വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാളാഘോഷം അനുഗ്രഹനിറവിൽ
Mail This Article
കാൻസാസ് ∙ കൻസാസ് സിറ്റി സിറോ മലബാർ മിഷന്റെ മധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുനാൾ ഒക്ടോബർ 26,27 തീയതികളിൽ സെന്റ് കാതറിൻ ഓഫ് സിയന്ന പാരിഷിൽ നടന്നു. ഒക്ടോബർ 26 ശനിയാഴ്ച വൈകിട്ട് അഞ്ചിന് മിഷൻ ഡയറക്റ്റർ റവ.ഡോ.സുനോജ് തോമസിന്റെ നേതൃത്വത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുസ്വരൂപം ആശീർവദിച്ചുകൊണ്ട് തിരുനാൾ ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു. തുടർന്ന് പ്രസുദേന്തി വാഴ്ചയും നടന്നു. ഷൈനി സ്കറിയ, ഷൈജു ലോനപ്പൻ എന്നിവർ ആയിരുന്നു ഈ വർഷത്തെ പ്രസുദേന്തിമാർ.
ഫാ. സുനോജ് തോമസിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ ബലിയിൽ അയൺവുഡ് മിഷിഗൻ അവ്ർ ലേഡി ഓഫ് പീസ് ഇടവക വികാരി റവ.ഫാ.ബിനു കിഴുകണ്ടയിൽ സഹകാർമ്മികൻ ആയിരുന്നു. വിശുദ്ധ ബലിക്കു ശേഷം ലദീഞ്ഞും നേർച്ച വിതരണവും നടന്നു. കാറ്റക്കിസം വിദ്യാർഥികളുടെ നേതൃത്വത്തിൽ ഒരുക്കിയ സ്റ്റാളിൽ മിഷനിലെ അമ്മമാർ തയ്യാറാക്കിയ വിവിധയിനം നാടൻ പലഹാരങ്ങൾ പ്രത്യേക ശ്രദ്ധ നേടി.
തിരുനാളിന്റെ മുഖ്യദിവസമായ ഒക്ടോബർ 27 ഞായറാഴ്ച സിറോ മലബാർ ഷിക്കാഗോ രൂപതയുടെ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് മുഖ്യാതിഥിയായിരുന്നു. ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് കുട്ടികളും മുതിർന്നവരും സിസ്റ്റേഴ്സും അടങ്ങുന്ന ഇടവകജനങ്ങൾ പിതാവിനെ സ്വീകരിച്ചു. 5.15ന് പിതാവിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ വിശുദ്ധ കുർബാന നടന്നു. ഫാ. സുനോജ് തോമസ്, ഫാ. ബിനു കിഴുകണ്ടയിൽ എന്നിവർ സഹകാർമ്മികരായിരുന്നു.
കാൻസാസിലെ പ്രശസ്ത കീ ബോർഡിസ്റ്റ് ജോൺസൺ സെബാസ്റ്റ്യനോടൊപ്പം അജു ജോൺ,ഷർമിൻ ജോസ് , സോജാ അജു, മാസ്റ്റർ എയ്ഡൻ ജോൺ എന്നിവർ നയിച്ച കൊയർ തിരുനാൾ കർമ്മങ്ങൾ ഭക്തിനിർഭരമാക്കി. തുടർന്ന് നടന്ന പ്രദക്ഷിണത്തിൽ ഇടവകജനങ്ങൾ ഭക്തിപൂർവ്വം പങ്കെടുത്തു. പ്രദക്ഷിണം , ആശീർവ്വാദം എന്നിവയ്ക്കു ശേഷം നടന്ന സ്നേഹവിരുന്നോടെ തിരുനാൾ ആഘോഷം സമാപിച്ചു.