വേൾഡ് പീസ് അവാർഡ് ശ്രീ സെയ്നിക്ക്
Mail This Article
കലിഫോർണിയ ∙ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനിയും മിസ് വേൾഡ് അമേരിക്കാ വാഷിങ്ടൻ കിരീട ജേതാവുമായ ശ്രീ സെയ്നിക്ക് (23) വേൾഡ് പീസ് അവാർഡ്. പാഷൻ വിസ്റ്റ് – മാഗസിനാണ് ലോസാഞ്ചലസിൽ നടന്ന ചടങ്ങിൽവച്ചു അവാർഡ് നൽകിയത്. അവാർഡ് ലഭിച്ചതിൽ താൻ അഭിമാനം കൊള്ളുന്നതായി ശ്രീ സെയ്നി പറഞ്ഞു.
വിവിധ തുറകളിൽ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തികളെ കണ്ടെത്തി ആദരിക്കുന്നതിന് പാഷൻ വിസ്റ്റ മാഗസിൻ ഏർപ്പെടുത്തിയതാണ് അവാർഡ്. ജാതിയുടെയും നിറത്തിന്റെയും പേരിൽ ഹൈസ്കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ ശ്രീ സെയ്നി പലപ്പോഴും പരിഹാസ പാത്രമാകേണ്ടി വന്നിട്ടുണ്ട്.
ശ്രീ സെയ്നി ഇത്തരം പീഡനങ്ങൾക്കു വിധേയരാകുന്നവർക്കു സംരക്ഷണം നൽകുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കുന്നതിനും പ്രത്യേകം വെബ് സൈറ്റ് ഉണ്ടാക്കി (www.shreesaini.org) ബോധവൽക്കരണത്തിനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.
12–ാം വയസ്സിൽ മുഖത്തു കാര്യമായി പൊള്ളലേൽക്കുകയും ഹൃദയ ശസ്ത്രക്രിയക്ക് വധേയയാകുകയും ചെയ്തുവെങ്കിലും അതിനെയെല്ലാം അതിജീവിച്ചു പഠനം തുടരുന്നതിനും ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടുന്നതിനും ആറു രാജ്യങ്ങളിൽ പ്രസംഗം നടത്തുന്നതിനും ഇവർക്ക് കഴിഞ്ഞു. 400 ലേഖനങ്ങളും ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്.