ടെലി ഹെൽത്ത് സർവീസിനുള്ള ചെലവ് മെഡിക്കെയർ വഹിക്കുമെന്ന് സീമാ വർമ
Mail This Article
കലിഫോർണിയ ∙ കോവിഡ് വ്യാപനം ശക്തമായതോടെ മുതിർന്ന പൗരന്മാർക്ക് പുറത്തിറങ്ങി ഡോക്ടർമാരെ കാണുന്നതിനോ, വിദഗ്ധ ചികിത്സ ലഭിക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുന്നതിനോ ഉള്ള സാഹചര്യം നിലവിലുള്ളതിനാൽ ഏക ആശ്രയമായ ടെലിഹെൽത്ത് സർവീസ് പ്രയോജനപ്പെടുത്തുമ്പോൾ, അതിനു വരുന്ന ചെലവ് മെഡിക്കെയറിൽ നിന്നും ലഭിക്കുമെന്ന് ഇന്ത്യൻ അമേരിക്കൻ അഡ്മിനിസ്ട്രേറ്റർ ഓഫ് സെന്റേഴ്സ് ഫോർ മെഡിക്കെയർ ആന്റ് മെഡിക്കെയർ സർവീസ് വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്ക ഫോഴ്സ് അംഗം സീമാ വർമ പറഞ്ഞു.
കോവിഡ് 19 എന്ന മഹാമാരിയുടെ വെല്ലുവിളികൾ എങ്ങനെ തരണം ചെയ്യാമെന്ന് അമേരിക്കൻ അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് സംഘടിപ്പിച്ച സൂം മീറ്റിങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സീമാ വർമ. ട്രംപ് അഡ്മിനിസ്ട്രേഷൻ മഹാമാരിയെ നേരിടുന്നതിന് ടെലി ഹെൽത്തിനെ കാര്യമായി പ്രോത്സാഹിപ്പിക്കണമെന്നും ഹെൽത്ത് കെയർ ഫെസിലിറ്റിയിൽ പോകാതെ ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തുന്ന ടെലി ഹെൽത്ത് സർവീസിനെ മെഡിക്കെയറിന്റെ പരിധിയിൽ ഈയിടെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സീമാ വർമ പറഞ്ഞു.
മഹാമാരി ഇതുവരെ അവസാനിച്ചിട്ടില്ല, എന്നാൽ കൊറോണ വൈറസ് കേസ്സുകൾ താരതമ്യേന കുറഞ്ഞു വരുന്നു. 340 മില്യൺ ആളുകളെ സഹായിക്കാൻ സിഎംഎസ് തയാറായിരിക്കുന്നു. രാജ്യത്ത് ഉടനീളം അക്ഷീണം പ്രവർത്തിക്കുന്ന മെഡിക്കൽ പ്രഫഷണൽ, ഫ്രണ്ട്‌ലൈൻ വർക്കേഴ്സ് എന്നിവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നും സീമ പറഞ്ഞു. എഫ്എംഎ ബോർഡ് ഓഫ് ട്രസ്റ്റി ഡോ. ബോബി, ഡോ. ഷീലാ, ഡോ. ഹുമയൂൺ ചൗധരി എന്നിവരും മീറ്റിങ്ങിൽ പങ്കെടുത്തു അഭിപ്രായങ്ങൾ രേഖപ്പെടുത്തി.