കോവിഡ് കാലത്ത് യുഎസിൽ നിന്നൊരു പുഞ്ചിരി!
Mail This Article
കോവിഡ് വ്യാപനം ദുരന്തഭൂമിയായി മാറ്റിയിരിക്കുന്ന രാജ്യങ്ങളിലൊന്നാണ് അമേരിക്ക. ഓരോദിവസവും ഇവിടെ മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്. കോവിഡ് ഭീതിയിൽ സ്കൂളുകൾ എല്ലാം അടച്ചു കഴിഞ്ഞു. പാർക്കിലോ ബീച്ചിലോ ഷോപ്പിങ് മാളിലോ പോകാൻ കഴിയാത്ത സ്ഥിതി. വളരെ തിരക്കുപിടിച്ച സാമൂഹിക ജീവിതം നയിക്കുന്ന അമേരിക്കക്കാർക്കാരെ ഈ സ്ഥിതി ഒട്ടൊന്നുമല്ല വിഷമിപ്പിക്കുന്നത്. പലരും നിരാശയുടെയും മാനസിക സംഘർഷങ്ങളുടെയും വക്കിലാണ്. കുട്ടികളാണ് ഏറ്റവുമധികം വിഷമിക്കുന്നത്. ചുറുചുറുക്കോടെ ഓടി നടക്കേണ്ട പ്രായത്തിൽ വീടിനുള്ളിൽ തളച്ചിടേണ്ടിവരുന്ന അവസ്ഥ അവരെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ട്.
ഈ സംഘർഷങ്ങൾക്കിടെയാണ് സ്വന്തം മകന്റെ പിറന്നാളിന് അച്ഛൻ വളരെ ക്രിയേറ്റീവ് ആയി ഒരു പിറന്നാൾ സമ്മാനം ഒരുക്കിയത്. മകന്റ പിറന്നാൾ ആഘോഷിക്കാൻ അദ്ദേഹം തിരഞ്ഞെടുത്ത വഴി വളരെ വിചിത്രമായിരുന്നു. പൊലീസുകാരെ വിളിക്കുകയും തന്റെ മകന്റെ പിറന്നാളാണ് എന്നാൽ സാമൂഹിക അകലം പാലിക്കുന്നത് കാരണം പിറന്നാൾ ആഘോഷിക്കാൻ ആരും എത്തുകയില്ലയെന്നും എന്തെങ്കിലും ചെയ്യണം എന്ന് അഭ്യർഥിക്കുകയും ചെയ്തു. പിന്നെ സംഭവിച്ചത് നാടകീയ രംഗങ്ങളായിരുന്നു.
പിറന്നാളുകാരൻ നോക്കി നിൽക്കെ വീടിനു മുന്നിൽ ഒരു കൂട്ടം പൊലീസ് കാറുകൾ സൈറൺ മുഴക്കി പാഞ്ഞു വന്നു നിന്നു. സാമൂഹിക അകലം പാലിക്കേണ്ടതിനാൽ പൊലീസുകാർ പുറത്തിറങ്ങാതെ കാറിനുള്ളിൽ തന്നെ ഇരുന്നു മെഗാഫോണിലൂടെ കുട്ടിയുടെ പേര് ഉറക്കെ വിളിച്ചു പറഞ്ഞു. വളരെ പ്രസിദ്ധമായ "ഹാപ്പി ബെർത്ത് ഡേ..." എന്ന പിറന്നാൾ സന്ദേശം ആലപിച്ചു. കുഞ്ഞിന് വിസ്മയം അടക്കാനായില്ല. പൊലീസ് വണ്ടികൾ പോകുന്നതിനു മുന്നേ ഒന്നുകൂടി ഉച്ചത്തിൽ സൈറൺ മുഴക്കുകയും ലൈറ്റ് മിന്നിക്കുകയും ചെയ്തു. കുട്ടിയുടെ അച്ഛൻ പൊലീസുകാർക്ക് നന്ദി പറഞ്ഞു. കോവിഡ് വ്യാപനം ഭീതി വിതച്ച ലോകത്ത് സ്വന്തം കുഞ്ഞിനായൊരുക്കിയ ഈ മധുര സമ്മാനം വളരെയധികം പ്രത്യാശ ജനിപ്പിക്കുന്നു.