ADVERTISEMENT

തിരുവനന്തപുരം∙ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ കേന്ദ്രീകരിച്ച് സൈബർ കുറ്റകൃത്യങ്ങൾ ഉൾപ്പെടുന്ന വ്യാജ ജോലികൾ വാഗ്ദാനം ചെയ്ത് പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയിൽ തൊഴിൽ അന്വേഷകർ വീഴരുതെന്ന് നോർക്കയുടെ ജാഗ്രതാ നിർദേശം. തായ്‌ലൻഡ്, കംബോഡിയ, ലാവോസ്, മ്യാൻമർ, വിയറ്റ്നാം എന്നീ രാജ്യങ്ങൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നത്.

∙തട്ടിപ്പ് എങ്ങനെ?
കോൾ സെന്‍റർ, ക്രിപ്റ്റോ കറൻസി, ബാങ്കിങ്, ഷെയർമാർക്കറ്റ്, ഹണിട്രാപ്പ്, ഓൺലൈൻ തട്ടിപ്പുകളിൽ ഏർപ്പെട്ടിരിക്കുന്ന വ്യാജ കമ്പനികളുടെ ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിങ് എക്സിക്യൂട്ടീവുകൾ അല്ലെങ്കിൽ കസ്റ്റമർ സപ്പോർട്ട് സർവീസ് പോലുള്ള തസ്തികകളിലേക്ക് സമൂഹ മാധ്യമങ്ങളിൽ പരസ്യങ്ങൾ നൽകിയും ഏജന്‍റുമാർ മുഖേനയുമാണ് തൊഴിൽ അന്വേഷകരെ കെണിയിൽ വീഴ്ത്തുന്നത്. ടെലികോളർ, ഡാറ്റ എൻട്രി തുടങ്ങിയ ജോലികൾക്കായി വലിയ ശമ്പളവും ഹോട്ടൽ ബുക്കിങ്ങും റിട്ടേൺ എയർ ടിക്കറ്റുകളും വീസ സൗകര്യവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്താണ് ഇരകളെ വീഴ്ത്തുന്നത്. വ്യാജ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഏജന്‍റുമാർ  അഭിമുഖവും ടൈപ്പിങ് ടെസ്റ്റും ഓൺലൈനായും ഓഫ് ലൈനായും നടത്തിയാണ് റിക്രൂട്ട് ചെയ്യുന്നത്.

∙പെട്ടാൽ നരകയാതന
ഇരകളെ നിയമവിരുദ്ധമായി തായ്‌ലൻഡിൽ നിന്ന് അതിർത്തി കടത്തി ലാവോസിലെ ഗോൾഡൻ ട്രയാംഗിൾ സ്പെഷൽ ഇക്കണോമിക് സോണിലും കംബോഡിയ, മ്യാൻമർ, വിയറ്റ്നാം തുടങ്ങിയ അയൽ രാജ്യങ്ങളിലും എത്തിച്ച് ബന്ദിയാക്കിയാണ് ഓൺലൈനായും ഫോൺ മുഖേനയുമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യിക്കുന്നത്. ഇതിനു പുറമേ ഖനനം, തടി ഫാക്ടറിയിലെ ജോലികൾ തുടങ്ങിയവയും ചെയ്യിക്കുന്നുണ്ട്. നിരന്തരമായ ശാരീരികവും മാനസികവുമായ പീഡനങ്ങൾക്കാണ് കെണിയിൽ വീഴുന്നവർ ഇരയാകുന്നത്. ഇത്തരത്തിൽ വളരെ ദുഷ്‌കരമായ സാഹചര്യങ്ങളിൽ ഈ രാജ്യങ്ങളിൽ കഴിഞ്ഞിരുന്ന നിരവധി പേരെ ഇന്ത്യൻ എംബസികൾ ഇടപെട്ട് രക്ഷപ്പെടുത്തിയിട്ടുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ വീസ ഓൺ അറൈവൽ തൊഴിൽ അനുവദിക്കുന്നില്ല. ഇത്തരം വീസകളിൽ എത്തുന്ന ഇന്ത്യൻ പൗരന്മാർക്ക് ഈ രാജ്യങ്ങളിലെ അധികാരികൾ വർക്ക് പെർമിറ്റും നൽകുന്നില്ല. ടൂറിസ്റ്റ് വീസ വിനോദസഞ്ചാര ആവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാവൂ. തൊഴിൽ ആവശ്യത്തിനായി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ഇന്ത്യൻ പൗരന്മാർ അംഗീകൃത ഏജന്‍റുമാർ മുഖേന മാത്രം അത് ചെയ്യണം. തൊഴിലുടമയുടെ പശ്ചാത്തലം നന്നായി പരിശോധിക്കണം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ മറ്റ് സ്ഥിരീകരിക്കാത്ത സ്രോതസ്സുകളിലൂടെയോ പ്രചരിക്കുന്ന വ്യാജ തൊഴിൽ ഓഫറുകൾ സ്വീകരിക്കരുത്. അതത് വിദേശ രാജ്യത്തെ ഇന്ത്യൻ എംബസി വഴി വിദേശ തൊഴിലുടമയുടെ വിശ്വാസ്യത പരിശോധിക്കണം. ഇന്ത്യയിലെ റിക്രൂട്ടിങ് ഏജന്‍റിനും കമ്പനിക്കും ലൈസൻസ് ഉള്ളതാണോയെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഇ-മൈഗ്രേറ്റ് പോർട്ടൽ മുഖേന പരിശോധിക്കാം.

സഹായവുമായി ഇന്ത്യൻ എംബസി
സഹായത്തിനായി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം.

തായ്‌ലൻഡ്: എമർജൻസി മൊബൈൽ നമ്പർ: +66-618819218, ഇ-മെയിൽ: cons.bangkok@mea.gov.in

കംബോഡിയ: എമർജൻസി മൊബൈൽ നമ്പർ: +855 92881676, ഇ-മെയിൽ: cons.phnompenh@mea.gov.in, visa.phnompenh@mea.gov.in

മ്യാൻമർ: മൊബൈൽ നമ്പർ: +9595419602 (WhatsApp/Viber/Signal), ഇ-മെയിൽ: cons.yangon@mea.gov.in

ലാവോസ്: എമർജൻസി മൊബൈൽ നമ്പർ: +856-2055536568, ഇ-മെയിൽ: cons.vientianne@mea.gov.in

വിയറ്റ്നാം: എമർജൻസി മൊബൈൽ നമ്പർ: +84-913089165, ഇ-മെയിൽ: cons.hanoi@mea.gov.in/pptvisa.hano

English Summary:

Norka Warns Against Fake Jobs Linked to Human Trafficking in Southeast Asia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com