കരിപ്പൂർ - രാജമല ദുരന്തങ്ങളിൽ മൃതിയടഞ്ഞ സഹോദരങ്ങൾക്ക് ഡബ്ലുഎംഎഫിന്റെ ആദരാഞ്ജലികൾ
Mail This Article
ന്യൂയോർക്ക്∙ നമ്മുടെ സംസ്ഥാനം ദുഃ:ഖസാന്ദ്രമായ രണ്ടു ദുരന്തങ്ങൾക്കാണ് കഴിഞ്ഞ ദിവസം സാക്ഷിയായത്. ഓഗസ്റ്റ് 8 ന് സംഭവിച്ച കരിപ്പൂർ വിമാന അപകടവും, അതേ ദിവസം തന്നെ സംഭവിച്ച രാജ മലയിലെ ഉരുൾപൊട്ടലും കേരള ജനതയെ മുഴുവൻ അതീവ ദു:ഖത്തിലാഴ്ത്തി. കോവിഡ് 19 എന്ന മഹാമാരിയിൽ നിന്നും മുക്തി നേടുന്നതിന് സംസ്ഥാനം കഠിന പ്രയത്നം ചെയ്തു കൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ദുഃഖത്തിൻമേൽ ദു:ഖമാണ് നമ്മൾ നേരിട്ടു കൊണ്ടിരിക്കുന്നത്. പ്രവാസ ജീവിതത്തിന് അൽപ്പം ആശ്വാസമായി സ്വഭവനങ്ങളിലെ തങ്ങളുടെ പ്രിയപ്പട്ടവരോടൊത്തുള്ള സുന്ദര നിമിഷങ്ങൾ സ്വപ്നം കണ്ട് പറന്നിറങ്ങിയ പ്രിയപ്പെട്ടവരിൽ ചിലർ ഒരിക്കലും തിരിച്ചു വരാൻ പറ്റാത്ത നിത്യ പ്രവാസത്തിലേക്ക് തങ്ങളുടെ സ്വപ്നങ്ങളെ ബാക്കിയാക്കി കടന്നു പോയി.
നാളെയെ കുറിച്ചുള്ള കണക്കുകൂട്ടലുകളും ശുഭപ്രതീക്ഷകളും മനസ്സിൽ സൂക്ഷിച്ച് കിടന്നുറങ്ങിയ രാജ മലയിലെ നമ്മുടെ സഹോദരങ്ങൾ കാലവർഷത്തിന്റെ സംഹാര താണ്ഡവത്താൽ നിത്യ നിദ്രയിലേയ്ക്ക് ചേർക്കപ്പെട്ടു. രാജ മല ദുരന്തത്തിൽ അകപ്പെട്ട സഹോദരങ്ങൾക്കായുള്ള തിരച്ചിൽ ഇപ്പോഴും നടന്നുകൊണ്ടിരിക്കെ, കണ്ടെത്തുന്ന ചേതനയറ്റ ശരീരങ്ങൾ, അവരുടെ ഉറ്റവരുടെ ഏങ്ങലുകൾ ഇവയൊക്കെ നമ്മെ അതീവ ദുഃഖത്തിലാഴ്ത്തുകയാണ്.
വളരെ വേദനയോടെ ദുരന്തത്തിലകപ്പെട്ട പ്രിയപ്പെട്ടവർക്ക് ഡബ്ലുഎംഎഫിന്റെ ആദരാജ്ഞലികൾ അർപ്പിക്കുന്നതോടൊപ്പം അവരുടെ ഉറ്റവർക്ക് ഈ സാഹചര്യത്തെ അതിജീവിക്കാൻ സർവ്വേശ്വരൻ ശക്തി നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർഥിക്കുന്നു എന്നു ഡബ്ലുഎംഎഫ് ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ അറിയിച്ചു.