ജോർജ് ഫ്ലോയ്ഡ് വധം: മുൻ പൊലീസ് ഓഫിസർ ഡെറക് ഷോവിന്റെ അപ്പീൽ യുഎസ് സുപ്രീം കോടതി തള്ളി
Mail This Article
വാഷിങ്‌ടൻ ∙ ജോർജ് ഫ്ലോയ്‌ഡ് (46) വധക്കേസിൽ യുഎസിൽ മുൻ പൊലീസ് ഓഫിസർ ഡെറക് ഷോവിൻ നൽകിയ അപ്പീൽ സുപ്രീം കോടതി തള്ളി. 2020 മേയിൽ യുഎസിലെ മിനിയപ്പലിസ് നഗരത്തിൽ ജോർജ് ഫ്ലോയിഡിനെ വിലങ്ങുവച്ചു നിലത്തുവീഴ്ത്തി കഴുത്തിൽ കാൽമുട്ട് അമർത്തി ശ്വാസം മുട്ടിച്ചു കൊന്ന കേസിലാണു പൊലീസ് ഓഫിസറായിരുന്ന ഡെറക് ഷോവിനു ലഭിച്ച ശിക്ഷ മിനസോഡ അപ്പീൽ കോടതി ശരിവയ്ക്കുകയാണ്. ഇതിനെതിരെയാണ് പ്രതി അപ്പീൽ സമർപ്പിച്ചത്.
കേസിൽ പുതിയ വിചാരണയ്ക്ക് വിസമ്മതിച്ചു കൊണ്ടാണ് കോടതി അപ്പീൽ തള്ളിയത്. ഫ്ലോയ്ഡിനെ പൊലീസ് ഓഫിസർ ശ്വാസം മുട്ടിക്കുന്ന വിഡിയോ പുറത്തുവന്നതോടെ അണപൊട്ടിയ രോഷം വംശീയവിവേചനത്തിനെതിരായ ദേശീയ പ്രക്ഷോഭമായി യുഎസിൽ വളർന്നിരുന്നു. പ്രതി പൊലീസ് ഉദ്യോഗസ്ഥൻ എന്ന പദവിയുടെ വിശ്വാസവും അധികാരവും കളങ്കപ്പെടുത്തി, ഫ്ലോയ്ഡിനോടു അതീവ ക്രൂരതയോടെ പെരുമാറി, മറ്റ് 3 പൊലീസ് ഉദ്യോഗസ്ഥർ കൂടി അടങ്ങിയ സംഘത്തിന്റെ ഭാഗമായി കുറ്റകൃത്യം ചെയ്തു, കുട്ടികളുടെ മുന്നിൽ വച്ചാണു കുറ്റകൃത്യം ചെയ്തത് എന്നിങ്ങനെ പ്രോസിക്യൂഷന്റെ പ്രധാന കുറ്റാരോപണങ്ങൾ ശിക്ഷവിധിച്ച വേളയിൽ കീഴ്കോടതി ശരിവച്ചിരുന്നു.പൊതുനിരത്തിൽ ഒൻപതു മിനിറ്റിലേറെ കഴുത്തിൽ കാൽമുട്ട് അമർത്തി ഫ്ലോയ്ഡിനെ ശ്വാസം മുട്ടിച്ച ക്രൂരത കണ്ടുനിന്നവരിലൊരാളാണു മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തിയത്. ‘എനിക്കു ശ്വാസം മുട്ടുന്നു’എന്ന് ഫ്ലോയ്ഡ് പലവട്ടം പറയുന്നതു വിഡിയോയിൽ കേൾക്കാം.