ട്രംപിന്റെ ഫ്ലോറിഡാ വസതിയിൽ എഫ്ബിഐ റെയ്ഡ്
Mail This Article
ഫ്ലോറിഡാ ∙ ഫ്ലോറിഡയിലെ മാർ എലാഗൊ എസ്റ്റേറ്റ് എഫ്ബിഐ റെയ്ഡ് ചെയ്തതായി മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു.
അവർ എന്റെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നുവെന്നു ട്രംപിന്റെ പ്രസ്താവനയിൽ പറയുന്നു. ഇതു സംബന്ധിച്ച് അഭിപ്രായം പറയുന്നതിന് എഫ്ബിഐ വിസമ്മതിച്ചു. വൈറ്റ് ഹൗസിൽ നിന്ന് ഔദ്യോഗിക രേഖകൾ ഇവിടേക്ക് കടത്തിയതായി ആരോപണം ഉയർന്നതിനെ തുടർന്നായിരുന്നു പരിശോധന.
അമേരിക്കൻ മുൻ പ്രസിഡന്റിന്റെ വീട്ടിൽ ഇങ്ങനെ ഒരു റെയ്ഡ് നടത്തുന്നത് ചരിത്രത്തിലാദ്യമാണ്. മാർ എ ലാഗോയിൽ പരിശോധന നടന്ന വിവരം ആദ്യം സ്ഥിരീകരിച്ചത് ട്രംപ് തന്നെയാണ്. ട്രംപ് അതേ സമയം വീട്ടിൽ ഉണ്ടായിരുന്നില്ലെന്നും ന്യൂയോർക്കിലുള്ള ട്രംപ് ടവറിലായിരുന്നുവെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
റെയ്ഡിനെ കുറിച്ചു വൈറ്റ് ഹൗസിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് മുൻകൂർ നോട്ടിസ് നൽകിയിട്ടില്ലായിരുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ട്രംപിനെതിരെ പൊതുവെ ഭീഷണി നിലനിൽക്കുന്നതിനിടയിലാണു റെയ്ഡ് എന്നതു സംഭവത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു.
ഫെഡറൽ ജഡ്ജിയോ മജിസ്ട്രേറ്റോ റെയ്ഡിനുള്ള ഉത്തരവു ഒപ്പുവച്ചാൽ മാത്രമേ അന്വേഷണം നടത്താനാകൂ. മുൻകൂട്ടി അറിയിപ്പു നൽകാതെ നടത്തിയ റെയ്ഡ് അനാവശ്യവും അനവസരത്തിലുമാണെന്ന് ട്രംപ് കുറ്റപ്പെടുത്തി.
English Summary: FBI raids former US President Trump’s Florida home