മികച്ച ദീപാലങ്കാരത്തിനുള്ള നോർത്ത് ലാൻഡ് ഫിലിം ക്ലബ് പുരസ്‌കാരം മലയാളിക്ക്
Mail This Article
ഫാങ്കറൈ ∙ ഈ വർഷത്തെ ഏറ്റവും മികച്ച ദീപാലങ്കാരത്തിനുള്ള നോർത്ത് ലാൻഡ് ഫിലിം ക്ലബ് പുരസ്‌കാരം മലയാളിയായ സജി ഏലിയാസിന് ലഭിച്ചു. വിവിധ സംഘടനകൾ ചേർന്ന് സംഘടിപ്പിച്ച ഫാങ്കറൈ ക്രിസ്മസ് സായാഹ്നത്തിൽ എൻഎഫ്സി പ്രസിഡന്റ് ടോം ബ്ലാക്ക്ലോവ്സ് ആണ് വിജയിയെ പ്രഖ്യാപിച്ചത്. പ്രശസ്‌തി പത്രവും 1,000 ഡോളർ വിലമതിക്കുന്ന ഉപഹാരങ്ങളുമാണ് സമ്മാനമായി ലഭിച്ചത്. ഇവിടുത്തെ പരമ്പരാഗത ആചാരമനുസരിച്ച് ജേതാവിന്റെ വീട്ടിലെത്തിയാണ് സമ്മാനങ്ങൾ കൈമാറിയത്.
ന്യുസീലൻഡിലെ വടക്കൻ പ്രവിശ്യയാണ് നോർത്ത്‌ലാൻഡ്. ഇവിടുത്തെ ഏറ്റവും വലിയ ആഘോഷകാലമാണ് ക്രിസ്മസ്. ഫാർ നോർത്ത് കൗൺസിൽ, ഫാങ്കറൈ, കയ്പറ എന്നീ മൂന്നു ജില്ലകളായി വ്യാപിച്ചു കിടക്കുന്ന നോർത്ത് ലാൻഡിലെ തദ്ദേശീയർ ഒത്തുചേർന്നു ദീപാലങ്കാരങ്ങൾ ഒരുക്കുകയും പ്രാദേശിക സമിതികളുടെ മേൽനോട്ടത്തിൽ മത്സരവിജയികളെ നിശ്ചയിക്കുകയുമാണ് പതിവുകൾ. ഇത്തവണയും നൂറിലധികം ദീപാലങ്കാരവിസ്മയങ്ങളുമായി നോർത്ത് ലാൻഡ് അണിഞ്ഞൊരുങ്ങിയപ്പോൾ, മലയാളിയായ സജി ഏലീയാസിന്റെ നേതൃത്വത്തിൽ ഒരുക്കിയ ദീപാലങ്കാരങ്ങൾ മുൻനിരയിലേക്ക് എത്തിയത് മലയാളികൾക്ക് അഭിമാന നേട്ടമായി മാറി.
ന്യുസീലാൻഡിന്റെ ഉത്തരപ്രവിശ്യയിലെ വിവിധ മീഡിയ ക്ലബ്ബുകൾ ചേർന്നുള്ള നോർത്ത് ലാൻഡ് ഫിലിം ക്ലബ്ബിന്റെ (എൻഎഫ്സി) നേതൃത്വത്തിൽ പൊതുജനങ്ങളിൽനിന്നും നടത്തിയ സർവേയിൽ നൂറിലധികം തദ്ദേശീയ ദീപാലങ്കാരങ്ങളെ പിന്നിലാക്കിയാണ് സജിയും സുഹൃത്തുക്കളും ഒന്നാമതെത്തിയത്.