റോഷി അഗസ്റ്റിനും കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്കും അഭിനന്ദനം
Mail This Article
ഹൂസ്റ്റൻ ∙ തുടര്‍ഭരണം നേടിയ പിണറായി വിജയന്‍ സര്‍ക്കാരില്‍ ജലവിഭവ മന്ത്രിയായി നിയമിതനായ റോഷി അഗസ്റ്റിന് പ്രവാസി കേരള കോണ്‍ഗ്രസ് ഹൂസ്റ്റൻ ചാപ്റ്ററും സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സും ആശംസകള്‍ അര്‍പ്പിച്ചു. ഒപ്പം ചീഫ് വിപ്പായി നിയമിതനായ ഡോ. എന്‍. ജയരാജിനെയും കേരളകോണ്‍ഗ്രസ് (മാണി) പാര്‍ട്ടി സ്ഥാനാർഥികളായി വിജയിച്ചു കയറിയവര്‍ക്കും പ്രത്യേകമായി അഭിനന്ദനം അറിയിച്ചു.
മന്ത്രി റോഷി അഗസ്റ്റിനെ ഫോണില്‍ വിളിച്ചാണ് പ്രവാസി പ്രവര്‍ത്തകര്‍ അഭിനന്ദിച്ചത്. അഭിനന്ദനങ്ങള്‍ക്കു നന്ദി പറഞ്ഞ റോഷി കേരള കോണ്‍ഗ്രസിന്റെ പ്രവാസി പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും കാര്യക്ഷമമാക്കണമെന്നും അഭ്യർഥിച്ചു. ഒപ്പം, താന്‍ അമേരിക്കയില്‍ വന്നപ്പോള്‍ സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് തന്നെ ആദരിച്ചതും അദ്ദേഹം സ്മരിച്ചു. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിക്കൊപ്പം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉറച്ചു നില്‍ക്കണമെന്നും ഇത് വിജയത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം അറിയിച്ചു.
പ്രവാസി കേരളകോണ്‍ഗ്രസ് പ്രസിഡന്റ് ഫ്രാന്‍സിസ് ചെറുകര അധ്യക്ഷത യോഗതത്തില്‍ വഹിച്ച നാഷനല്‍ സെക്രട്ടറി സണ്ണി കാരിക്കല്‍ കോര്‍ഡിനേറ്റര്‍ ജോര്‍ജ് കൊളാച്ചേരില്‍, ജയിംസ് തെക്കനാട്, ജിജു കൊളങ്ങര, സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജിജി ഓലിക്കന്‍, ജയിംസ് വെട്ടിക്കനാല്‍, അരുള്‍കുമാര്‍, ഡോ. ജോര്‍ജ് എം. കാക്കനാട് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.
കെ.എം. മാണിയുടെ രാഷ്ട്രീയവ്യക്തിത്വത്തിന് പിന്തുണ നല്‍കാന്‍ എക്കാലത്തും പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും പുതിയതായി അധികാരമേറ്റ എല്ലാവര്‍ക്കും വിജയാശംസങ്ങള്‍ നേരുന്നുവെന്നും ഫ്രാന്‍സിസ് ചെറുകര പ്രസംഗത്തില്‍ പറഞ്ഞു. ക്രിയാത്മകമായ പ്രവര്‍ത്തനമാണ് റോഷി അഗസ്റ്റിനെ മന്ത്രിപദത്തില്‍ എത്തിച്ചതെന്നും അദ്ദേഹത്തിന്റെ ലാളിത്യമാര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമാണിതെന്നും അത് പാര്‍ട്ടിയുടെ പ്രതിഛായ വര്‍ദ്ധിപ്പിക്കുമെന്നും സണ്ണി കാരിക്കല്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ മികച്ച മന്ത്രിമാരിലൊരാളായി മാറുവാന്‍ റോഷിക്കും ചീഫ് വിപ്പായി മികച്ച പ്രകടനം നടത്താന്‍ ഡോ. എന്‍. ജയരാജിനും കഴിയട്ടെയെന്നും ജിജി ഓലിക്കനും ആശംസിച്ചു.