അമേരിക്കയില്‍ പോലും ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് ഉറപ്പില്ല: ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട്
Mail This Article
ന്യുയോർക്ക്∙ രണ്ട് പെട്ടിയുമായാണ് മിക്കവരും അമേരിക്കയ്ക്ക് വരുന്നതെന്ന് ഇന്ത്യൻ ക്രിസ്ത്യൻ ദിനാഘോഷത്തിൽ സീറോ മലബാര്‍ സഭയുടെ ചിക്കാഗോ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് ചൂണ്ടിക്കാട്ടി. ആറു മാസത്തിനുള്ളില്‍ അതിലെ എല്ലാ വസ്തുക്കളും തീര്‍ന്നിരിക്കും. എന്നാല്‍ നാം കൊണ്ടുവന്ന വിശ്വാസം മാത്രം ഒരിക്കലും ഇല്ലാതാകുന്നില്ല.
ക്രൈസ്തവ വിശ്വാസത്തിന്റെ തുടക്കം മുതല്‍ നാം അതില്‍ പങ്കാളികളായി എന്നതില്‍ അഭിമാനിക്കണം. യൂറോപ്പില്‍ എത്തുന്നതിനു മുമ്പ് തന്നെ ക്രിസ്തുമതം ഇന്ത്യയില്‍ എത്തി. ഇന്നിപ്പോള്‍ നാം ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു. അതു നമ്മെ വേദനിപ്പിക്കുന്നു. അവര്‍ക്ക് വേണ്ടി നിലകൊള്ളാനും പരസ്പരം ഒരുമിച്ച് പ്രവര്‍ത്തിക്കാനും നാം ബാധ്യസ്ഥരാണ്. പീഡനങ്ങള്‍ ഉണ്ടാകുമ്പോള്‍ സ്വയം ശക്തിപ്പെടുന്നതായി ബൈബിളില്‍ പറയുന്നു. അവര്‍ അതിനെ ധൈര്യപൂര്‍വ്വം നേരിട്ടു. ആരംഭകാലം മുതല്‍ തന്നെ നാം പീഡനം നേരിട്ടിട്ടുണ്ട്. യേശു പറഞ്ഞത് ചെന്നായ്ക്കള്‍ക്കിടയിലേക്ക് ആടുകളെ എന്നപോലെ നിങ്ങളെ അയയ്ക്കുന്നു എന്നാണ്.
മണിപ്പൂരിലെ വിശ്വാസികൾ ഇന്ന് വേദനയുടെ കടന്ന് പോകുന്നു. ഒരുമിച്ച് നിന്ന് നമുക്ക് അവരെ ശക്തിപ്പെടുത്താം. പീഡനങ്ങൾ വരുമ്പോൾ യേശുവിലുള്ള അചഞ്ചലമായ സ്നേഹം അവ നേരിടാൻ നമ്മെ പ്രാപ്തരാക്കും.
അമേരിക്കയില്‍ പോലും ഭാവിയില്‍ എന്തു സംഭവിക്കുമെന്ന് ഉറപ്പില്ല. ഇപ്പോള്‍ നമുക്ക് എല്ലാം ഉണ്ടെന്ന് കരുതുന്നു. പക്ഷെ ഭാവിയില്‍ എന്തുണ്ടാകുമെന്ന് നമുക്ക് അറിയില്ല. അതിനാല്‍ ഒരുമിച്ച് നില്‍ക്കണം. പ്രാര്‍ത്ഥിക്കണം - അദ്ദേഹം പറഞ്ഞു.
ഭാരതം കതിര് കണ്ടു എന്ന ഗാനവും അദ്ദേഹം ആലപിച്ചു.
സെന്റ് തോമസ് ദിനമായ ജൂലൈ മൂന്ന് ഇന്ത്യന്‍ ക്രിസ്ത്യന്‍ ദിനമായി എല്ലായിടത്തും ആചരിക്കാനാണ് തീരുമാനമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസഷൻസ് പ്രസിഡന്റ് കോശി ജോർജ് (ഫിയക്കോന) ചൂണ്ടിക്കാട്ടി. തലേന്ന് ബോസ്റ്റണില്‍ ആഘോഷം നടന്നു.
ക്രൈസ്തവര്‍ക്കിടയില്‍ ആയിരക്കണക്കിന് വിഭാഗങ്ങളുണ്ട്. പക്ഷെ നാമെല്ലാം ആരാധിക്കുന്നത് യേശുവിനെയാണ്. ത്രിത്വത്തിലാണ് വിശ്വസിക്കുന്നത്. അങ്ങനെയുള്ള നാം ഭിന്നതകളൊക്കെ മാറ്റിവച്ച് ഒരു ദിവസമെങ്കിലും ഒത്തുകൂടുന്നത് ഏറ്റവും അഭികാമ്യമല്ലേ എന്നദ്ദേഹം ചോദിച്ചു. സെന്റ് തോമസ് സ്ഥാപിച്ച ഏഴര പള്ളികളുടെ ചരിത്രവും ഇന്ത്യയിലെ അതിക്രമങ്ങളുടെ റിപ്പോര്‍ട്ടും അതിഥികള്‍ക്ക് നല്‍കി.
സ്റ്റേറ്റ് സെനറ്റര്‍ ജോണ്‍ലു, ഗവര്‍ണറുടെ ഓഫീലിലെ ഏഷ്യന്‍ ഔട്ട് റീച്ച് ഓഫീസര്‍ സിബു നായര്‍, റവ. ജേക്കബ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.റവ. വില്‍സണ്‍ ജോസ് പ്രാരംഭ പ്രാര്‍ത്ഥനയും ഫാ. ജോണ്‍ തോമസ് സമാപന പ്രാര്‍ത്ഥനയും നടത്തി. മണിപ്പൂരിന് വേണ്ടി റവ. എൻ.കെ. മത്തായി പ്രത്യേക പ്രാർത്ഥന നടത്തി. ജോര്‍ജ് ഏബ്രഹാം നന്ദി പറഞ്ഞു.
സിഎഎസ്ഐ. ജൂബിലി കൊയർ, ന്യൂയോർക്ക് മെൻസ് വോയിസസ്, ഐപിസി ജമൈക്ക കൊയർ റവ. മിൽട്ടൺ ജെയിംസ് (സോളോ), ബെത്ലഹം പഞ്ചാബി ചർച്ച് എന്നിവർ ഗാനങ്ങളാലപിച്ചു.
കോശി ജോർജ്, ഡോ. ലെനോ തോമസ്, മേരി ഫിലിപ്പ്, ഡോ. അന്നാ ജോർജ്, കോശി തോമസ്, പോൾ ഡി പനയ്ക്കൽ, ജോർജ് എബ്രഹാം, രാജു എബ്രഹാം, മാത്യു പി തോമസ്, മാത്യു ഈപ്പൻ, ജെറിൻ ജോ ജെയിംസ്, പാസ്റ്റർ ജേക്കബ് ജോർജ്,, ഷൈമി ജേക്കബ്, കോശി തോമസ്, റെവ. മിൽട്ടൺ ജി ജെയിംസ് (സീനിയർ), ജോർജ് ചാക്കോ, ജോൺ ജോസെഫ്, ചക് പിള്ളൈ, ഡോൺ തോമസ്, ഡോ. സിന്തിയ പ്രഭാകർ, റെവ. അനധശേഖർ മാനുവൽ, റെവ. ക്രിസ്റ്റർ സോളമൻ, ലോന എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.
English Summary: Even in America, the future is uncertain: Bishop Mar Joy Allapat