നൈട്രജൻ വാതകം ഉപയോഗിച്ച് അമേരിക്കയിലെ ആദ്യവധശിക്ഷ അലബാമയിൽ നടപ്പാക്കി
Mail This Article
അലബാമ ∙ അമേരിക്കയിൽ ആദ്യമായി നൈട്രജൻ വാതകം ഉപയോഗിച്ച് വധശിക്ഷ നടപ്പാക്കി. അലബാമയിൽ കെന്നത്ത് സ്മിത്തിനെയാണ്(58) നൈട്രജൻ വാതകം ഉപയോഗിച്ച് വധിച്ചത്. യുഎസ് സുപ്രീം കോടതി ഉൾപ്പെടെ നിരവധി കോടതികളിലേക്ക് അവസാന നിമിഷം നൽകിയ അപ്പീലുകൾ തള്ളിയതിനെ തുടർന്ന് അലബാമ ഡിപ്പാർട്ട്‌മെന്റ് ഓഫ് കറക്ഷൻ ശിക്ഷ നടപ്പാക്കിയത്.
ഏകദേശം 15 മിനിറ്റോളം നൈട്രജൻ വാതകം കെന്നത്തിന് നേരെ പ്രയോഗിച്ചു. മുഖംമൂടിയിലൂടെയാണ് വാതകം പ്രയോഗിച്ചത്. പത്ത് മിനിറ്റോളം കെന്നത്ത് സ്മിത്ത് ബോധാവസ്ഥയിലായിരുന്നുവെന്ന് സംഭവത്തിന് ദൃക്‌സാക്ഷികളായ മാധ്യമപ്രവർത്തകർ പറഞ്ഞു. 1988ൽ കെന്നത്ത് സ്മിത്തും കൂട്ടാളികളും ചേർന്ന് ഒരു പ്രസംഗകന്റെ ഭാര്യയെ കൊല്ലപ്പെടുത്തിയിരുന്നു. 10 തവണ കുത്തിയാണ് പ്രതികൾ കൃത്യം നിർവഹിച്ചത്. മോഷണമായിരുന്നു ലക്ഷ്യമെന്നും കോടതി കണ്ടെത്തിയതിനെ തുടർന്നാണ് കെന്നത്തിന് കോടതി വധശിക്ഷ വിധിച്ചത്
തടവുകാരെ വധിക്കാൻ നൈട്രജൻ വാതകം ഉപയോഗിക്കാൻ അനുമതി നൽകിയ മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നാണ് അലബാമ. ഓക്‌ലഹോമ, മിസിസിപ്പി എന്നിവയാണ് അമേരിക്കയിൽ പ്രതികളെ വധിക്കാൻ നൈട്രജൻ വാതകം ഉപയോഗിക്കാൻ അനുമതി നൽകിയിരുന്ന മറ്റ് രണ്ട് സംസ്ഥാനങ്ങൾ