ചൈനയുടെ രോഷം തണുപ്പിക്കാനുള്ള അടവോ; തായ്‌വാന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കില്ലെന്ന് ബൈഡന്‍
Mail This Article
ഹൂസ്റ്റണ്‍ ∙ തായവാനില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് വാഷിങ്ടണ്‍ ഒരു മുന്നറിയിപ്പ് നല്‍കിയിരുന്നു, പുറത്തുനിന്ന് തായ്‌വാന്‍ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന്. യുഎസിന്റെ മുന്നറിയിപ്പിന്റെ ഫലമാണോ എന്നു വ്യക്തമല്ല, തായ്‌വാനില്‍ ചൈനീസ് വിരുദ്ധ സ്ഥാനാര്‍ഥി തന്നെ വിജയിക്കുകയും പ്രസിഡന്റ് സ്ഥാനത്ത് എത്തുകയും ചെയ്തു. സ്വാഭാവികമായും ചൈനയെ ഇത് അസ്വസ്ഥപ്പെടുത്തുകയും ചെയ്യും.
ചൈനയുടെ രോഷം തണുപ്പിക്കാനാണോ എന്നറിയില്ല, ഫലപ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ തായ്‌വാന്റെ സ്വാതന്ത്ര്യം എന്ന വാദത്തോട് യുഎസിന് യോജിപ്പില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. 'ഞങ്ങള്‍ തായ്‌വാന്റെ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നില്ല,'- എന്നായിരുന്നു സൗത്ത് ലോണില്‍ ബൈഡന്റെ പ്രഖ്യാപനം. വണ്‍ ചൈന നയം എന്ന യുഎസിന്റെ നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു. ഈ നയം തായ്‌വാനിലെ ചൈനയുടെ അവകാശവാദത്തെ അംഗീകരിക്കുന്നതാണ്. അതേസമയം ദ്വീപിലെ സര്‍ക്കാരുമായി അനൗപചാരിക ബന്ധവും യുഎസ് നിലനിര്‍ത്തുന്നുണ്ട്.
തായ്‌വാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിലവിലെ വൈസ് പ്രസിഡന്റ് വില്യം എന്നു വിളിക്കുന്ന ലായ് ചിംഗ്‌തെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി മൂന്ന് തവണ അധികാരത്തിലിരുന്ന ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയുടെ അംഗമാണ് ലായ്. ദ്വീപിനെ തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി കണക്കാക്കുകയും സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ ബലപ്രയോഗം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ചൈനയുമായുള്ള തായ്‌വാന്റെ ഭാവി ബന്ധത്തെ തിരഞ്ഞെടുപ്പ് ഫലം എങ്ങനെ ബാധിക്കും എന്ന് കണ്ടുതന്നെ അറിയണം.
നവംബറില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ബൈഡന്‍ കൂടിക്കാഴ്ച നടത്തുകയും തായ്‌വാന്‍ തിരഞ്ഞെടുപ്പില്‍ ഇടപെടരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. വണ്‍ ചൈന കരാറില്‍ താന്‍ പ്രതിജ്ഞാബദ്ധനാണെന്നും അതില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2021 ലും 2022 ലും ചെയ്തതുപോലെ, മുന്‍ യുഎസ് ഉദ്യോഗസ്ഥരുടെ അനൗദ്യോഗിക പ്രതിനിധി സംഘങ്ങളെ തായ്‌വാനിലേക്ക് അയയ്ക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
'തായ്‌വാനുമായുള്ള ഞങ്ങളുടെ അനൗദ്യോഗിക ബന്ധം കണക്കിലെടുത്ത്, മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉന്നതതല അനൗദ്യോഗിക പ്രതിനിധികളെ ഞങ്ങള്‍ പലപ്പോഴും തായ്‌പേയിലേക്ക് അയയ്ക്കാറുണ്ട്. അങ്ങനെ ചെയ്യുന്നതിന്റെ പതിറ്റാണ്ടുകളുടെ പാരമ്പര്യം നമുക്കുണ്ട്.'- ഒരു മുതിര്‍ന്ന ബൈഡന്‍ അഡ്മിനിസ്‌ട്രേഷന്‍ ഉദ്യോഗസ്ഥന്‍ വിശദീകരിച്ചു. ലായുടെ വിജയത്തില്‍ അഭിനന്ദിക്കാന്‍ മറ്റൊരു അനൗദ്യോഗിക പ്രതിനിധി സംഘത്തെ തായ്‌വാനിലേക്ക് അയക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചിട്ടുമുണ്ട്.
പ്രതിനിധി സംഘത്തില്‍ മുന്‍ മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടും. ഈ നീക്കത്തോടും ലായുടെ പുനര്‍ തിരഞ്ഞെടുപ്പിനോടും ചൈന എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല. 'തായ്‌വാനില്‍ 'ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന്' ചൈന മുന്‍പു തന്നെ പ്രസ്താവിച്ചിരുന്നു. ചൈനയുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ ലായ്, എക്‌സില്‍ തന്റെ പിന്തുണക്കാര്‍ക്ക് നന്ദി രേഖപ്പെടുത്തി.
ചൈനയുടെ അയല്‍ ദ്വീപായ തായ്‌വാന്‍ സ്വതന്ത്ര രാജ്യമാണെന്നാണ് സ്വയം അവകാശപ്പെടുന്നത്. എന്നാല്‍ ചൈന തായ്്വാന്‍ തങ്ങളുടെ ഭാഗമാണെന്നാണ് അവകാശപ്പെടുന്നത്. അതേസമയം 1996 മുതല്‍ തിരഞ്ഞെടുപ്പ് നടത്തി സ്വന്തം സര്‍ക്കാരിനെ തായ്‌പേയി ജനങ്ങള്‍ തിരഞ്ഞെടുക്കുന്നുമുണ്ട്. പതിറ്റാണ്ടുകള്‍ നീണ്ട ഏകാധിപത്യത്തില്‍ നിന്ന് സൈനിക ഭരണത്തില്‍ നിന്നും സ്വതന്ത്ര്യം പ്രഖ്യാപിച്ച രാജ്യമാണ് തായ്വാന്‍. യുഎസ് ആണ് ഇവരെ ഏറ്റവും അധികം പിന്തുണയ്ക്കുന്നത്. ഔദ്യോഗികമായി നയതന്ത്ര ബന്ധമില്ലെങ്കിലും ആയുധങ്ങള്‍ അടക്കം നല്‍കുന്നത് അമേരിക്കയാണ്.