വീട്ടിൽ അതിക്രമിച്ചു കയറി വയോധികയെയും മകളെയും കൊലപ്പെടുത്തി; പ്രതിയുടെ വധശിക്ഷ നടപ്പാക്കി
Mail This Article
ടെക്സസ് ∙ അമേരിക്കയിലെ ഈ വർഷത്തെ 14–ാമത്തേയും ടെക്സസിലെ അഞ്ചാമത്തേയും വധശിക്ഷ സെപ്റ്റംബർ നാലിന് ബുധനാഴ്ച വൈകിട്ട് ഹണ്ട്‌സ്‌വില്ല ജയിലിൽ നടപ്പാക്കി.
16 വർഷം മുമ്പ് ഫോർട്ട്‌വർത്തിലുള്ള വീട്ടിലേക്ക് അതിക്രമിച്ചു കയറി 89 വയസ്സുള്ള സ്ത്രീയേയും അവരുടെ 71 വയസ്സുള്ള മകളേയും കുത്തികൊലപ്പെടുത്തി അവരുടെ കാറും കെഡ്രിറ്റ് കാർഡും കവർന്നെടുത്ത കേസ്സിലാണ് ബില്ലി ജാക്ക് ക്രറ്റ് സിംഗറിന്റെ (64) വധശിക്ഷ നടപ്പാക്കിയത്. സംഭവത്തിന്റെ മൂന്നാം ദിവസം പ്രതിയെ ഫോർട്ട്‌വർത്തിൽ നിന്നും 300 മൈൽ അകലെയുള്ള ഗാൽവസ്റ്റൻ ബാറിൽ നിന്നുമാണ് പൊലീസ് പിടികൂടിയത്.
വധശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി നിരസിച്ച ഉടനെ തന്നെ വധശിക്ഷ നടപ്പാക്കുകയായിരുന്നു. 5.55ന് സുപ്രിം കോടതി പെറ്റീഷൻ തള്ളിയതിനെ തുടർന്ന് 6.30നാണ് വിഷമിശ്രിതം ഉപയോഗിച്ച് ശിക്ഷ നടപ്പാക്കിയത്.
വധശിക്ഷക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമ്പോഴും അമേരിക്കയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ ശിക്ഷ നടപ്പാക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ല എന്നാണ് ഇതിൽ നിന്നും ലഭിക്കുന്ന സന്ദേശം. ടെക്സസിൽ ഈ വർഷം 10 പേർ കൂടി വധശിക്ഷ കാത്തു ജയിലിൽ കഴിയുന്നുണ്ട്.