രണ്ടാമത് വിപി സത്യൻ മെമ്മോറിയൽ ടൂർണമെന്റിന് ഓസ്റ്റിനിൽ ഇന്ന് തുടക്കം
Mail This Article
റൗണ്ട് റോക്ക് (ഓസ്റ്റിൻ)∙ കാൽപ്പന്തിന്റെ ആവേശം നെഞ്ചേറ്റി നോർത്ത് അമേരിക്കയിലെ മലയാളി ഫുട്‌ബോൾ ക്ലബ്ബുകൾ പങ്കെടുക്കുന്ന രണ്ടാമത് വി.പി.സത്യൻ മെമ്മോറിയൽ ടൂർണമെന്റിന് ടെക്‌സസിലെ ഓസ്റ്റിനിൽ ഇന്ന് തുടക്കം. നോർത്ത് അമേരിക്കൻ സോക്കർ ലീഗ് എന്നറിയപ്പെടുന്ന (NAMSL) ഈ ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നത് ഓസ്റ്റിനിലെ മലയാളി ക്ലബായ ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സാണ്.
ഓഗസ്റ്റ് 4 വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന പൊതു പരിപാടിയിൽ റൗണ്ട് റോക്ക് സിറ്റി മേയർ ക്രെയ്ഗ് മോർഗൻ മുഖ്യാതിഥിയായി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും . ടീമുകളുടെ മാർച്ച് പാസ്റ്റും, 'ഓസ്റ്റിൻ താളം' ഗ്രൂപ്പിന്റെ ചെണ്ടമേളവും, യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് 'മോഹിനി' ബോളിവുഡ് ഫ്യൂഷൻ ഡാൻസ് ടീമിന്റെ നൃത്ത പരിപാടിയും മറ്റു സാംസ്കാരിക പരിപാടികളും ഇതോടൊപ്പം അരങ്ങേറും.
അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി ഫുട്ബാൾ മാമാങ്കമാണിത്. ടെക്‌സസിലെ മികച്ച ടർഫ് ഫീൽഡുകളുടെ സമുച്ചമായ റൗണ്ട് റോക്ക് മൾട്ടിപർപ്പസ് സ്പോർട്സ് കോംപ്ലക്സിലാണ് കളികളെല്ലാം. ഓഗസ്റ്റ് 4 രാവിലെ പ്രാഥമിക റൗണ്ടുകൾ തുടങ്ങി ഓഗസ്റ്റ് 6 വൈകുന്നേരം ഫൈനൽ നടക്കും. അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്നായി 19 ടീമുകൾ ഇത്തവണ പങ്കെടുക്കുന്നു. 35 + കാറ്റഗറി സെവൻസ് ടൂർണമെന്റും ഇതോടൊപ്പം നടക്കും.
ക്രമീകരണങ്ങളെല്ലാം പൂർത്തിയായതായി NAMSL പ്രഡിസ്റ്റന്റ് അജിത് വർഗീസ്സ് പറഞ്ഞു. ലൈവ് സ്ട്രീമിങ് ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സിന്റെ ഇൻസ്റ്റഗ്രാം പേജിൽ ലഭ്യമാണ്.