60 വർഷത്തെ പട്ടത്വ ശുശ്രൂഷയുടെ നിറവിൽ റവ ഫാ. ഫിലിപ്പ് വർഗീസ്
Mail This Article
ഡിട്രോയിറ്റ് ∙ മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ പട്ടത്വ ശുശ്രൂഷയിൽ 60 വർഷം പൂർത്തീകരിച്ച റവ. ഫിലിപ്പ് വറുഗീസ് അച്ചന് സ്‌നേഹ ആദരവ്. ഇതിനോടനുബന്ധിച്ചു മേയ് 7 ന് ഡിട്രോയിറ്റ് മാർത്തോമ്മാ ദേവാലയത്തിൽ ഫിലിപ്പ് വർഗീസ് അച്ചൻ കുർബാനയ്ക്ക് നേതൃത്വം നൽകി. 1963 മെയ് മാസം 7 ന് തിരുവല്ല സെന്റ് തോമസ് മാർത്തോമ്മാ ദേവാലയത്തിൽ വച്ച് യൂഹാനോൻ മാർത്തോമാ മെത്രാപ്പൊലീത്തയിൽ നിന്നും ഡീക്കൻ പദവിയും ജൂൺ മാസം 26ന് അഭിവന്യ തോമാസ് മാർ അത്താനാസ്യോയോസ് തിരുമേനിയിൽ നിന്ന് കശീശ്ശാ പട്ടവും വറുഗീസ് അച്ചന്‍ സ്വീകരിച്ചു.
നോർത്ത് ട്രാവൻകൂർ മിഷിനറി ആയി പ്രവർത്തനം ആരംഭിച്ച അച്ചൻ മല്ലശേരി , ആനിക്കാട്, കരവാളൂർ, നിരണം , കുറിയന്നൂർ , മുളക്കുഴ , കീക്കൊഴൂർ , നാക്കട , പെരുമ്പാവൂർ എന്നീ ഇടവകകളിൽ സേവനം ചെയ്തു. മാർത്തോമ്മാ സഭയുടെ സുവിശേഷ കൺവൻഷൻ പ്രാസംഗികനായ അച്ചന്റെ പ്രഘോഷണങ്ങൾ പ്രശസ്തി നേടി.
സഭയുടെ പട്ടത്വ ശുശ്രൂഷയുടെ ഔദ്യോഗിക സേവനത്തിൽ നിന്നും വിരമിച്ചു വിശ്രമ ജീവിതം നയിക്കുമ്പോഴും നോർത്ത് അമേരിക്കൻ ഭദ്രസനത്തിൽ ഉള്ള ഡിട്രോയിറ്റ്, ടോറന്റോ, അറ്റ്ലാന്റ , ഫ്ലോറിഡ, ഷിക്കാഗോ, ഷിക്കാഗോ ബെഥേൽ എന്നീ ഇടവകകളിൽ താത്കാലികമായെങ്കിലും ശുശ്രൂഷ ചെയ്യുവാൻ അച്ചന് അവസരം ലഭിച്ചു . ഇപ്പോഴും മിഷിഗനിൽ ഉള്ള സെന്റ് ജോൺസ് മാർത്തോമ്മാ ഇടവകയിലും ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയിലും ശുശ്രൂഷയിൽ സഹായം നൽകിവരുന്നു. ഭാര്യ ഡോ. എൽസി വർഗീസ്. ഫിലിപ് വർഗീസ്. ( ജിജി ), ജോൺ വർഗീസ് ( ജോജി ), ഗ്രേസ് തോമസ് ( ശാന്തി ) എന്നിവർ മക്കളാണ്.