കോവിഡ് –19 ടാസ്ക്ക് ഫോഴ്സിന്റെ സുപ്രധാന ചുമതല സീമ വർമക്ക്
Mail This Article
ന്യൂയോർക്ക് ∙ കൊറോണ വൈറസ് ടാസ്ക് ഫോഴ്സിന്റെ സുപ്രധാന ചുമതലയിൽ ഇന്ത്യൻ അമേരിക്കൻ വംശജ സീമ വർമയെ അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് നിയമിച്ചു. മെഡിക്കെയർ, മെഡിക്കെയ്ഡ് സെന്റേഴ്സിന്റെ അഡ്മിനിസ്ട്രേറ്റർ ചുമതലക്കു പുറമെയാണു പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക നിർദേശപ്രകാരം സീമ വർമയെ നിയമിച്ചതെന്നു പെൻസ് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഹെൽത്ത് ആന്റ് ഹുമൻ സർവീസ് സെക്രട്ടറി അലക്സ് അസറാണ് ടാസ്ക്ക് ഫോഴ്സിന്റെ അധ്യക്ഷൻ. പ്രസിഡന്റ് ട്രംപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത ഉടനെയാണ് സീമാ വർമയെ സിഎംഎസിന്റെ തലപ്പത്തേക്ക് നോമിനേറ്റ് ചെയ്തത്. 2017 ൽ യുഎസ് സെനറ്റ് നിയമനം അംഗീകരിച്ചിരുന്നു. അമേരിക്കയിൽ കൊറോണ വൈറസിനെ നേരിടാൻ ഗവൺമെന്റ് ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നു. 8 ബില്യൺ ഡോളറാണ് യുഎസ് ഹൗസ് രോഗത്തെ പ്രതിരോധിക്കുന്നതിനായി അംഗീകരിച്ചിരിക്കുന്നത്.
വേൾഡ് ഹെൽത്ത് ഓർഗനൈസേഷന്റെ കണക്കനുസരിച്ചു കൊറോണ വൈറസ് ബാധിച്ചു രാജ്യാന്തര തലത്തിൽ 3200 പേർ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ചൈനയിൽ മാത്രം 2871 പേർ മരിച്ചിട്ടുണ്ട്. ലോകത്താകമാനം 90,000 കേസ്സുകൾ റിപ്പോർട്ട് ചെയ്തതായും ചൊവ്വാഴ്ച ഡബ്യുഎച്ച്ഒ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.