ഗർഭഛിദ്രത്തിന്റെ കാണാപ്പുറങ്ങൾ
Mail This Article
ടെക്സസ് ∙ 2022 ജൂൺ 24ന് യുഎസ് സുപ്രീം കോടതി പ്രഖ്യാപിച്ച അന്തിമവിധിയിൽ യുഎസ് ഭരണഘടന ഗർഭഛിദ്രത്തിനുള്ള അവകാശം നൽകുന്നില്ല എന്ന് വിധിച്ചു. (ഡോബ്സ്‌വേഴ്സസ് ജാക്ക്സൺ വിമൻസ് ഹെൽത്ത് ഓർഗനൈസേഷൻ). 49 വർഷത്തിലധികം നീണ്ടുനിന്ന റോവേഴ്സസ് വേഡ് കേസിന്റെ യുഎസ് സുപ്രീം കോടതി വിധി അതോടെ റദ്ദായി.
ഈ വിധിയുടെ പ്രത്യാഘാതങ്ങൾ ഏറ്റവുമധികം അനുഭവപ്പെടുന്നത് ടെക്സസിലാണ്. 2021ൽ പാസ്സാക്കിയ ടെക്സസ് ഹാർട്ട് ബീറ്റ് ആക്ട് പ്രകാരം ഗർഭധാരണത്തിന്റെ ആറാഴ്ചയ്ക്കുശേഷമുള്ള ഗർഭഛിദ്രം ടെക്സസിൽ നിയമ വിരുദ്ധമാണ്. ഇതിനെതിരായ അപ്പീലാണ് സുപ്രീംകോടതി തള്ളിയത്.
ടെക്സസിൽ ഗർഭഛിദ്ര നിരോധനത്തിന് 1850 മുതലുള്ള ചരിത്രമുണ്ട്. ആ വർഷം ടെക്സസ് ലെജിസ്ലേച്ചർ പാസ്സാക്കിയ നിയമത്തിൽ ഇൻഡ്യൂസ്ഡ് മിസ്കാരേജ് നിയമവിരുദ്ധമാക്കിയിരുന്നു. ഈ നിയമം 1973 വരെ പ്രാബല്യത്തിലുണ്ടായിരുന്നു. അപ്പോഴാണ് ഒരു ഡാലസുകാരി ഗർഭഛിദ്ര അവകാശത്തിന് വേണ്ടി യുഎസ് സുപ്രീം കോടതിയെ സമീപിച്ചത്. റോ വേഴ്സസ്‌വേഡ് എന്നറിയപ്പെടുന്ന ചരിത്രവിധി സുപ്രീം കോടതി പുറപ്പെടുവിച്ചു.
2021 ലെ ടെക്സസ് നിയമവും അതിനടുത്ത വർഷത്തെ യുഎസ് സുപ്രീം കോടതി വിധിയും ഉണ്ടായതിനുശേഷം ടെക്സസ് സ്ത്രീകളിൽ നടത്തുന്ന ഗർഭഛിദ്രങ്ങൾ അതീവ രഹസ്യങ്ങളാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ പ്രക്രിയയ്ക്കുവേണ്ടി ഗർഭിണികൾ മറ്റ് സംസ്ഥാനങ്ങളിലേയ്ക്കു നടത്തുന്ന യാത്രകളും വളരെയധികം വർധിച്ചിട്ടുണ്ട്. ഇത് സഹായിക്കുവാൻ കുറെയധികം സഹായിക്കുവാൻ പതിറ്റാണ്ടുകൾക്ക് മുൻപു തന്നെ യുഎസിൽ സ്ഥാപനങ്ങൾ ആരംഭിച്ചിരുന്നു. സമീപകാലങ്ങളിൽ ഇവയുടെ ആധിക്യവും പ്രസക്തിയും വർധിച്ചിട്ടുണ്ട്. ദ മിഡ്‌വെസ്റ്റ് ആക്സസ് അത്തരമൊരു സ്ഥാപനമാണ്. ഈ വർഷം കണക്കുകൾ ലഭ്യമാകുന്നത് വരെ 400 ൽ അധികം ടെക്സസ് സ്ത്രീകൾക്ക് ഗർഭഛിദ്രം സ്ഥാപനം സഹായിച്ചിട്ടുണ്ട്. ദേശവ്യാപകമായുള്ള അബോർഷൻ ഫണ്ട് ചങ്ങലയിലെ ഒരു പ്രധാന ചരടാണ് ഈ സ്ഥാപനം. യഥാർത്ഥ ഗർഭഛിദ്ര ചെലവുകൾ സ്ഥാപനം വഹിക്കാറില്ല. എല്ലാ സജ്ജീകരണങ്ങളും ഏർപ്പാടാക്കി ഊബർ വാഹനചെലവു മുതൽ ബേബിസിറ്റിംഗ് ചെലവുവരെ സ്ഥാപനം വഹിക്കുന്നു. വേണ്ടിവരുന്നത് പലപ്പോഴും ആയിരക്കണക്കിന് ഡോളറുകൾ ആയിരിക്കും. ടെക്സസ് നിയമവും അതിനുശേഷമുള്ള യുഎസ് സുപ്രീം കോടതി വിധിയും സഹായ സ്ഥാപനങ്ങൾക്ക് വളരെ പെട്ടെന്ന് ധാരാളം കേസുകൾ കൈകാര്യം ചെയ്യേണ്ടതിന്റെയും കുറഞ്ഞത് 21 സംസ്ഥാനങ്ങളിലെ ആവശ്യക്കാരായ സ്ത്രീകളെ സഹായിക്കുവാൻ മില്യൺ കണക്കിന് ഡോളറുകൾ കണ്ടെത്തേണ്ടതിന്റെയും സാഹചര്യം സൃഷ്ടിച്ചു.
മിഡ്‌വെസ്റ്റ് ആക്സെസ്കോ അലിഷന്റെ കോ ഡയറക്ടർ എമിലി മൊർബാഷർ ചില അനുഭവകഥകൾ പങ്കുവച്ചു. ഈസ്റ്റ് ടെക്സസിലെ ഒരു സ്ത്രീ അബോർഷൻ വേണ്ടെന്ന് വച്ചത് അവരുടെ ഡോക്ടർമാരെ ഭയന്നാണ്. ഒടുവിൽ അവരുടെ കുട്ടി ജനിച്ചത് ജീവനില്ലാതെയാണ്. കുഞ്ഞ് മരിച്ചത് അവരുടെ കൈകളിലേയ്ക്കു എത്തുന്നതിന് മുൻപാണെന്ന് അവർ പറഞ്ഞു. മറ്റൊരു സംഭവം ഒരു ഇല്ലിനോയി ക്ലിനിക്കിൽ അബോർഷൻ നടത്താനെത്തിയ ഒരു ടെക്സസുകാരിക്കു നേരിടേണ്ടി വന്ന പ്രതിഷേധമായിരുന്നു. അവരുടെ യാത്രയ്ക്കും താമസത്തിനും തന്റെ സ്ഥാപനം 2,000 ൽ അധികം ഡോളർ നൽകിയെന്ന് മൊർബാഷർ പറഞ്ഞു. ഒരു ദിവസം തനിക്ക് സഹായം അഭ്യർത്ഥിച്ച് 50 കോളുകൾ വരെ ലഭിക്കാറുണ്ടെന്ന് അവർ പറഞ്ഞു.
ഫണ്ട് ടെക്സസ് ചോയ്സിന്റെ ഡെവലപ്പ്മെന്റ് ആന്റ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ജെയ്‌ലിൻ ഫാർ മൻസൺ പറയുന്നത് മുൻപ് തങ്ങൾക്ക് ഒരു മാസം 40 ഓ 50ഓ കോളുകൾ മാത്രമായിരുന്നു ലഭിച്ചിരുന്നത്. ഇപ്പോൾ ഇത് 300 ൽ അധികം ആയിരിക്കുന്നു. എട്ട് ജീവനക്കാരിൽ നിന്ന് വർധിപ്പിച്ച് 10 പേരെ നിയമിക്കേണ്ടി വന്നു.
2022 ജൂണിൽ അമേരിക്കയിൽ മൊത്തം 88840 അബോർഷനുകൾ നടന്നതായാണ് കണക്ക്. ടെക്സസിന്റേത് 2600 ആയിരുന്നു. 2023 നവംബർ 6 വരെ ഷിക്കാഗോ അബോർഷൻ ഫണ്ടിലേയ്ക്കു ടെക്സസുകാർ നടത്തിയത് 1261 ഫോൺ വിളികളാണ്.
അടുത്ത വർഷത്തെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചരണ വിഷയങ്ങളിലൊന്ന് ഗർഭഛിദ്ര അവകാശം ആയിരിക്കും. പ്രസിഡന്റ് ജോ ബൈഡനും ഡെമോക്രാറ്റിക് പാർട്ടിയും ഇതിനുവേണ്ടി വാദിക്കുമ്പോൾ റിപ്പബ്ലിക്കനുകൾ എതിർക്കും.