വിയറ്റ്നാമിലെ വില്ലയിൽ ബ്രിട്ടിഷ് യുവതിയെയും പ്രതിശ്രുത വരനെയും മരിച്ച നിലയിൽ കണ്ടെത്തിയത് വ്യത്യസ്ത മുറികളിൽ, ദുരൂഹത
Mail This Article
ഹോയ് ആൻ ∙ വിയറ്റ്നാമിലെ ഒരു വില്ലയിൽ ബ്രിട്ടിഷ് സോഷ്യൽ മീഡിയ മാനേജർ ഗ്രെറ്റ മേരി ഒട്ടേസൺ (33), ദക്ഷിണാഫ്രിക്കൻ പൗരനായ പ്രതിശ്രുത വരൻ ആർനോ എൽസ് ക്വിന്‍റൺ (36) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തി. ഹോയ് ആൻ സിൽവർബെൽ വില്ലയിലെ പ്രത്യേക മുറികളിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഡിസംബർ 26ന് മുറി വൃത്തിയാക്കാൻ എത്തിയ റിസോർട്ട് ജീവനക്കാരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വെയിൽസിൽ നിന്നുള്ള ഗ്രെറ്റയെ 101-ാം നമ്പർ മുറിയിലും ആർനോയെ മറ്റൊരു മുറിയിലുമാണ് കണ്ടെത്തിയത്. മോഷണം നടത്തിന്‍റെയോ ശാരീരിക ആക്രമണത്തിന്‍റെയോ ലക്ഷണങ്ങളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. മുറിയിൽ ഒഴിഞ്ഞ വൈൻ കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ പരിശോധനയ്ക്കായി അവ ശേഖരിച്ചിട്ടുണ്ട്.
"സമാധാനത്തിൽ വിശ്രമിക്കൂ സഹോദരാ. നിങ്ങൾ എന്നും ഉറ്റ സുഹൃത്തായിരുന്നു. നിങ്ങൾ എന്നെ പലതവണ രക്ഷിച്ചു. നിങ്ങൾ യഥാർഥമായിരുന്നു," ആർനോയുടെ സുഹൃത്ത് ഡെയ്ൽ വിസർ ഓൺലൈനിൽ എഴുതി. ഡിസംബർ 26ന് വിയറ്റ്നാമിൽ വച്ച് ഗ്രേറ്റ ഒട്ടേസണും ആർനോ എൽസും മരിച്ചുവെന്ന് കുടുംബ വക്താവ് എന്ന് അവകാശപ്പെടുന്ന പാം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
ഈ വർഷം ജൂലൈ 4 മുതൽ ദമ്പതികൾ വില്ലയിൽ താമസിക്കുകയായിരുന്നു. ഡിസംബറിലാണ് വിവാഹനിശ്ചയം നടന്നത്. മരണകാരണം അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
വിവാഹനിശ്ചയത്തിന്‍റെ വിഡിയോ ദമ്പതികൾ യൂട്യൂബിൽ പോസ്റ്റ് ചെയ്തിരുന്നു.