നോർത്ത് ടെക്സസിലെ ഇന്ത്യൻ ഡാൻസ് സ്കൂളുകളുടെ പ്രകടനങ്ങൾക്ക് ഫ്രസ്കോയിലെ കാര്യസിദ്ധി ഹനുമാൻ ക്ഷേത്രം വേദി ഒരുക്കുന്നു
Mail This Article
ഫ്രിസ്കോ, ടെക്സസ് ∙ നോർത്ത് ടെക്സസിൽ ഇന്ത്യൻ ശാസ്ത്രീയ സംഗീതവും ശാസ്ത്രീയ, ശാസ്ത്രീയേതര നൃത്തങ്ങളും കുട്ടികളെ അഭ്യസിപ്പിക്കുന്ന സ്ക്കൂളുകൾ വിവിധ നഗരങ്ങളിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി കൂടുതൽ പ്രചാരത്തിലുണ്ട്.
പരമ്പരാഗത ഇന്ത്യൻ സംസ്കാരവും ശാസ്ത്രീയ സംഗീതവും നൃത്തവും പുതിയ തലമുറകളെ അഭ്യസിപ്പിക്കുന്ന പ്രത്യേക താല്പര്യം ഫ്രിസ്കോയിലെ കാര്യസിദ്ധി ഹനുമാൻ ടെമ്പിൾ ഭാരവാഹികൾ പ്രദർശിപ്പിച്ചു വരുന്നത് ശ്ലാഘനീയമാണ്.
34,000 ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്ന ടെമ്പിൾ കാമ്പസ് പ്രദേശത്തെ ഏറ്റവും വലിയ ഹിന്ദുക്ഷേത്ര സമുച്ചയങ്ങളിൽ ഒന്നാണ്. ഹിന്ദു മതത്തെക്കുറിച്ച് വിവിധ കലാരൂപങ്ങളുടെ കുട്ടികളിൽ ഉദ്ബോധനം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ കലാരൂപങ്ങളുടെ ക്ലാസ്സുകൾ നടത്തുന്നു.
കുട്ടികളെ സംഗീത, നൃത്ത ക്ലാസുകളിലൂടെ പരസ്പരം ബന്ധപ്പെടുത്തുക എന്ന ആശയവും ഉണ്ടെന്ന് ടെമ്പിളിന്റെ ട്രസ്റ്റിയും സെക്രട്ടറിയുമായ ലക്ഷ്മി തിമ്മല പറയുന്നു. 2015 ൽ പ്രവർത്തനം ആരംഭിച്ച ക്ഷേത്രത്തിന്റെ സ്ഥാപകൻ ഗണപതി സച്ചിദാനന്ദ സ്വാമിജിയാണ്. സ്വയം കർണാടക സംഗീതം, ഭജന, മതഗാന വിദഗ്ദ്ധനായ ഇദ്ദേഹത്തിന്റെ സംഭാവനകൾ ക്ഷേത്രത്തിന് വലിയ മുതൽക്കൂട്ടായിരുന്നു എന്ന് ഭാരവാഹികൾ പറയുന്നു.
ക്ഷേത്രത്തിൽ ഭജന, കുച്ചിപ്പുടി എന്നിവയ്ക്കു പുറമെ യോഗയ്ക്കും ഹിന്ദു വേദോപനിഷത്തുകൾക്കും ക്ലാസുകൾ ശനിയാഴ്ചകളിൽ നടത്തുന്നു. 4 വയസു മുതൽ 18 വയസു വരെയുള്ള കുട്ടികൾക്കായി ആണ് ഡാൻസ് ക്ലാസുകൾ.
കർണാടക സംഗീതം തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്കു കൈമാറി നിലനില്ക്കുന്നത് വാമൊഴിയിലൂടെയാണെന്ന് തിമ്മല പറഞ്ഞു. നോർത്ത് ടെക്സസിലുള്ള ഇന്ത്യൻ ഡാൻസ് സ്ക്കൂളുകളിലെ കുട്ടികളുടെ നൃത്ത പ്രകടന പരിപാടികൾക്ക് ഈ ശരത് കാലത്തെ ശനിയാഴ്ചകളിൽ കാര്യസിദ്ധി ഹനുമാൻ ടെമ്പിൾ വേദി ഒരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.