മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്‍റെ മകനും പൗരാവകാശ പ്രവർത്തകനുമായ ഡെക്സ്റ്റർ സ്കോട്ട് കിങ് അന്തരിച്ചു
Mail This Article
അറ്റ്‌ലാന്‍റ∙ കറുത്ത വർഗക്കാരുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടിയ മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്‍റെ മകൻ ഡെക്സ്റ്റർ സ്കോട്ട് കിങ്(62) കലിഫോർണിയയിലെ മാലിബുവിലെ വീട്ടിൽ വച്ച് അന്തരിച്ചു. മാതാപിതാക്കളായ മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്‍റെയും കോറെറ്റ സ്കോട്ട് കിങ്ങിന്‍റെയും പൗരാവകാശ പൈതൃകം സംരക്ഷിക്കുന്നതിനായി ജീവിതത്തിന്‍റെ ഭൂരിഭാഗവും സമർപ്പിച്ച ഡെക്‌സ്റ്റർ സ്കോട്ട് കിങ് പ്രോസ്റ്റേറ്റ് കാൻസർ ബാധിതനായിരുന്നു. അറ്റ്‌ലാന്‍റയിലെ കിങ് സെന്‍റർ ചെയർമാനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഉറക്കുന്നതിനിടെയാണ് മരണം സംഭവിച്ചതെന്ന് ഭാര്യ ലിയ വെബർ കിങ് പ്രസ്താവനയിൽ അറിയിച്ചു. 1968 ഏപ്രിലിൽ ടെനിസിയിലെ മെംഫിസിൽ പണിമുടക്കിയ ശുചീകരണത്തൊഴിലാളികളെ പിന്തുണയ്‌ക്കുന്നതിനിടെ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ കൊല്ലപ്പെടുമ്പോൾ ഡെക്‌സ്റ്ററിന് 7 വയസ്സായിരുന്നു പ്രായം. പിതാവിനെ പോലെ തന്നെ പൗരാവകാശ സംരക്ഷണത്തിന് വേണ്ടി ഡെക്സ്റ്ററും പ്രവർച്ചിരുന്നു.
മാർട്ടിൻ ലൂഥർ കിങ്ങിനെ കൊലപ്പെടുത്തിയതിന് 1969ൽ കുറ്റസമ്മതം നടത്തിയ ജയിംസ് ഏൾ റേ നിരപരാധിയാണെന്ന് താൻ വിശ്വസിക്കുന്നുവെന്ന് പരസ്യമായി പ്രഖ്യാപിച്ചപ്പോൾ ഡെക്സ്റ്റർ കിങ് വാർത്തകളിൽ ഇടം നേടിയിരുന്നു. 1997ൽ നാഷ്‌വില്ലെ ജയിലിൽ വെച്ച് ജയിംസ് ഏൾ റേയെ ഡെക്സ്റ്റർ സന്ദർശിച്ചിരുന്നു.