ADVERTISEMENT

ഷിക്കാഗോ ∙ 1980കളിൽ വോളിബോൾ കോർട്ടുകളിലെ ആവേശമായിരുന്ന മുൻ രാജ്യാന്തര താരം പി.എസ്. അബ്ദുൾ റസാഖ് അമേരിക്കയിൽ എത്തി. ഷിക്കാഗോയിൽ നടന്ന ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു ജിമ്മി ജോർജിന്റെ സഹകളിക്കാരൻ കൂടിയായിരുന്ന റസാഖ്. 

കേരള പൊലീസിൽ നിന്നും കമാൻഡന്റായി വിരമിച്ച അബ്ദുൾ റസാഖിന്റെ രണ്ടാമത്തെ അമേരിക്കൻ സന്ദർശനമാണിത്. 1981ൽ കൊളറാഡോ സ്പ്രിംഗ്‍സിൽ നടന്ന ലോക ജൂനിയർ വോളി ചാംപ്യൻഷിപ്പിൽ പങ്കെടുത്തിരുന്നു. ഒരാഴ്ചത്തെ ഹൃസ്വ സന്ദർശനത്തിനുശേഷം ജൂൺ അഞ്ചിനു ദുബായ് വഴി കേരളത്തിലേക്ക് മടങ്ങും.

1975ൽ തിരുവനന്തപുരം ജിവി രാജാ സ്പോർട്ട്സ് സ്കൂളിന്റെ ആദ്യ ബാച്ചുകാരനായ റസാഖ് സംസ്ഥാന സ്കൂൾ ടീം, ജൂനിയർ, യൂത്ത്, സീനിയർ ടീമുകളിൽ അംഗമായതിനുശേഷമാണ് ഇന്ത്യൻ ടീമിലെത്തിയത്. സിറിൾ സി. വെള്ളൂർ, അന്തരിച്ച ഉദയകുമാർ, റസാഖ് എന്നിവർ ഏറെക്കാലം ഇന്ത്യൻ ടീമിലെ ത്രിമൂർത്തികളായിരുന്നു.

ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാംപ്യൻഷിപ്പ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയടക്കം 100 ലധികം രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യൻ ജേഴ്സിയണിഞ്ഞു. 1980–ൽ സോൾ ഏഷ്യൻ ജൂണിയർ ചാംപ്യൻഷിപ്പിൽ ഏറ്റവും മികച്ച അറ്റാക്കറായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1981 ൽ കോമൺവെൽത്ത് ഗെയിംസിൽ വെങ്കലവും നേടിയിരുന്നു.

അബുദാബി പ്രഫഷണൽ ലീഗ്, ഫെഡറേഷൻ കപ്പ്, ദേശീയ ഗെയിംസ് എന്നിവയിലും പങ്കെടുത്തിട്ടുണ്ട്. 1985 മുതൽ 91 വരെ ഉദയകുമാർ, സിറിൾ എന്നിവരോടൊപ്പം കേരള പൊലീസിനെ അഖിലേന്ത്യാ പൊലീസ് ഗെയിംസിൽ ജേതാക്കളാനും മുഖ്യ പങ്കുവഹിച്ചു. കേരള പൊലീസിൽ നിന്നും ഡെപ്യൂട്ടേഷനിൽ കേരളാ സ്പോർട്സ് കൗൺസിൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.

അബ്ദുൾ റസാഖിന്റെ ഭാര്യയും റെയിൽവേ ഉദ്യോഗസ്ഥയുമായ സ്റ്റെല്ലയും ദേശീയ വോളിബോൾ താരമായിരുന്നു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ഇദ്ദേഹത്തിന്റെ സഹോദരനും തിരുവനന്തപുരം ടൈറ്റാനിയം മുൻ പരിശീലകനുമായിരുന്ന പി. എസ്. മുഹമ്മദാലിയും 1978 ൽ ഇന്ത്യയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്. കേരള സംസ്ഥാന വോളിബോൾ സീനിയർ ടീമിന്റെ പരിശീലകനായും ദേശീയ ഗെയിംസ് ടെക്നിക്കൽ കമ്മിറ്റി ചെയർമാനായും അബ്ദുൾ റസാഖ് പ്രവർത്തിച്ചിട്ടുണ്ട്.

 

കൂടുതൽ വിവരങ്ങൾക്ക്: പ്രിൻസ് (ഡാലസ്) –469 954 1618.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com