ഓടിയടുത്ത നായയുടെ നേരെ പൊലീസ് വെടിയുതിർത്തു; വെടിയുണ്ട തുളച്ചുകയറി യുവതി കൊല്ലപ്പെട്ടു
Mail This Article
ആർലിങ്ടൺ∙ പൊലീസിനു നേരെ കുരച്ച് ഓടിയടുത്ത നായയുടെ നേരെ പൊലീസ് വെടിയുതിർത്തു. തോക്കിൽ നിന്നു ചീറിപ്പാഞ്ഞ വെടിയുണ്ട മാറിൽ തുളച്ചു കയറി മുപ്പതു വയസുകാരിയായ യുവതി കൊല്ലപ്പെട്ടു.
ബോധരഹിതയായ ഒരു സ്ത്രീ സമീപത്തുള്ള പുൽത്തകിടിയിൽ കിടക്കുന്നു എന്ന വിവരം ലഭിച്ചതനുസരിച്ചാണു പൊലീസ് സംഭവസ്ഥലത്തെത്തിയത്. സ്ത്രീയെ തിരയുന്നതിനിടയിൽ നായ പൊലീസിനു നേരെ കുരച്ചു കൊണ്ട് ഓടിയടുത്തു. ഉടൻ പൊലീസ് ഉദ്യോഗസ്ഥൻ നായയുടെ നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ട തുളച്ചു കയറിയത് യുവതിയുടെ നെഞ്ചിലായിരുന്നു. ഉടൻ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെടിയേറ്റു മരിച്ച മാർഗരീറ്റ വിക്ടോറിയ ആർലിങ്ടൻ ഫയർ ക്യാപ്റ്റന്റെ മകളാണെന്ന് പിന്നീടു പൊലീസ് വെളിപ്പെടുത്തി. കൊല്ലപ്പെട്ട യുവതിയുടേതായിരുന്നു നായ. ഇവർ ബോധരഹിതയായി കിടന്നത് ഏതു സാഹചര്യത്തിലാണെന്നു പൊലീസ് അന്വേഷിക്കുകയാണ്.
വെടിവച്ച പൊലീസ് ഉദ്യോഗസ്ഥനെ അഡ്മിനിസ്ട്രേറ്റീവ് ലീവിൽ പ്രവേശിപ്പിച്ചു.