാണ്. മലേഷ്യയുടെ ടൂറിസ്റ്റ് മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം വീസ ഇളവ് പ്രഖ്യാപിച്ച ശേഷം 2024 ജനുവരി മുതൽ നവംബർ വരെ പത്തുലക്ഷത്തിലധികം ഇന്ത്യൻ ടൂറിസ്റ്റുകളാണ് രാജ്യം സന്ദർശിച്ചത്. ഇത് മുൻകാല കണക്കുകളെ അപേക്ഷിച്ച് 47 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.  

ഏഷ്യയിലെ ഒരു ട്രാവൽ ഹബ് കൂടിയായ മലേഷ്യ സന്ദർശിക്കുന്നതോടൊപ്പം അയൽ രാജ്യങ്ങളായ സിംഗപ്പൂരും തായ്‌ലൻഡും ഇന്തൊനീഷ്യയും കൂടി സന്ദർശിക്കുന്ന വിധം യാത്ര പ്ലാൻ ചെയ്യുന്നവർക്ക് താരതമ്യേന മൊത്തം ചെലവിൽ ഗണ്യമായ തുക മിച്ചം നേടാനാകും. വീസ രഹിത എൻട്രിയാണെങ്കിലും ഓരോ യാത്രക്കാരനും സന്ദർശക വീസയിൽ രാജ്യത്ത് പ്രവേശിക്കുന്നതിനുള്ള മലേഷ്യൻ എമിഗ്രേഷൻ നിയമങ്ങൾ കൃത്യമായി പാലിച്ചിരിക്കണം. പഴുതടച്ച എമിഗ്രേഷൻ നടപടികളുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും പ്രവേശനാനുമതി. മടക്കയാത്രക്കുള്ള വിമാന ടിക്കറ്റും, രാജ്യത്ത് തങ്ങുന്ന മുഴുവൻ ദിവസങ്ങളിലേക്കുമുള്ള സ്ഥിരീകരിച്ച താമസ സൗകര്യങ്ങളുടെ വിവരങ്ങളും, സന്ദർശക വേളയിൽ ചിലവിടാനുള്ള പണവും മുൻകൂറായി കരുതണം. യാത്ര പുറപ്പെടുന്നതിന് രണ്ട് ദിവസം മുൻപ് മലേഷ്യൻ എമിഗ്രേഷന്റ വെബ്‌സൈറ്റിൽ യാത്രക്കാരന്റെ വിവരങ്ങൾ റജിസ്റ്റർ ചെയ്ത് ലഭിക്കുന്ന ഡിജിറ്റൽ അറൈവൽ കാർഡും നിർബന്ധമായും മേൽപ്പറഞ്ഞ രേഖകളുടെ കൂടെ എമിഗ്രെഷൻ നടപടികൾക്കായി ഹാജരാക്കണം. തിരുവനന്തപുരം, കൊച്ചി എയപർപോർട്ടുകൾക്ക് പുറമെ, കഴിഞ്ഞ ഓഗസ്റ്റ് മുതൽ കോഴിക്കോട് നിന്നും മലേഷ്യയിലേക്ക് വിമാന സർവീസ് ആരംഭിച്ചിട്ടുണ്ട്. കൊച്ചിയിൽ നിന്നും ദിവസേന വ്യത്യസ്ത എയർലൈൻസുകളിലായി അഞ്ചോളം സർവീസുകളും തിരുവനനതപുരം, കോഴിക്കോട് എയർപോർട്ടുകളിൽ നിന്നും ഒന്നിടവിട്ട ദിവസങ്ങളിൽ കുറഞ്ഞ നിരക്കിൽ എയർ ഏഷ്യയും മലേഷ്യയിലേക്ക് സർവീസ് നടത്തുന്നുണ്ട്.
(വാർത്ത: ആത്മേശൻ പച്ചാട്ട്)

English Summary:

Malaysia Extends Visa-Free Entry for Indians - Entry permit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com