ADVERTISEMENT

ഫിലഡല്‍ഫിയ ∙  ഐക്യ കേരളം ജനിച്ചത് നവംബര്‍ ഒന്നിനാണെങ്കിലും ആഗോളതലത്തിലുള്ള വന്‍ ജനാവലിക്ക് ഒരു പുണ്യദിനം കൂടിയാണിത്. പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തിലേക്കു നടന്നടുക്കുന്ന തീർഥയാത്രയുടെ അന്ത്യ ദിനം. സ്വദേശികളും വിദേശികളുമായ ആയിരങ്ങള്‍ പരുമല മണ്ണിലേക്കു കാല്‍നടയായും വാഹനമാര്‍ഗ്ഗവും എത്തിച്ചേരുന്നു. വിശ്വാസികള്‍ കൊച്ചു തിരുമേനിയുടെ ആത്മീയ സാന്നിധ്യം അനുഭവിച്ചറിഞ്ഞു മടങ്ങുന്നു.

വിശ്വാസ സമൂഹത്തിന്‍റെ ജീവിത പ്രശ്നങ്ങളിലും പ്രയാസങ്ങളിലും തുണയായി നില്‍ക്കുന്ന കൊച്ചുതിരുമേനിയുടെ സാന്നിധ്യം നല്‍കുന്ന ഉണർവും ഉത്തേജനവും അളവറ്റതാണ്. നമുക്കുവേണ്ടി മധ്യസ്ഥത പറയുവാന്‍ മറ്റൊരാള്‍ ഉണ്ടാവുക ഓരോ വ്യക്തിക്കും അത്യധികം ആശ്വാസകരമാണ്. പരുമലതിരുമേനിയുടെ മധ്യസ്ഥത ലോകവിശ്വാസ സമൂഹത്തിന് നല്‍കുന്ന ബലം തികച്ചും അനുഗ്രഹകരമാണ്. ആദ്യത്തെ പ്രഖ്യാപിത വിശുദ്ധനായ തിരുമേനിയുടെ ജീവിതചരിതം തന്നെ അനീതിയിലും അതിക്രമത്തിലും ആസക്തരായ നവയുഗ  ജനതയ്ക്കു ശാന്തസുന്ദരമായ ജീവിതമാര്‍ഗ്ഗ ദര്‍ശനമാണ്.

 

1902 നവംബര്‍ 2 ന് അന്തരിച്ച മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ ഗീവര്‍ഗ്ഗീസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്ത പരുമല തിരുമേനിയുടെ ആത്മീക സാന്നിദ്ധ്യം ദശലക്ഷങ്ങള്‍ക്ക് സമാശ്വാസമായി പ്രശോഭിയ്ക്കുന്നു.

 

1858, സെപ്റ്റംബര്‍ 14-ന് പത്താം വയസ്സില്‍ പാലക്കുന്നത്ത് മാത്യൂസ് മാര്‍ അത്താനിയോസില്‍ നിന്ന് കരിങ്ങാച്ചിറ പള്ളിയില്‍ വച്ച് റീഡര്‍ - ഡീക്കനായി സ്ഥാനം ഏറ്റു. മാര്‍ ഗ്രിഗോറിയോസ് ബിഷപ്പായി സ്ഥാനം ഏല്‍ക്കുമ്പോള്‍ പ്രായം 28 വയസ്സ് മാത്രം. ബിഷപ്പുമാരില്‍ ഏറ്റവും പ്രായം കുറഞ്ഞ ആളായതിനാല്‍ എല്ലാവരും അദ്ദേഹത്തെ കൊച്ചു തിരുമേനി എന്നാണ് വിളിച്ചിരുന്നത്. 

 

നിരണം ഭദ്രാസനാധിപനായി സ്ഥാനം ഏറ്റ മാര്‍ ഗ്രീഗോറിയോസ് പരുമലയില്‍ താമസം തുടങ്ങി. പരുമലയില്‍ മലങ്കര മെത്രാപ്പൊലീത്ത പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ് ഒരു ചെറിയ കെട്ടിടം പണികഴിപ്പിച്ചു ആഴിപ്പുര എന്ന നാമനിര്‍ദ്ദേശനം നടത്തി. വൈദിക പരിശീലനത്തിനെത്തിയ മറ്റു ചില ഡീക്കന്‍മാര്‍ക്കൊപ്പം മാര്‍ ഗ്രിഗോറിയോസ് താമസം ആരംഭിച്ചു. ആ കാലഘട്ടത്തിലെ പരിമിതികള്‍ മൂലം വെറും ഓലമേഞ്ഞ ചാപ്പലില്‍ ആരാധനകള്‍ തുടങ്ങി. മാര്‍ ഗ്രീഗോറിയോസിന്‍റെ അശ്രാന്തമായ സേവനങ്ങള്‍ സകലമതസ്തര്‍ക്കുംവേണ്ടി അനുഷ്ഠിച്ചു. ഭദ്രാസന ഭരണത്തോടൊപ്പംതന്നെ ഭദ്രാസന ഏകീകരണം, ശെമ്മാശന്മാരുടെ പഠനം, സുവിശേഷയോഗങ്ങള്‍, ഇടവക സന്ദര്‍ശനം, പുരോഹിതരുടെ ഉദ്ധാരണവും നടത്തിയിരുന്നു. 

 

ആത്മീകവും ദൈവശാസ്ത്രപരവുമായ ഏകീകരണത്തിലൂടെ സഭയുടെ മിഷനറി പ്രവര്‍ത്തനം ആഗോളമായി ആരംഭിക്കുവാന്‍ തുടക്കം കുറിച്ചു. സഭ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്നും ഇംഗ്ലിഷ് ഭാഷ അത്യാവശ്യമായി അറിയണമെന്നും മലയാളഭാഷയോടൊപ്പം ഇംഗ്ലിഷ് ഭാഷയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ആരംഭിക്കണമെന്നും 100 വര്‍ഷങ്ങള്‍ക്കു മുന്‍പായി തന്നെ പരുമല തിരുമേനി മലയാളിമക്കളെ അറിയിച്ചു. മതഭേതം ഇല്ലാതെ എല്ലാവരെയും തുല്യമായി കാണുകയും  കരുതുകയും ചെയ്ത മാര്‍ ഗ്രീഗോറിയോസ് 1902, നവംബര്‍ രണ്ടിനു നമ്മളോട് വിടചൊല്ലിയെങ്കിലും സാമൂഹ്യസേവനരംഗത്തും വിദ്യാഭ്യാസമേഖലയിലും അദ്ദേഹം ചെയ്ത സേവനങ്ങള്‍ എക്കാലവും സ്മരണീയമാണ്.

1947  ല്‍ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാത്തോലിയ്ക്ക ബാവ മാര്‍ ഗ്രിഗോറിയോസിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. പരുമല തിരുമേനിയുടെ ചരമ വാര്‍ഷികത്തിന്‍റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 2 വരെ പരുമലപള്ളിയില്‍ തിരുനാള്‍ ആഘോഷ പരിപാടികള്‍ ഉപചാരപൂര്‍വ്വം  നടത്തുന്നു.   

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com