ക്വാക്കര്‍ ബ്രാന്‍ഡിന്റെ ഓട്‌സ് ഉല്‍പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നു
Mail This Article
ന്യൂയോർക്ക് ∙ ആരോഗ്യത്തിന് ഹാനികരമാകുന്ന സാല്‍മൊനെല്ല ബാക്ടീരിയ അടങ്ങിയിട്ടുണ്ടെന്ന യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അറിയിപ്പിനെ തുടർന്ന് യുഎസിലുടനീളം വിൽക്കുന്ന ക്വാക്കര്‍ ബ്രാന്‍ഡിന്റെ പ്രത്യേക ബാച്ച് ഓട്‌സ് ഉല്‍പന്നങ്ങള്‍ തിരിച്ചുവിളിക്കുന്നതായി കമ്പനി വെള്ളിയാഴ്ച അറിയിച്ചു. 50 യുഎസ് സംസ്ഥാനങ്ങളില്‍ വിറ്റഴിച്ച ധാന്യങ്ങള്‍ തിരിച്ചുവിളിക്കും.
സാല്‍മൊനെല്ല രക്തത്തിൽ പ്രവേശിച്ചാൽ ഗുരുതരമായ രോഗത്തിന് കാരണമാകും, പ്രത്യേകിച്ച് കൊച്ചുകുട്ടികളിലും പ്രായമായവരിലും ദുർബലമായ പ്രതിരോധശേഷി ഉള്ളവരിലും. സാല്‍മൊനെല്ല ബാക്ടീരിയ മൂലം ഓരോ വർഷവും അമേരിക്കക്കാരിൽ 1.3 ദശലക്ഷം അണുബാധകൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഫലമായി വർഷം ശരാശരി 420 മരണങ്ങളും സംഭവിക്കുന്നു, അണുബാധയുടെ ലക്ഷണങ്ങൾ സാധാരണയായി മലിനമായ ഭക്ഷണം കഴിച്ച് 12 മണിക്കൂർ മുതൽ മൂന്ന് ദിവസത്തിനുള്ളിൽ സംഭവിക്കുന്ന വയറിളക്കം, പനി, ഓക്കാനം, വയറുവേദന എന്നിവയാണ്.
ഈ ഉൽപ്പന്നങ്ങൾ കഴിച്ച് ആളുകൾക്ക് അസുഖം ബാധിച്ചതായി സ്ഥിരീകരിച്ച റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ബിവറേജസ് ആൻഡ് സ്നാക്ക്സ് ഭീമനായ പെപ്സികോയുടെ ഉടമസ്ഥതയിലുള്ള ക്വാക്കർ പറഞ്ഞു. ഓട്‌സ് ഉല്‍പന്നങ്ങള്‍ തിരിച്ചുവിളിക്കുന്ന കാര്യം ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ അറിയിച്ചിട്ടുണ്ടെന്ന് ക്വാക്കർ വ്യക്തമാക്കി.