സ്റ്റാഫോർഡ് സിറ്റി മേയറായി കെൻ മാത്യുവിന് ഉജ്ജ്വല വിജയം
Mail This Article
ഹൂസ്റ്റൺ ∙ സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ തിരഞ്ഞെടുപ്പിൽ അവസാന ഫലം പുറത്തു വന്നപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട കെൻ മാത്യുവിന് ഉജ്ജ്വല വിജയം. ഹൂസ്റ്റൺ മലയാളികൾക്കും ഇത് അഭിമാനത്തിന്റെയും ആവേശത്തിന്റെയും ദിനം. ഗ്രെയ്റ്റർ ഹൂസ്റ്റണിലുൾപ്പെട്ട സമീപ നഗരമായ മിസോറി സിറ്റിയിലും സ്റ്റാഫ്‌ഫോർഡ് സിറ്റിയിലും ഇനി മലയാളിത്തിളക്കം !
ഇഞ്ചോടിഞ്ചു നടന്ന പോരാട്ടത്തിൽ കെൻ മാത്യു നിലവിലുള്ള മേയർ സെസിൽ വില്ലിസിനെ പരാജയപ്പെടുത്തി. മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിനൊപ്പം സ്റ്റാഫ്‌ഫോർഡ് സിറ്റി മേയർ കെൻ മാത്യുവും ഇനി മലയാളികളുടെ അഭിമാനത്തെ വാനോളം ഉയർത്തും. അമേരിക്കയിൽ നിലവിൽ 3 മലയാളി മേയർമാരാണുള്ളത്. ഡാലസ് സണ്ണിവെയിൽ സിറ്റി മേയർ സജി ജോർജ് ആണ് മറ്റൊരു മലയാളി മേയർ.
Read Also: ബോറിസിന്റെ രാജി; ലക്ഷ്യം ഋഷി സുനകിന്റെ വീഴ്ചയെന്ന് സൂചന
മേയ് 6 നു നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ നിലവിലുള്ള മേയർ സെസിൽ വില്ലിസ് ഉൾപ്പെടെ 4 പേർ മത്സര രംഗത്തുണ്ടായിരുന്നുവെങ്കിലും ആർക്കും അമ്പത് ശതമാനം വോട്ട് കിട്ടതെ വന്നപ്പോൾ ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച സെസിൽ വില്ലിസും കെൻ മാത്യുവും റൺ ഓഫിൽ മത്സരിക്കുയായിരുന്നു. .
തന്റെ വിജയത്തിന് വേണ്ടി ആഴ്ചകളായി കഠിനാധ്വാനം ചെയ്‌ത എല്ലാ മലയാളി സുഹൃത്തുക്കൾക്കും കെൻ മാത്യു നന്ദി പറഞ്ഞു. കഴിഞ്ഞ 17 വർഷമായി സിറ്റി കൗൺസിൽ അംഗമായി തുടരുന്ന കെൻ മാത്യു നിരവധി തവണ പ്രോടെം മേയറായും പ്രവർത്തിച്ചു. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സാന്നിധ്യമായ കെൻ സ്റ്റാഫ്‌ഫോർഡ് ഇക്കണോമിക് ഡവലപ്മെന്റ് കോർപറേഷൻ വൈസ് പ്രസിഡന്റ്, മുൻ ട്രഷറർ എന്നീട് പദവികളും വഹിച്ചിട്ടുണ്ട്. സ്റ്റാഫ്‌ഫോർഡ് സിറ്റി പ്ലാനിങ് ആൻഡ് സോണിങ് കമ്മീഷൻ അംഗം, ഹൂസ്റ്റൺ കമ്മ്യൂണിറ്റി കോളജ് ഫോർട്ട് ബെൻഡ് സിസ്റ്റം അഡ്്‌വൈസറി ബോർഡ് അംഗം തുടങ്ങിയ ചുമതലകളൂം വഹിച്ചിട്ടുണ്ട്.
കെൻ മാത്യു 41 വർഷമായി ഹൂസ്റ്റണിലെ സ്റ്റാഫ്‌ഫോർഡിൽ തന്നെയാണ് താമസം. കായംകുളം സ്വദേശിയാണ്. ലീലാമ്മയാണ് ഭാര്യ
English Summary: Malayali Ken Mathew Stafford City Mayor