ADVERTISEMENT

ടെക്സസ് ∙ കഴിഞ്ഞ കുറെ വർഷങ്ങളായി സ്ക്കൂൾ ലൈബ്രറികളിലും ക്ലാസ് റൂമുകളിലും ലഭ്യമാക്കുന്ന പുസ്തകങ്ങളെ ചൊല്ലി വലിയ വിവാദങ്ങൾ യുഎസിൽ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. പല പുസ്തകങ്ങളും ഇൻഡിപെന്റന്റ് സ്ക്കൂൾ ഡിസ്ട്രികൾ നിരോധിച്ചു.

നിരോധനം ഏർപ്പെടുത്തിയ 26 സംസ്ഥാനങ്ങളിൽ ഏറ്റവുമധികം പുസ്തകങ്ങൾ നിരോധിച്ചത് ടെക്സസിലാണ്. സംസ്ഥാനത്തിലെ ഒരു ഐഎസ്ഡിയിൽ ബൈബിളും നിരോധിത പുസ്തകങ്ങളിൽപെടുന്നു. മറ്റൊരു ഐഎസ്ഡി ബൈബിൾ നിരോധിച്ചു പിന്നീട് നിരോധനം പിൻവലിച്ചു. ഇപ്പോൾ പുസ്തകം പുനഃപരിശോധനകൾക്ക്  വിധേയമായിക്കൊണ്ടിരിക്കുകയാണ്.

ടെക്സസിലെ ഹാംഷയർ – ഫെന്നറ്റ് ഐഎസ്ഡിയിലെ ഒരു മിഡിൽ സ്ക്കൂൾ അധ്യാപികയ്ക്കു ജോലി നഷ്ടമായി. കാരണം ആൻഫ്രാങ്കിന്റെ ഡയറി പൂർണ രൂപത്തിൽ അധിക വായനയ്ക്കു തന്റെ കുട്ടികൾക്ക് ശുപാർശ ചെയ്തതാണ്. ചുരുക്കിയ രൂപത്തിൽ പരിഷ്കരിച്ച പതിപ്പായി പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകം ശരാശരി 13 വയസു പ്രായമുള്ള കുട്ടികൾക്ക് ഔദ്യോഗികമായി നിർദേശിച്ചിട്ടുണ്ട്. കൂടുതലായി 13 വയസുകാരി ആൻഫ്രാങ്കിനെയും അവർ കടന്നു പോയ പ്രതിസന്ധി പൂർണമായ മാനസികവും ശാരീരികവുമായ ദിനങ്ങളെയും അക്കാലത്ത് നാസി ഭരണത്തിൻ കീഴിൽ ജൂതന്മാർ, പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും അനുഭവിക്കേണ്ടി വന്ന ദുരിതത്തെക്കുറിച്ചും വിശദമായി മനസ്സിലാക്കാൻ വേണ്ടി ആയിരിക്കണം എഡിറ്റിംഗിന് വിധേയമായിട്ടില്ലാത്ത പുസ്തകം പൂർണമായി വായിക്കുവാൻ ടീച്ചർ ശുപാർശ ചെയ്തത്.

1945 ന് മുൻപുള്ള രണ്ട് വർഷങ്ങൾ ആനും മാതാവും സഹോദരിയും തങ്ങളുടെ വീടിന്റെ മച്ചിൽ ഒളിവിൽ കഴിഞ്ഞു. കാരണം സ്ത്രീകളെയോ കുട്ടികളെയോ പുറത്ത് കണ്ടാൽ പട്ടാളക്കാർ പിടികൂടി കോൺസെന്റേറേഷൻ ക്യാംപുകളിലേയ്ക്കു അയയ്ക്കുകയോ കൊല്ലുകയോ ചെയ്യുമായിരുന്നു. ആനിന്റെ പിതാവിനെ മാത്രമാണ് വീടിന് വെളിയിൽ കണ്ടിരുന്നത്. മച്ചിനു മുകളിൽ ഒളിവിൽ കഴിയുമ്പോഴാണ് ആൻ ഡയറി എഴുതിത്തുടങ്ങിയത്.

കൗമാരത്തിൽ നിന്ന് യൗവ്വനാരംഭത്തിന്റെ നാളുകളിൽ തനിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ശാരീരികവും മാനസികവുമായ വലിയ മാറ്റവും സാഹചര്യങ്ങളോടും ഏറ്റവും അടുത്ത് ഇടപഴകുന്ന അമ്മയും ഒരേ ഒരു ആൺകുട്ടിയുമായുള്ള ബന്ധവും മറയില്ലാതെ, വിശദമായി ആൻ എഴുതി. ലൈംഗികത എന്താണെന്ന് മനസ്സിലാക്കുകയും അതിനോടു ഒരു കൗമാരക്കാരിയുടെ ജിജ്ഞാസയും അങ്കലാപ്പും ലജ്ജയുമെല്ലാം ആൻ വിവരിക്കുന്നത് അവളുടെ അതേ പ്രായക്കാരായ കുട്ടികൾ വായിക്കുകയോ അറിയുകയോ ചെയ്യുന്നത് ഉചിതമല്ലെന്ന് ഐഎസ്ഡി അധികൃതർ തീരുമാനിച്ചു.

 ആൻഫ്രാങ്ക്സ് ഡയറി : ദ ഗ്രാഫിക് അഡാപ്റ്റേഷൻ കുട്ടികൾക്ക് അധിക വായനയ്ക്കു ശുപാർശ ചെയ്ത ടീച്ചറെ പിരിച്ചു വിടാൻ ഉത്തരവിട്ടു. രണ്ട് വർഷത്തെ ഒളിവിലെ താമസം അവസാനിപ്പിച്ച് പട്ടാളക്കാർ ആനിന്റെ കുടുംബത്തെ കണ്ടെത്തി തടവിലാക്കി. കോൺസെന്ററേഷൻ ക്യാമ്പിലേയ്ക്കയച്ച ആനും അമ്മയും സഹോദരിയും 1945 ൽ ക്യാമ്പിൽ തന്നെ മരിച്ചു. വിധി വൈപരീത്യം എന്ന് പറയട്ടെ, ഏറെ താമസിയാതെ രണ്ടാം ലോകമഹായുദ്ധം അവസാനിക്കുകയും ക്യാമ്പുകളിൽ ഉള്ളവർക്ക് മോചനം ലഭിക്കുകയും ചെയ്തു. ആനിന്റെ പിന്നെയും കുറെക്കാലം ജീവിച്ചു. മകളുടെ ഡയറി പ്രസിദ്ധീകരിക്കുകയും ലോകം മുഴുവൻ ആൻ ഫ്രാങ്കിന്റെ ഡയറി ഏറ്റെടുക്കുകയും ചെയ്തു.

കൗമാരക്കാർ പ്രായപൂർത്തിയായ വ്യക്തികളായി മാറുമ്പോ അവർക്ക് ആവശ്യമായ അറിവുകൾ പകർന്ന് നൽകാൻ പിഴവുകളില്ലാത്ത സംവിധാനം ഇല്ല. കൂട്ടുകാരിൽ നിന്നോ ഇന്റർനെറ്റിൽ നിന്നോ ലഭിക്കുന്ന അപൂർണവും അബദ്ധജടിലവുമായ വിവരങ്ങളാണ് ഇവരിൽ പലരും സ്വീകരിക്കുക. ആൻഫ്രാങ്കിന്റെ ഡയറിയെ ഒഴിച്ചു നിർത്തുന്നത് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ഒരു പെൺകുട്ടി നൽകുന്ന വിവരങ്ങൾ നിഷ്കരുണം തള്ളിക്കളയുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com