ADVERTISEMENT

അമേരിക്കൻ മലങ്കര അതിഭദ്രാസനത്തിലുൾപ്പെട്ട ഹൂസ്റ്റൺ സെന്റ് ബേസിൽ സിറിയക്ക് ഓർത്തഡോക്സ് ഇടവകാംഗങ്ങളുടെ സ്വന്തമായ ഒരു ദേവാലയം എന്ന ചിരകാല സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നു. ഹൂസ്റ്റൻ ഫോർട്ട്ബെൻഡ് കൗണ്ടിയിലെ അർക്കോള സിറ്റിയിൽ പോസ്റ്റ് റോഡിൽ ഹൈവേ 6നും , ഹൈവേ 288നും 5 മിനിറ്റിൽ കുറഞ്ഞ ദൂരത്തായി മലയാളികൾ തിങ്ങി പാർക്കുന്ന മിസ്സോറി സിറ്റിയുടേയും പിയർലാന്റിന്റേയും അടുത്തായി സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ രണ്ടര ഏക്കറോളം വരുന്ന ഭൂമിയാണ് ദേവാലയ നിർമ്മിതിക്കായി വാങ്ങിയിട്ടുള്ളത്.

2015ൽ ഹൂസ്റ്റൻ സെന്റ് പീറ്റേഴ്സ് ചർച്ച് എന്ന പേരിൽ റവ. ഫാ. ഷിനോജ് ജോസഫ് വികാരിയായി, വളരെ ചുരുക്കം അംഗങ്ങളുമായി തുടക്കം കുറിച്ച ഈ ആരാധനാലയം 2019ൽ ഇടവകാംഗങ്ങളുടെ താല്പര്യത്തെ മുൻനിർത്തി, സത്യവിശ്വാസ സംരക്ഷണത്തിനായി ഭാരതമണ്ണിൽ എഴുന്നള്ളി, കോതമംഗലത്ത് കബറടങ്ങിയ മഹാപരിശുദ്ധനായ യൽദൊ മോർ ബസ്സേലിയോസ് ബാവായുടെ നാമത്തിൽ  ഇടവക മെത്രാപോലീത്താ തിരുമനസ്സുകൊണ്ട് പുനർനാമകരണം ചെയ്യുകയുണ്ടായി. കഴിഞ്ഞ കാലങ്ങളിൽ സ്റ്റാഫോർഡിലുള്ള വാടക കെട്ടിടത്തിലാണ് വി. ആരാധനയും, സൺഡേ സ്കൂൾ ക്ലാസ്സുകളും മറ്റു പ്രവർത്തനങ്ങളും നടത്തിവന്നിരുന്നത്.

Houston-church-site

സീനിയർ വൈദീകൻ വെരി. റവ. ഇട്ടി തോമസ് കോർ എപ്പിസ്കോപ്പയുടേയും,  വികാരി റവ. ഫാ. ഷിനോജ് ജോസഫിന്റേയും നേതൃത്വത്തിൽ ഇടവകാംഗങ്ങളുടെ ഒത്തൊരുമയിലും അശ്രാന്തപരിശ്രമത്തിലും സമീപ ഇടവകാംഗങ്ങളുടെ സഹകരണത്തിലുമായി അനുദിനം വളർച്ചയുടെ പടവുകൾ ഒന്നൊന്നായി താണ്ടി, സ്വന്തമായി ഒരു ദേവാലയം എന്ന മഹത്തായ ലക്ഷ്യം കൈവരിക്കുന്നതിന്റെ തുടക്കം കുറിക്കുവാൻ സാധിച്ചതിന്റെ ചാരിതാർത്ഥ്യത്തിലാണ് പള്ളി ഭരണസമിതി.

ജൂൺ16 (ചൊവ്വ) ഇടവകയെ പ്രതിനിധീകരിച്ച് പ്രസിഡന്റും വികാരിയുമായ റവ. ഫാ. ഷിനോജ് ജോസഫ്, വൈസ് പ്രസിഡന്റ് സിമി ജോസഫ്, സെക്രട്ടറി യൽദൊസ് അലക്സ് പട്ടളാട്ട്, ട്രസ്റ്റി ജോണി ടി. വർഗീസ് എന്നിവർ, ഈ പരിശുദ്ധ ദേവാലയത്തിന്റെ ചരിത്രത്തിന്റെ ഏഡുകളിൽ ഒരു നാഴികകല്ലായി എന്നെന്നും സ്മരിക്കപ്പെടുന്ന ധന്യ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചുകൊണ്ട് രേഖകൾ ഒപ്പിട്ട് പ്രമാണങ്ങൾ ഏറ്റുവാങ്ങി. വൈകിട്ട് 7 മണിക്ക് ഒട്ടനവധി വിശ്വാസികളുടെ സാന്നിദ്ധ്യത്തിൽ വികാരിയുടെ മുഖ്യകാർമ്മികത്വത്തിലും റവ. ഫാ. ബിജൊ മാത്യുവിന്റെ (ഹൂസ്റ്റൻ സെന്റ് മേരീസ് പള്ളി വികാരി) സഹകാർമ്മികത്വത്തിലും പ്രാർത്ഥനാപൂർവ്വം വി. സ്ലീബാ നിർദിഷ്ട ദേവാലയം ഭൂമിയിൽ പ്രതിഷ്ഠിക്കുകയുണ്ടായി. ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദൊ മോർ തീത്തോസ് മെത്രാപോലീത്തായുടെ അനുഗ്രഹാശംസകൾ തദവസരത്തിൽ വികാരി വിശ്വാസികളെ അറിയിച്ചു. വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ സ്വന്തമായി ഒരു സ്ഥലം കരസ്ഥമാക്കുവാൻ അശ്രാന്ത പരിശ്രമം നടത്തിയ എല്ലാവരേയും പ്രത്യേകം അഭിനന്ദിക്കുന്നതായും കഴിവതും വേഗം പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ ഇടയാകട്ടെയെന്ന് ആശംസിക്കുന്നതായും  തിരുമേനി അറിയിച്ചു. സ്തോത്ര പ്രാർത്ഥനയ്ക്കുശേഷം പാച്ചോർ നേർച്ചയോടുകൂടി വി. സ്ലീബാ പ്രതിഷ്ഠാ ശുശ്രൂഷ സമാപിച്ചു.

ഇടവകയുടെ റിലേറ്റർ ആയി പ്രവർത്തിച്ച ജോർജ് പൈലിയുടെ സാന്നിദ്ധ്യത്തിനും സഹകരണത്തിനും ഇടവകയുടെ പേരിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായി വികാരി അറിയിച്ചു. ഒക്ടോബർ മാസത്തിൽ നടക്കുന്ന യൽദൊ മാർ ബസ്സേലിയോസ് ബാവായുടെ ഓർമ്മ പെരുന്നാളിനോടനുബന്ധിച്ച് പണി പൂർത്തീകരിച്ച് പള്ളിയിൽ വി. ആരാധന നടത്തുന്നതിനായി പ്രത്യാശിക്കുന്നതായും നാളിതുവരെ നൽകിയ സഹകരണത്തിന് എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നതോടൊപ്പം തുടർന്നും ഏവരുടേയും ആത്മാർത്ഥമായ സഹകരണം പ്രതീക്ഷിക്കുന്നതായും പള്ളി ഭരണസമിതി അറിയിച്ചു. അമേരിക്കൻ അതിഭദ്രാസന പിആർഒ കറുത്തേടത്ത് ജോർജ് അറിയിച്ചതാണിത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com