ഗാർലൻഡിലെ ഇരട്ടക്കൊലപാതകം: പതിനാറുകാരനെ കണ്ടെത്താൻ സഹായം അഭ്യർഥിച്ച് പൊലീസ്
Mail This Article
ടെക്‌സസ് ∙ ഈ മാസം ആദ്യം രണ്ട് പേരെ കൊലപ്പെടുത്തിയെന്ന് കരുതുന്ന 16 കാരനെ പിടികൂടാൻ ഗാർലൻഡ് പൊലീസ് വാറണ്ട് പുറപ്പെടുവിച്ചു. ഡാലസിൽ നിന്നുള്ള 16 കാരനായ അമാൻസിയോ ആന്റൺ നോറിസാനെ കണ്ടെത്താൻ പൊലീസ് സഹായം അഭ്യർഥിച്ചു.
വൈലിയിൽ നിന്നുള്ള 18 കാരനായ അലൻ ഷാവേസിനെയും, 17 കാരനായ റൂബൻ അർസോളയെയും വെടിവച്ചതിന് പിന്നിൽ നോറിസാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. ജനുവരി 14 ന് നോർത്ത് ഗാർലൻഡ് ഹൈസ്കൂളിന് അകലെയുള്ള വെസ്റ്റ് ബക്കിങാം റോഡിൽ വച്ചാണ് ഇരുവർക്കും വെടിയേറ്റത്.
ഗാർലൻഡ് പൊലീസ് ഡിപ്പാർട്ട്‌മെന്റ് പ്രായപൂർത്തിയാകാത്ത ക്രിമിനലുകളെ സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്നത് പതിവില്ലെങ്കിലും, കുറ്റകൃത്യത്തിന്റെ തീവ്രത കണക്കിലെടുത്ത് വിവരങ്ങൾ പുറത്തുവിടാൻ കോടതി അനുമതി നൽകുകയായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 911 എന്ന നമ്പറിൽ വിളിക്കണമെന്ന് ഗാർലൻഡ് പൊലീസ് അറിയിച്ചു.