കെന്നഡി വധത്തിന്റെ അറുപതാം വാർഷികത്തിലും ഡാലസ് ആരോപണത്തിന്റെ നിഴലിലാണ്
Mail This Article
ഡാലസ് ∙ യുഎസ് പ്രസിഡന്റ് ജോൺ എഫ് കെന്നഡി ഘാതകന്റെ വെടിയേറ്റു വീണത് 60 വർഷം മുൻപ്, 1963 നവംബർ 22ന് ഡാലസ് ഡൗൺ ടൗണിലെ ഡേലി പ്ലാസയ്ക്കു സമീപത്തുകൂടി പ്രഥമ പത്നി ജാക്വിലിനും ടെക്സസ് ഗവർണർ ജോൺ കോണളി, ഭാര്യ നെല്ലി എന്നിവർക്കൊപ്പം കാറിൽ സഞ്ചരിക്കവെ ആയിരുന്നു.
ഡാലസ് ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനമെന്ന് വിശേഷിക്കപ്പെടുന്ന ആ ദിനത്തിന്റെ ആരോപണ നിഴൽ ഈ മഹാനഗരത്തെ പിൻതുടരുന്നു. ഈ നിഴൽ പിൻതുടരാത്ത ഒരു നഗരമാണ് തങ്ങളുടേതെന്ന് ഒരു സിമ്പോസിയത്തിൽ ഒരു ജനനേതാവായ ഗെയിൽ തോമസ് അവകാശപ്പെട്ടു. കെന്നഡി വധത്തിന് ഒരു മാസം മുൻപ് കെന്നഡിയുടെ യുഎൻ അമ്പാസിഡർ അഡലെയ് സ്റ്റീവൻസണിന്റെ തലയിൽ ഒരു പ്രതിഷേധക്കാരൻ പ്ളക്കാർഡ് കൊണ്ടു പ്രഹരിച്ചു. ഇതിനുശേഷം പ്രസിഡന്റ് ഡാലസ് സന്ദർശനം ഒഴിവാക്കണമെന്ന് നീമൻ മാർക്കസ് തലവൻ സ്റ്റാൻലി മാർക്കസ് ആവശ്യപ്പെട്ടിരുന്നു. വിലക്കുകൾ വകവെയ്ക്കാതെ തുറന്ന കാറിൽ മോട്ടർകേഡിന്റെ അകമ്പടിയോടെ കെന്നഡി ഡാലസ് ഡൗൺ ടൗണിൽ നിന്ന് അകലെയല്ലാത്ത മാർക്കറ്റ് ഹാളിൽ സംഘടിപ്പിച്ച പൊതുയോഗത്തെ അഭിസംബോധന ചെയ്യുവാൻ പോകുമ്പോഴായിരുന്നു വധിക്കപ്പെട്ടത്.
ഈ സംഭവത്തിനുശേഷം മുഴുവൻ അമേരിക്കയും ഡാലസിന് എതിരെ തിരിഞ്ഞു എന്ന് നിരീക്ഷകർ പറയുന്നു. സംഭവത്തിൽ ഡാലസിന് എതിരായ കുറ്റാരോപണം ഇപ്പോഴും നിലനില്ക്കുന്നു.
അറുപത് വർഷങ്ങൾ പല വിധത്തിൽ ഡാലസിനെ മാറ്റിമറിച്ചു.യാഥാസ്ഥിതിക, റിപ്പബ്ലിക്കൻ ചായ്‌വ് ഉണ്ടായിരുന്ന നഗരം ഇന്ന് ചുവപ്പിനെ ബഹിഷ്കരിച്ചിരിക്കുന്നു. ദശകങ്ങളായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥികൾക്ക് ഭൂരിപക്ഷം ലഭിക്കുന്നു. ഈയിടെ മേയർ റിപ്പബ്ലിക്കൻ പാർട്ടി അനുയായി ആയത് ഒറ്റപ്പെട്ട സംഭവമാണ്. അറുപത് വർഷത്തിനുള്ളിൽ ഡാലസ് വലിയ തോതിൽ വളർന്നു. ഡാലസിന്റെ സംസ്കാരവും മാറി മറിഞ്ഞു.
1960 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കെന്നഡി തന്റെ റിപ്പബ്ലിക്കൻ എതിരാളി റിച്ചാർഡ് നിക്സനെ പരാജയപ്പെടുത്തിയത് ടെക്സസിൽ നേരിയ 2% പോയിന്റ് ലീഡിന്റെ കൂടി സഹായത്തിലായിരുന്നു. ടെക്സസിലെ ഇലക്ടറൽ വോട്ടുകൾ 24 ഉം നേടാൻ സഹായിച്ചത് ടെക്സനായ ലിണ്ടൻ ബി ജോൺസണെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ആക്കിയത് കൊണ്ടാണ്. എന്നാൽ ഡാലസിൽ നിക്സൻ 62.16% വോട്ടുകൾ നേടിയപ്പോൾ കെന്നഡിക്ക് ലഭിച്ചത് 36.99% മാത്രമായിരുന്നു. 1960 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ ലിൻഡൻ ജോൺസണും പത്നിക്കും പ്രതിഷേധക്കാരായ സ്ത്രീകളുടെ (മിങ്ക് കോട്ട് മോബിന്റെ) രോഷം നേരിടേണ്ടി വന്നു. ഇതും ഡാലസിലാണ് സംഭവിച്ചത്.
എന്നാൽ കെന്നഡിയുടെ ഘാതകൻ ലീ ഹാർവി ഓസ്‌വാൾഡ് ഒരു കമ്മ്യൂണിസ്റ്റ് അനുഭവിക്കപ്പുറം വലിയ രാഷ്ട്രീയക്കാരനായിരുന്നില്ല എന്നായിരുന്നു പൊലീസ് കണ്ടെത്തൽ. സൈന്യത്തിൽ നിന്ന് വിരമിച്ചതിനുശേഷം 1959 ഒക്ടോബറിൽ സോവിയറ്റ് യൂണിയനിലേയ്ക്കു പോയ ഇയാൾ ജൂൺ 1962 ൽ യുഎസിൽ തിരിച്ചെത്തി.
മിൻസ്‌കിലെ ഒരു ഡാൻസ് ഫ്ളോറിൽ പരിചയപ്പെട്ട റഷ്യാക്കാരി ഭാര്യയും ഒപ്പം ഉണ്ടായിരുന്നു. ഡാലസിലെ ഓക്‌ക്ലിഫിൽ വെസ്റ്റ് നീലിസ്ട്രീറ്റിലുള്ള ഡ്യൂ പ്ളെയിൽ ഇടതു കയ്യിൽ ഒരു കമ്മ്യൂണിസ്റ്റ് ന്യൂസ്പേപ്പറും വലതു കയ്യിൽ മെയിൽ ഓർഡറായി വരുത്തിയ റൈഫിളും പിടിച്ചു നില്ക്കുന്ന ഓസ്‍വാൾഡിന്റെ ഫോട്ടോ ഭാര്യ ക്ലിക്ക് ചെയ്തു. ഈ റൈഫിളാണ് കെന്നഡിയെ വെടിവച്ച് വീഴ്ത്താൻ ഓസ്‍വാൾഡ് ഉപയോഗിച്ചത്. അയാളുടെ അരയിൽ ധരിച്ചിരുന്ന പിസ്റ്റോൾ ഉപയോഗിച്ചാണ് അയാൾ പിന്നീട് ഒരു പൊലീസ് ഓഫിസറെ വെടിവച്ചു കൊന്നത്.
ഓസ്‌വാൾഡ് എന്തുകൊണ്ട് കെന്നഡിയെ വെടി വച്ചു കൊന്നു എന്ന ചോദ്യത്തിനു ഇതുവരെയും ഉത്തരം ലഭിച്ചിട്ടില്ല. മൂന്ന് ദിവസത്തിനുള്ളിൽ ജാക്ക് റൂബി അയാളെ വെടിവച്ചു കൊല്ലുകയും ചെയ്തു. ഡാലസ് ഡൗൺ ടൗണിൽ നവംബർ 21നും 22നും ഹിൽടൺ ഹോം വുഡ് സ്യൂട്ട്സിൽ സിക്ടിയത് ആനിവേഴ്സറി ഓഫ് ദ അസ്സോസിനേഷൻ ഓഫ് ജെഎഫ്കെ, ദ ലെ ഗസി ഓഫ് പ്രസിഡന്റ് ജോൺ എഫ് കെന്നഡി, ജെയിംസ് ഫൈൽസ് നടത്തുന്ന ടൂർ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ലീ ഹാർവി ഓസ്‌വാൾഡിനൊപ്പം വധം നടന്ന പരിസരത്തും മറ്റും ചുറ്റിയിട്ടുള്ള വ്യക്തിയാണ് ഫൈൽസ്. രണ്ട് പുസ്തകങ്ങളും റിലീസ് ചെയ്യുന്നുണ്ട്.