സ്റ്റുഡന്റ് ലോണ്‍ അശ്വാസവുമായി ബൈഡന്‍ ഭരണകൂടം; ലക്ഷ്യം പൊതു തിരഞ്ഞെടുപ്പ് ?
Mail This Article
ഹൂസ്റ്റണ്‍ ∙ സ്റ്റുഡന്റ് ലോണ്‍ സംവിധാനം അടിമുടി മാറ്റിമറിക്കാനാണ് പ്രസിഡന്റ് ജോ ബൈഡന്‍ ആഗ്രഹിക്കുന്നത്. നിരവധി തടസ്സങ്ങളാണ് അതിന്റെ ഭാഗമായി അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. എന്തായാലും പ്രതിബന്ധങ്ങളെല്ലാം അതിജീവിച്ച് അദ്ദേഹം ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ആയിരക്കണക്കിന് ഡോളര്‍ പലിശയിനത്തില്‍ ലാഭം നേടിക്കൊടുക്കാന്‍ കഴിയുന്ന തരത്തില്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. വരുന്ന തിരഞ്ഞെടുപ്പില്‍ രണ്ടാം ടേം ലക്ഷ്യം വയ്ക്കുന്ന പ്രസിഡന്റ് തന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള തീവ്രയത്‌നത്തിന്റെ ഭാഗമായാണ് പദ്ധതി തയാറാക്കുന്നതെന്നാണ് രാഷ്ട്രീയ രംഗത്തെ വിദഗ്ധര്‍ ഇതിനെ വിലയിരുത്തുന്നത്.
ഓരോ മാസവും കുടിശ്ശികയുള്ള തുക കുറച്ചും അടയ്ക്കാത്ത വായ്പയുടെ പലിശ തടഞ്ഞും പേയ്മെന്റുകള്‍ കൂടുതല്‍ താങ്ങാനാവുന്ന തരത്തിലാക്കാന്‍ ശ്രമിക്കുകയാണെന്ന് ബൈഡന്‍ ഭരണകൂടം ചൂണ്ടിക്കാട്ടി. വിദ്യാർഥി വായ്പ തിരിച്ചടവ് പദ്ധതികള്‍ മാറ്റിമറിക്കുകയാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ മാറ്റങ്ങള്‍ സാധാരണ കടം വാങ്ങുന്നയാള്‍ക്ക് പ്രതിവര്‍ഷം 1,000 ഡോളര്‍ ലാഭിക്കാന്‍ സഹായിക്കും. നാല് വര്‍ഷത്തെ യുഎസ് പബ്ലിക് കോളജിലോ യൂണിവേഴ്‌സിറ്റിയിലോ ഉള്ള ഒരു സാധാരണ ബിരുദധാരി എടുത്ത വായ്പയില്‍ 2,000 ഡോളര്‍ ലാഭിക്കാനാകുമെന്ന് വൈറ്റ് ഹൗസും വിദ്യാഭ്യാസ വകുപ്പും പറയുന്നു. ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
പ്രസിഡന്റ് ജോ ബൈഡന്റെ പദ്ധതിയുടെ ചില ഘടകങ്ങള്‍ യുഎസ് കോടതികള്‍ തടഞ്ഞപ്പോഴും വിവിധ സമീപനങ്ങളിലൂടെ വിദ്യാർഥികളുടെ കടാശ്വാസ നടപടികള്‍ ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു. ജൂണില്‍, 43 ദശലക്ഷം പേരുടെ 430 ബില്യണ്‍ ഡോളര്‍ വിദ്യാർഥി വായ്പ റദ്ദാക്കുന്ന നിയമം യുഎസ് സുപ്രീം കോടതി തടഞ്ഞിരുന്നു.
കോവിഡ് -19 പാന്‍ഡെമിക് സമയത്ത് വിദ്യാർഥികളുടെ വായ്പാ പേയ്മെന്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. വൈറസില്‍ നിന്നുള്ള മറ്റ് പ്രതിസന്ധികളും യുഎസ് സമ്പദ്വ്യവസ്ഥയെ ബാധിച്ചിരുന്നതിനാലാണിത്. പക്ഷേ അതിനുശേഷം അത് പുനരാരംഭിച്ചു. 2024 നവംബറിലെ തിരഞ്ഞെടുപ്പില്‍ രണ്ടാം തവണ ഭരണം തേടുന്ന ബൈഡന്‍, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള പദ്ധതിയാണ് തയാറാക്കുന്നത്.
ചൊവ്വാഴ്ച പ്രഖ്യാപിച്ച സേവിങ് ഓണ്‍ എ വാല്യൂബിള്‍ എജ്യുക്കേഷന്‍ (സേവ്) വരുമാനം അടിസ്ഥാനമാക്കിയുള്ള തിരിച്ചടവ് പദ്ധതി പ്രകാരം, യോഗ്യതയുള്ള വായ്പക്കാര്‍ അവരുടെ ബിരുദ വായ്പകളില്‍ ഓരോ മാസവും അടയ്ക്കേണ്ട തുക വിവേചനാധികാര വരുമാനത്തിന്റെ 10 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി വെട്ടിക്കുറയ്ക്കും. ഏകദേശം 1 ദശലക്ഷത്തിലധികം കുറഞ്ഞ വരുമാനമുള്ള കടം വാങ്ങുന്നവര്‍ പ്രതിമാസ പേയ്മെന്റുകള്‍ക്ക് യോഗ്യത നേടുകയും ചെയ്യും.
പലിശ അടയ്ക്കാത്തതിന്റെ പേരില്‍ ലോണ്‍ ബാലന്‍സുകള്‍ വളരാത്ത തരത്തിലാണ് പുതിയ പദ്ധതി. കടം വാങ്ങുന്നവര്‍ ആവശ്യമായ പ്രതിമാസ പേയ്മെന്റുകള്‍ നടത്തുന്നിടത്തോളം അവര്‍ക്ക് മറ്റു ബാധ്യതകള്‍ വളരുകയില്ല. മുന്‍ വരുമാനം അടിസ്ഥാനമാക്കിയുള്ള പ്ലാനുകള്‍ക്ക് 20 അല്ലെങ്കില്‍ 25 വര്‍ഷത്തില്‍ നിന്ന് യോഗ്യരായ വായ്പക്കാര്‍ക്ക് 10 വര്‍ഷത്തിനുള്ളില്‍ ലോണുകള്‍ തീര്‍ക്കാനും കഴിയും..
ബ്ലാക്ക്, ഹിസ്പാനിക്, അമേരിക്കന്‍ ഇന്ത്യന്‍, അലാസ്‌ക നേറ്റീവ് വായ്പക്കാര്‍ക്കുള്ള മൊത്തം ആജീവനാന്ത പേയ്മെന്റുകള്‍ ശരാശരി പകുതിയായി പ്ലാന്‍ വെട്ടിക്കുറയ്ക്കുമെന്ന് വൈറ്റ് ഹൗസ് കൂട്ടിച്ചേര്‍ത്തു. രണ്ടാം പാദത്തില്‍ വിദ്യാർഥികളുടെ വായ്പാ ബാലന്‍സ് 35 ബില്യൻ ഡോളര്‍ കുറഞ്ഞ് 1.57 ട്രില്യൻ ഡോളറായതായി ഈ മാസം പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.