നികുതി വെട്ടിപ്പ്: ഹണ്ടർ ബൈഡനെതിരെ ഒമ്പത് ക്രിമിനൽ കുറ്റങ്ങൾ
Mail This Article
ന്യൂയോർക്ക്∙ ഫെഡറൽ ടാക്സ് കേസിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ മകൻ ഹണ്ടർ ബൈഡൻ ഒമ്പത് ക്രിമിനൽ കുറ്റങ്ങളിൽ അന്വേഷണം നേരിടുന്നതായി നീതിന്യായ വകുപ്പ് വെളിപ്പെടുത്തി. ഹണ്ടർ ബൈഡന്റെ നികുതി ഇടപാടുകളെക്കുറിച്ച് അന്വേഷണം നടന്ന് വരികയാണ്. നികുതികൾ ഫയൽ ചെയ്യുന്നതിലും അടയ്ക്കുന്നതിലും പരാജയപ്പെട്ടതുൾപ്പെടെയാണ് ഒമ്പത് കേസുകൾ. തെറ്റായ വിവരങ്ങൾ നൽകിയാണ് റിട്ടേൺ സമർപ്പിച്ചതെന്ന ആക്ഷേപവും ഹണ്ടർ നേരിടുന്നുണ്ട്.
56 പേജുള്ള കുറ്റപത്രത്തിൽ സ്വന്തം കമ്പനിയുടെ ശമ്പളവും നികുതിയും ഉൾപ്പെടെയുള്ള വിവരങ്ങളിൽ തിരിമറി നടത്തി. നികുതി കൃത്യമായി അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്തി. 016 നും 2020 ഒക്ടോബർ 15 നും ഇടയിൽ ഹണ്ടർ ലഹരിമരുന്ന്, എസ്കോർട്ട്, കാമുകിമാർ, ആഡംബരകാര്യങ്ങളിൽ എന്നിവയ്ക്ക് ഭീമമായ തുക ചെലവഴിച്ചു. ഹോട്ടലുകളും വാടക വസ്‌തുക്കളും, വിദേശ കാറുകളും, വസ്ത്രങ്ങളും വാങ്ങി – തുടങ്ങിയ കാര്യങ്ങളാണ് ഹണ്ടറിനെതിരെ കുറ്റപത്രത്തിൽ വിശദീകരിക്കുന്നത്. ഹണ്ടറിന്‍റെ ജീവിതം ആഡംബരം നിറഞ്ഞതാണ്. പക്ഷേ ഇതിന് ആനുപാതികമായ വരുമാനം തനിക്കുണ്ടെന്ന് ഹണ്ടർ നികുതി റിട്ടേണിൽ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് ആക്ഷേപം. പരമാവധി 17 വർഷം വരെ തടവ് ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കുറ്റങ്ങളാണ് ഹണ്ടറിനെതിരെ ചുമത്തിയിരിക്കുന്നത്.