വിപി സത്യൻ മെമ്മോറിയൽ ട്രോഫി: ഫില്ലി ആഴ്സണൽസ് ചാംപ്യർ; ന്യൂയോർക്ക് ചലഞ്ചേഴ്സ് റണ്ണേഴ്സ് അപ്പ്
Mail This Article
ടെക്‌സസ് / ഓസ്റ്റിൻ∙ ഓസ്റ്റിനിൽ സമാപിച്ച രണ്ടാമത് വിപി സത്യൻ മെമ്മോറിയൻ എവറോളിങ് ട്രോഫി സോക്കർ ടൂർണമെന്റിൽ ( NAMSL നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗ്) ഫില്ലി ആഴ്സണൽസ് ജേതാക്കളായി. ആവേശ പോരാട്ടങ്ങൾക്കൊടുവിൽ ന്യൂയോർക്ക് ചലഞ്ചേഴ്‌സിനെതിരെ മറുപടിയില്ലാത്ത രണ്ടുഗോൾ നേടിയാണ് ഫില്ലി ചാംപ്യന്മാരായത്. സ്കോർ (2 -0). ന്യൂയോർക്ക് ചലഞ്ചേഴ്സ് റണ്ണേഴ്സ് അപ്പ് ട്രോഫി നേടി.
എംവിപി ജിമ്മി കല്ലറക്കൽ (ഫില്ലി), ഗോൾഡൻ ബൂട്ട് - വർദ്ധിൻ മനോജ് (ഫില്ലി), ഗോൾഡൻ ഗ്ലോവ് - ടൈസൺ മാത്യു (ഫില്ലി), എന്നിവർ മികച്ച ടൂർണമെന്റിലെ കളിക്കാർക്കുള്ള വ്യക്തിഗത പുരസ്‌കാരങ്ങൾ നേടി. എഎസ്എ ഡാലസ് മികച്ച കളിക്കുള്ള ഫെയർ പ്ലേ അവാർഡ് നേടി.
ഗ്രൂപ്പ് ‘എ’ യിലും ഗ്രൂപ്പ് ‘ബി’ യിലുമായി എട്ടു ടീമുകൾ മാറ്റുരച്ചു. യുവനിരയുമായി ടീമുകളെല്ലാം കളം നിറഞ്ഞു കളിച്ചപ്പോൾ വാശിയേറിയ പോരാട്ടത്തിനാണ് ഓസ്റ്റിനിലെ റൗണ്ട് റോക്ക് മൾട്ടി പർപ്പസ് ടർഫ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. എഫ്സിസി ഡാലസ്, ഷിക്കാഗോ ഹണ്ടേഴ്സ് എന്നിവർ സെമിവരെയെത്തി പുറത്തായി.
ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ്, ഫിലഡൽഫിയ ആഴ്സണൽസ്, ഷിക്കാഗോ ഹണ്ടേഴ്സ് , കരോൾട്ടൺ എഫ്സിസി, ഹൂസ്റ്റൺ യുണൈറ്റഡ്, ബാൾട്ടിമോർ ഖിലാഡിസ്, വെസ്റ്റ് ചെസ്റ്റർ ചലഞ്ചേഴ്സ്, ഡാലസ് എഎസ്എ എന്നീ എട്ടു ടീമുകളാണ് ഓപ്പൺ കാറ്റഗറി ടൂർണമെന്റിൽ പങ്കെടുത്തത്. പിഎസ്ജി ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സിഇഒയും NAMSL 2023 ടൂർണമെന്റിന്റെ പ്ലാറ്റിനം സ്പോൺസറുമായ ജിബി പാറക്കൽ, NAMSL പ്രസിഡന്‍റ് അജിത് വർഗീസ് തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫിയും മെഡലുകളും സമ്മാനിച്ചു.
നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗ് പ്രസിഡന്‍റ് അജിത് വർഗീസ് , വൈസ് പ്രസിഡന്‍റ് പ്രദീപ് ഫിലിപ്പ് ,സെക്രട്ടറി മാറ്റ് വർഗീസ് ,ട്രഷറർ ജോ ചെറുശ്ശേരി , ജോയിനറ് ട്രഷറർ ആശാന്ത് ജേക്കബ് , സിജോ സ്റ്റീഫൻ (PRO), തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.
∙ ടൂർണമെന്‍റ് വൻ വിജയം
ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് സോക്കർ ക്ലബാണ് ഇത്തവണ മൂന്നു ദിവസം നീണ്ട ടൂർണമെന്റിനു ആതിഥ്യം വഹിച്ചത് . നോർത്ത് അമേരിക്കയിലെ വിവിധ നഗരങ്ങളിൽ നിന്നായി 400 കളിക്കാർ 19 ടീമുകളെ പ്രതിനിധീകരിച്ചു. സംഘടക മികവിനാൽ ടൂർണമെന്‍റ് വൻ വിജയമായി. മത്സരങ്ങളെല്ലാം സുഗമമായും വളരെ സുതാര്യമായും നടന്നു. ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് ക്ലബ് നടത്തിയ തയ്യാറെടുപ്പും ടൂർണമെന്‍റ് വിജയത്തിനു ചുക്കാൻ പിടിച്ചു.
ഓസ്റ്റിനിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നിർലോഭമായ സേവങ്ങളും ടൂർണമെന്റിന്റെ നടത്തിപ്പിന് ലഭിച്ചു. ഓസ്റ്റിനിലെ മലയാളി സംഘടനയായ ഗാമ , 'ഓസ്റ്റിൻ താളം' ചെണ്ടമേളം ഗ്രൂപ്പ്, യൂറ്റി ഓസ്റ്റിൻ മോഹിനി ഡാൻസ് ഗ്രൂപ്പ്, ഓസ്റ്റിൻ ഇന്ത്യൻ നഴ്‍സ് അസോസിയേഷൻ & പ്രൈം ഫാമിലി കെയർ തുടങ്ങിയവരും വോളണ്ടിയേഴ്‌സായി. നാടൻ ഭക്ഷണം ലഭ്യമാക്കാൻ ഫുഡ് ട്രക്കും, മെഡിക്കൽ സർവീസ് സൗകര്യങ്ങളും സംഘാടകർ വേദിയിൽ ഒരുക്കിയിരുന്നു . ജിബി പാറക്കൽ സിഇഒ ആയ പിഎസ്‌ജി ഗ്രൂപ്പായിരുന്നു മുഖ്യസ്പോൺസർ.