'വേദ'മയം കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍
Mail This Article
ഹൂസ്റ്റണ്‍∙ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഇത്തവണത്തെ കണ്‍വന്‍ഷന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത വേദ സമര്‍പ്പണമായിരുന്നു. അതിഥികള്‍ക്കും പ്രതിനിധികള്‍ക്കും എല്ലാം പുരസ്‌ക്കാരമായി നല്‍കിയത് ഋഗ്‌വേദം. അമേരിക്കയിലെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും വേദം എത്തുക എന്ന മഹാത്തായ ലക്ഷ്യത്തിന്റെ വലിയ തുടക്കം എന്ന നിലയിലാണ് വേദസമ്മാനം ന്ല്‍കിയത്. അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി വിവേക് രാമസ്വാമിയുടെ മാതാപിതാക്കളായ രാമസ്വാമിക്കും ഡോ ഗീതയ്ക്കും ഋഗ്‌വേദം നല്‍കിയായിരുന്നു തുടക്കം. കണ്‍വന്‍ഷനിലെ ഏറ്റവും അര്‍ത്ഥവത്തായ ചടങ്ങായിരുന്നു വേദസമര്‍പ്പണം എന്നു അതില്‍ പങ്കാളിയാകാനായത് പുണ്യമെന്നും രാമസ്വാമി പറഞ്ഞു. സന്തോഷാശ്രു പൊഴിച്ചാണ് ഡോ ഗീതാ രാമസ്വാമി വേദം ഏറ്റുവാങ്ങിയത്.
എല്ലാ ഹൈന്ദവ ഭവനങ്ങളിലും വേദം എത്തണം എന്ന് കെഎച്ചഎന്‍എയ്ക്ക് തുടക്കം കുറിച്ച സ്വാമി സത്യാനന്ദസരസ്വതി നിഷ്‌ക്കര്‍ഷിച്ചിരുന്നു . അത് സഫലമാക്കണമെന്ന ആഗ്രഹത്താലാണ് എല്ലാവര്‍ക്കും സമ്മാനമായി വേദം നല്‍കാന്‍ തീരുമാനിച്ചതെന്ന കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത് പിള്ള പറഞ്ഞു. സംസ്‌കൃതത്തിലും ഇംഗ്ലിഷിലും അര്‍ത്ഥസഹിതം പ്രത്യേകം തയ്യാറാക്കിയ ഋഗ്വേദമാണ് എല്ലാവര്‍ക്കും നല്‍കിയത്.