വിൻസ് മക്‌മഹോണിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഡബ്ല്യുഡബ്ല്യുഇ മുൻ ജീവനക്കാരി
Mail This Article
കനക്‌ടികട്ട്∙ വേൾഡ് റെസ്‌ലിങ് എന്‍റർടൈൻമെന്‍റിലെ (ഡബ്ല്യുഡബ്ല്യുഇ) മുൻ ജീവനക്കാരി, കമ്പനിയുടെ സഹസ്ഥാപകനും ദീർഘകാലം ചെയർമാനുമായിരുന്ന വിൻസ് മക്‌മഹോണിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്. ലൈംഗിക കടത്ത്, ലൈംഗികാതിക്രമം തുടങ്ങിയവ ആരോപിച്ച് യുഎസിലെ കനക്‌ടികട്ടിൽ ജാനൽ ഗ്രാന്‍റ് കേസ് ഫയൽ ചെയ്തു. ഡബ്ല്യുഡബ്ല്യുഇയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായിരിക്കെ (സിഇഒ) മക്‌മഹോൺ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്‌തു. മുൻ ഡബ്ല്യുഡബ്ല്യുഇ ചെയർമാനിൽ നിന്ന് തനിക്ക് മാനസിക പീഡനവും ശാരീരിക പീഡനവും നേരിടേണ്ടി വന്നതായി പരാതിക്കാരി ആരോപിക്കുന്നു.
2019 ജൂൺ മുതൽ 2022 മാർച്ച് വരെ ഡബ്ല്യുഡബ്ല്യുഇയിൽ ജോലി ചെയ്തിരുന്ന ആളാണ് പരാതിക്കാരി. 2019 മാർച്ചിൽ യുവതിയെ പരിചയപ്പെട്ട മക്‌മഹോൺ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തിന് സമ്മർദ്ദം ചെലുത്തി. കമ്പനി റിക്രൂട്ട് ചെയ്യുന്ന പുതിയ പുരുഷ ഗുസ്തിക്കാരുമായി ശാരീരക ബന്ധത്തിനും തന്നെ മക്‌മഹോൺ നിർബന്ധിച്ചുവെന്നും പരാതിക്കാരി ആരോപിക്കുന്നു. മക്‌മഹോണിന്‍റെ ഭാര്യ ലിൻഡ മക്‌മഹോൺ ഈ ബന്ധം കണ്ടെത്തിയതിനെ തുടർന്നാണ് തന്നെ പുറത്താക്കിയതെന്ന് ജാനൽ ഗ്രാന്‍റ് പറഞ്ഞു. 3 മില്യൻ ഡോളറിന് പകരമായി കാര്യങ്ങൾ രഹസ്യമായി സൂക്ഷിക്കാനുള്ള കരാറിൽ ഒപ്പിടാൻ തന്നെ സമ്മർദ്ദം ചെലുത്തിയതായും പരാതിക്കാരി ആരോപിക്കുന്നു.
അതേസമയം, മക്‌മഹോണിന്‍റെ വക്താവ് ആരോപണങ്ങൾ നിഷേധിച്ചു. ഈ വ്യവഹാരം നുണകളാൽ നിറഞ്ഞതാണ്. സത്യത്തെ വളച്ചൊടിക്കുന്നതാണെന്നും വക്താവ് പറഞ്ഞു. മക്‌മഹോണിനും ലോറിനൈറ്റിസും ലൈംഗിക ദുരുപയോഗം ആരോപണ വിധേയരായതിനെ തുടർന്നാണ് 2022 ജൂലൈയിൽ ഡബ്ല്യുഡബ്ല്യുഇയുടെ ചെയർമാനും സിഇഒയും എന്ന നിലയിലുള്ള പദവികളിൽ നിന്ന് മക്‌മഹോൺ വിരമിച്ചതെന്നും ശ്രദ്ധേയമാണ്.