മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസിന് തുടക്കം
Mail This Article
ഹൂസ്റ്റൻ ∙ അമേരിക്കയിൽ പ്രവാസി സമൂഹത്തിന്റെ ഇടയിൽ ഹൈന്ദവ ദർശനങ്ങളുടെയും സനാതന ധർമ്മത്തിന്റെയും ആർഷ ഭാരത സംസ്കാരത്തിന്റെയും ആശയപ്രചാരണത്തിനും വൈവിദ്ധ്യമാർന്ന സേവന കർമ്മ പരിപാടികളുടെ ആവിഷ്ക്കരണത്തിനുമായി എന്നും നിലകൊള്ളുമെന്ന് മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസിന്റെ (മന്ത്ര)യുടെ സ്ഥാപക നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു. അമേരിക്കയിൽ പുതുതായി രൂപംകൊണ്ട 'മന്ത്ര'യുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുയായിരുന്നു നേതാക്കൾ.
ജനുവരി 15ന് ഞായറാഴ്ച വൈകിട്ട് ഷുഗർലാണ്ട് ഹൂസ്റ്റൻ മാരിയറ്റ് ഹോട്ടലിൽ 'മന്ത്ര'യുടെ ഔപചാരിക ഉത്ഘാടനത്തിന് മുമ്പ് നടന്ന പത്രസമ്മേളനത്തിൽ സംഘടനയുടെ സ്ഥാപക നേതാവും ട്രസ്റ്റി ബോർഡ് ചെയറുമായ ശശിധരൻ നായർ (ഹൂസ്റ്റൻ), പ്രസിഡന്റ് ഹരി ശിവരാമൻ (ഹൂസ്റ്റൻ), പ്രസിഡന്റ് ഇലെക്ട് ജയചന്ദ്രൻ (ഷിക്കാഗോ), സെക്രട്ടറി അജിത് നായർ (ഹൂസ്റ്റൻ), ട്രഷറർ രാജു പിള്ള (ഡാലസ്) എന്നിവർ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി നൽകി.
'മന്ത്ര'യുടെ ഔപചാരിക ഉദ്ഘാടന ചടങ്ങു പ്രൗഢഗംഭീരമായി നടത്തി. വൈകിട്ട് ആറു മണിക്ക് ചടങ്ങുകൾ ആരംഭിച്ചു. ഹൂസ്റ്റൻ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം മേൽശാന്തി ശ്രീ സൂരജ് മങ്ങത്തായ തിരുമേനി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി 'സൂമിൽ' കൂടി ആശംസകൾ അറിയിച്ചു.
തുടർന്ന് 11 മണി വരെ നടന്ന പരിപാടികൾ വർണാഭമായിരുന്നു. കലാശ്രീ ഡോ. സുനന്ദ നായരുടെ സ്പെഷ്യൽ ഡാൻസ് പെർഫോമൻസ്, ലക്ഷി പീറ്ററും സംഘവും ജുഗൽ ബന്ദി പെർഫോമൻസ്, ഷൈജ ആൻഡ് ടീം അവതരിപ്പിച്ച നൃത്തം, വിദു, അഖില തുടങ്ങിയവർ അവതരിപ്പിച്ച ലൈവ് മ്യൂസിക്ക് പെർഫോർമൻസുകൾ തുടങ്ങിയവ കലാപരിപാടികൾക്കു മാറ്റ് കൂട്ടി.രഞ്ജിത്ത് നായർ എംസിയായി പരിപാടികൾ നിയന്ത്രിച്ചു. സുനിൽ മേനോൻ പരിപാടികളുടെ കോർഡിനേറ്ററായി പ്രവർത്തിച്ചു.
പത്ര സമ്മേളനത്തിൽ അമേരിക്കൻ മലയാളി സമൂഹത്തിൽ ഒരു മന്ത്രധ്വനിയായി മാറുവാൻ പോകുന്ന 'മന്ത്ര'യുടെ മിഷൻ ആൻഡ് വിഷൻ, സേവാ പ്രവർത്തനങ്ങൾ, ഗ്ലോബൽ കൺവെൻഷൻ തുടങ്ങിവയെപ്പറ്റി നേതാക്കൾ വിശദമായി സംസാരിച്ചു. 2023 ജൂലൈ ഒന്നു മുതൽ 4 വരെ ഗ്ലോബൽ ഹിന്ദു കൺവെൻഷൻ ഹൂസ്റ്റനിൽ വച്ച് നടത്തും. കൺവെൻഷൻ ചെയറായി സുനിൽ മേനോനെയും (ഹൂസ്റ്റൺ) മറ്റ് കൺവെൻഷൻ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
ഒരു ഗ്ലോബൽ കൺവെൻഷൻ കൊണ്ട് മാത്രം സംഘടനയുടെ പ്രവർത്തനങ്ങൾ ഒതുക്കി നിർത്തുകയില്ല. അമേരിക്കയിലെ പുതിയ തലമുറയുടെ, യുവജനങ്ങളുടെ, കർമ്മ ശേഷിയെയും സംഘടനാ പാടവത്തെയും പൂർണമായും ഉൾപ്പെടുത്തി അവരെ സംഘടനയുടെ നേതൃ രംഗത്തേക്ക് കൊണ്ട് വരും. വിവിധ കർമ്മപരിപാടികൾ പുതിയ തലമുറയുടെ വളര്ച്ചക്കുവേണ്ടി ആവിഷ്കരിക്കും.
അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള മറ്റു ഹൈന്ദവ സംഘടനകളെ ഒരു കുടക്കീഴിൽ അണിനിരത്തി ഹൈന്ദവ ധർമ്മ, സേവാ, സാംസ്‌കാരിക കർമ്മ മണ്ഡലങ്ങളിൽ സജീവമാക്കും. 'ആ സംഘടനകളുടെ ഒരു ഏകോപന (ലൈസൺ) സമിതിയായി 'മന്ത്ര' പ്രവർത്തിയ്ക്കും.ഹൈന്ദവ ആശയങ്ങളെയും ആചാരങ്ങളെയും സംസ്കാരത്തെയും പരിചയപ്പെടുത്തുന്നതിനു മുൻകൈയെടുക്കും.
അമേരിക്കയിലും കേരളത്തിലും ജീവകാരുണ്യ സേവന പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകും. മറ്റു മത സാമുദായിക സാമൂഹ്യ സാംസ്കാരിക സംഘടനകളുമായി ഈ കാര്യത്തിൽ ചേർന്ന് പ്രവർത്തിക്കും. അമേരിക്കയിലെ ഹൈന്ദവ ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കയും ക്ഷേത്ര പ്രവർത്തനങ്ങൾക്ക് ആവശ്യമെങ്കിൽ സാമ്പത്തിക സഹായമുൾപ്പടെയുള്ള സഹായമെത്തിക്കുന്നതിന് ശ്രമിക്കും.
അമേരിക്കയിൽ കുട്ടികളുടെ വിദ്യാഭ്യാസ പദ്ധതിയ്ക്കും ഓൺലൈൻ മത പഠന ക്ലാസ്സുകൾക്കും തുടക്കമായെന്ന് നേതാക്കൾ അറിയിച്ചു. 'മന്ത്ര" ഒരു നോൺ പൊളിറ്റിക്കൽ സംഘടനയായിരിക്കും. സംഘടനക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി ബന്ധമില്ല, അംഗങ്ങൾക്ക് ഏതു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും പ്രവർത്തിക്കാം.
അമേരിക്കയിലെ വിവിധ നഗരങ്ങളിലെ പ്രവർത്തകരെ ഉൾപ്പെടുത്തി 501 (c) സ്റ്റാറ്റസുള്ള സംഘടന നിലവിൽ വന്നുവെന്ന് ഭാരവാഹികൾ അറിയിച്ചു. "മന്ത്ര"യ്ക്കു ഏഴു പേരുള്ള ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയും 30 പേരുള്ള ഒരു നാഷണൽ കമ്മിറ്റിയും 15 പേരുള്ള ഒരു ട്രസ്റ്റി ബോർഡും ഉണ്ടായിരിക്കും. ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുവാൻ ഒരു ഹെൽപ്പ് ലൈൻ രൂപീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു.
പത്രസമ്മേളനത്തിൽ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയെ പ്രതി നിധീകരിച്ചു ജോർജ് തെക്കേമല (ഏഷ്യാനെറ്റ്), മോട്ടി മാത്യൂ (കൈരളി ടിവി), ജീമോൻ റാന്നി (ഫ്രീലാൻസ് റിപ്പോർട്ടർ) എന്നിവർ പങ്കെടുത്തു. റെനി കവലയിൽ (ഗ്ലോബൽ ഇന്ത്യൻ ന്യൂസ്), അനഘ വാര്യർ ( ജനം ടിവി അമേരിക്ക), സുബിൻ ബാലകൃഷ്ണൻ (ജനം ടിവി , ഹൂസ്റ്റൻ), കൃഷ്‌ണജ കുറുപ്പ് ( ജനം ടിവി , ഹൂസ്റ്റൻ) രഞ്ജിത്ത് നായർ (ധർമഭൂമി ഓൺലൈൻ), പ്രകാശ് വിശ്വംഭരൻ (ഏഷ്യാനെറ്റ്) തുടങ്ങിയവരും പങ്കെടുത്തു.