അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ‘ഷേവ് ടു സേവ്’ പരിപാടിയിൽ മലയാളി യുവതി പങ്കെടുക്കും
Mail This Article
കൻസാസ് ∙ കാൻസസ് സിറ്റിയിൽ കാൻസർ ചികിത്സക്കായി വരുന്ന രോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും സൗജന്യ താമസസൗകര്യവും ഭക്ഷണവും പ്രദാനം ചെയ്യുന്ന അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ സംരംഭമായ ഹോപ് ലോഡ്ജിനു വേണ്ടിയുള്ള ഫണ്ട് ശേഖരണ പരിപാടിയായ ‘ഷേവ് ടു സേവ്’ലാണ് മലയാളിയായ റോസ്മേരി ചെറിയാൻ പങ്കെടുക്കുന്നത്. അമേരിക്കൻ കാൻസർ സൊസൈറ്റി എല്ലാ വർഷവും നടത്തുന്ന ‘ഷേവ് ടു സേവ്’ കോവിഡ് കാരണം ഈ വർഷം വെർച്ച്വൽ ആയിട്ടാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
മേയ് 6ന് നടത്തുന്ന പരിപാടിയിൽ റോസ്മേരി അടക്കം നിരവധി പേരാണ് തങ്ങളുടെ തലമുടി ഷേവ് ചെയ്തുകൊണ്ട് ഫണ്ട് ശേഖരിക്കാൻ സന്നദ്ധത കാണിച്ചിരിക്കുന്നത്. കാൻസാസിൽ സ്ഥിരതാമസാക്കാരായ മലയാളികളായ ചെറിയാൻ-സാലി ദമ്പതികളുടെ മകൾ റോസ്മേരി യുഎംകെസി മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ്.
‘ഷേവ് ടു സേവ്’ പരിപാടിയിൽ റോസ്മേരിയെ പിന്തുണച്ചുകൊണ്ട് സ്കറിയ ജോസ് മെമ്മോറിയൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആർട്ട് കോണ്ടസ്റ്റ് നടത്തപ്പെടുന്നു. പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാവുന്ന മത്സരത്തിൽ നിന്നും പിരിഞ്ഞു കിട്ടുന്ന തുക പൂർണ്ണമായും അമേരിക്കൻ കാൻസർ സൊസൈറ്റിക്ക് സംഭാവന ചെയ്യും. കൂടാതെ ഈ തുകയ്ക്ക് തുല്യമായ സംഖ്യ സ്കറിയ ജോസ് മെമ്മോറിയൽ ഫൗണ്ടേഷനും ജെന്നി ആൻഡ് ജോസഫ് ചാരിറ്റബൾ ട്രസ്റ്റും അമേരിക്കൻ കാൻസർ സൊസൈറ്റിക്ക് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ലോകത്തിലെ ഏതു കോണിൽ നിന്നും ഈ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
റജിസ്റ്റർ ചെയ്യുന്നതിന് : https://zchariamemorial.org